Monday, August 4, 2008

ഫര്‍ഹാന്‍: തര്‍ജ്ജനി ഓഗസ്റ്റ്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

1.

ജീവിച്ചിരിക്കും എന്ന് ഞാന്‍ വിചാരിച്ചിട്ടും ഫര്‍ഹാന്‍ മരിച്ചു. അയാള്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് കരുതാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.

2.

ഇങ്ങനെ ഒന്നും തോന്നുന്നില്ല എന്നു വിചാരിച്ചു കിടക്കുമ്പോള്‍ തോന്നലുകള്‍ക്കു തന്നെ ഒരു ഭാരക്കുറവുണ്ടാകും. ഫര്‍ഹാന്‍റെ ശബ്ദം ക്ഷീണിച്ചിരുന്നു.

തനിക്ക് രോഗമൊന്നുമില്ലാ എന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു രോഗി ചെയ്യുന്ന ചാപല്യങ്ങളെല്ലാം അയാള്‍ ചെയ്തു കൊണ്ടിരുന്നു.

ഒരു മാസ്സീവ് സ്ട്രോക്കില്‍ നിന്നും കഷ്ടിച്ചാണ്‍ നിങ്ങള്‍ രക്ഷപെട്ടത്.

ഞാനത് പറഞ്ഞപ്പോള്‍ അടുത്ത് നിന്ന സജദിന്‍‌റെ ശബ്ദമുയര്‍ന്നു.

ഫര്‍ഹാന്‍, എല്ലാം നിങ്ങളുടെ ജീവിതരീതിയുടെ കുഴപ്പമാണ്‌‍.

എന്ത് കുഴപ്പം ഭായ്, അല്‍ള്ളാഹ് എന്‍‌റെ ജീവിതത്തില്‍ നടക്കേണ്ടതെല്ലാം എപ്പോഴേ എഴുതി വച്ചിരിക്കുന്നു.

അതെ, റോയല്‍ യൂണിവേര്‍സിറ്റി ഹോസ്പിറ്റലില്‍ തന്നെ നിങ്ങള്‍ കിടക്കുമെന്നും കാണുമല്ലേ? ഞാന്‍ കളിയാക്കി.

സുമന്‍... ഉറക്കത്തില്‍ ശ്വാസം മുട്ടി, തല പെരുത്ത്, ശരീരം മുഴുവന്‍ കഴച്ച് എഴുന്നേറ്റപ്പോള്‍ ഞാന്‍ നിങ്ങളെയാണാദ്യം വിളിക്കാന്‍ ശ്രമിച്ചത്.

നൈറ്റ്ഷിഫ്‌റ്റ് കഴിഞ്ഞ് വന്ന് ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞു.

ഞാന്‍ മരണത്തെ ശരിക്കും കണ്ടു സുമന്‍. അതിനെന്നെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ ശരീരത്തിനും മനസ്സിനും കനം കൂടി കൂടി വന്നു സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ എന്‍റെ നാടിനെ ഓര്‍ത്തു. എനിക്ക് ബംഗ്ലാദേശില്‍ ചെന്ന് മരിച്ചാല്‍ മതി. എന്‍റെ ബാപ്പയും കുടുംബത്തിലെ മുതിര്‍ന്നവരും വെടി കൊണ്ട് വീണ് മരിച്ച എന്‍റെ നാട്ടില്‍, എന്‍റെ സഹോദരിമാര്‍ മാനഭംഗത്തിനിരയായ ബ്രാഹ്മിന്‍ബാരിയായിലെ തെരുവില്‍, കരഞ്ഞ് കരഞ്ഞ് എന്‍റെ ഉമ്മയ്ക്ക് ശബ്ദം നഷ്ടപ്പെട്ട എന്‍റെ വീട്ടില്‍ വേണം എനിക്ക് മരിക്കാന്‍.

ആര്‍ യൂ സ്റ്റുപ്പിഡ്. നിനക്ക് മറ്റൊന്നും പറയാനില്ലേ? നീയുടനെയൊന്നും മരിക്കില്ല. ഞങ്ങളെയൊക്കെ കുറച്ചു കൂടി ബുദ്ധിമുട്ടിച്ചിട്ടേ നീ പോകൂ. സജദ് ദേഷ്യപ്പെട്ടു.

സജദ് ജനിച്ചത് പാകിസ്ഥാനിലാണെങ്കിലും ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ നിയുക്തമാക്കപ്പെട്ട പാകിസ്ഥാന്‍ പട്ടാളത്തിലെ ഭടനായിരുന്ന പിതാവിനൊപ്പം ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്ന് പിന്നീട് അവിടെ വളരുകയാണുണ്ടായത്.

ഫര്‍ഹാന്‍റെ കണ്ണുകള്‍ അടഞ്ഞു പോകുന്നുണ്ടായിരുന്നു. അയാള്‍ ഉറങ്ങിക്കഴിഞ്ഞാണ്‌‍ ഞങ്ങള്‍ ആശുപത്രി വിട്ടു പോന്നത്.

3.

ബ്രാഹ്മിന്‍ബാരിയയിലെ ഞങ്ങളുടെ വീടിന് മുന്‍പില്‍ നിറയെ പച്ചപ്പും കായ്ഫലവുമുള്ള മരങ്ങളുണ്ട്. അതിനപ്പുറം വലിയ തടാകമാണ്‌‍. നല്ല വെയിലത്തു പോലും ആ തടാകത്തിലെ വെള്ളത്തിനും അവിടുത്തെ കാറ്റിനും നല്ല തണുപ്പാണ്‌. വൈകുന്നേരം സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ നീന്തലും കുളിയും തിമിര്‍പ്പുമായി ആ തടാകത്തില്‍ തന്നെയാണ്‌‍. രാത്രിയില്‍ ഞങ്ങള്‍ ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോകും. തണുത്ത കാറ്റ് കൊണ്ട് ബീഡിയും വലിച്ച് ബോട്ടില്‍ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ മുഴുത്ത മീനിനെ കിട്ടും. അപ്പോള്‍ ഞങ്ങള്‍ പറയും “അഞ്ച് നിമിഷം” എന്ന്; അതായത് ആ മീനിനെ തിന്നു തീര്‍ക്കാന്‍ അഞ്ച് നിമിഷം മതി എന്ന്.

ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് ഇളയച്ഛനും കുടുംബവും ബ്രാഹ്മിന്‍ബാരിയയില്‍ വന്നു താമസം തുടങ്ങിയത്. ഇളയച്ഛന് പന്ത്രണ്ട് വയസ്സുകാരിയായ ഒരു മകളുണ്ട്. ഇളയച്ഛന്‍റെ കൈ പിടിച്ച് തടാകത്തിനപ്പുറം അവള്‍‍ വന്നു നില്‍ക്കും. മിക്കവാറും ഞാനാണ് ബോട്ട് തുഴഞ്ഞ് ചെല്ലുക. അവരെ ബോട്ടില്‍ കയറ്റി തിരിച്ച് ഞാന്‍ ബോട്ട് തുഴയുമ്പോള്‍ കാറ്റില്‍ ഇളകുന്ന ചെമ്പന്‌മുടി ഒതുക്കി അവളെന്നെ നോക്കി ചിരിക്കും. അപ്പോള്‍ ഒരു ട്രൌസര്‍ മാത്രമിട്ടിരിക്കുന്ന എന്‍റെ നഗ്നതയില്‍ ലജ്ജിച്ച് തുഴപ്പാട് മാത്രം നോക്കി ഞാന്‍ തുഴയും.

ഇസ്ലാമിന് നിരക്കാത്ത ജീവിതം നയിക്കുന്നവന്‍ എന്ന്‍ ബാപ്പ വിശേഷിപ്പിക്കുന്ന ഒരു അമ്മാവന്‍ എനിക്കുണ്ട്. ഇളയച്ഛന്‍റെ മകളോട് മാത്രം അയാള്‍ പ്രത്യേകവാത്സല്യം കാണിച്ച് പോന്നിരുന്നു. ഒരു മഴക്കാലത്താണ് ബാപ്പ അമ്മാവനെ തല്ലിയതും കഴുത്തിനു പിടിച്ച് മഴയത്തേക്ക് ഇറക്കി വിട്ടതും. ഉമ്മ അമ്മാവനെ ശാപവചനങ്ങള്‍ കൊണ്ട് മൂടുന്നുണ്ടായിരുന്നു. തുടയില്‍ കൂടി ചോരയൊഴുകുന്ന ഇളയച്ഛന്‍റെ മകളെ എടുത്ത് കൊണ്ട് ബാപ്പ പെരുമഴയത്ത് ആശുപത്രിയിലേക്ക് ഓടി. പുറകെ ഓടിയപ്പോഴാണ് മഴയ്ക്കും ചിലപ്പോഴൊക്കെ ചൂടാണെന്ന് എനിക്കു മനസ്സിലായത്.

4.

സുമന്‍, എന്‍റെ അമ്മ മരിക്കുന്നതിന് തൊട്ടു മുന്‍പ് തന്നെ എനിക്കു മനസ്സിലായിരുന്നു അവര്‍ മരിക്കാന്‍ പോകുകയാണെന്ന്. ഞാന്‍ മറ്റൊരു മുറിയില്‍ ഒറ്റയ്ക്ക് ചെന്നിരുന്നു. എന്‍‌റെ നെഞ്ച് വിങ്ങിക്കൊണ്ടിരുന്നു. അനാഥത്വം പതുക്കെ എന്നെ ഗ്രസിക്കാന്‍ തുടങ്ങി. അപ്പുറത്ത് അമ്മയുടെ മുറിയില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ എന്‍‌റെ കണ്ണില്‍ നിന്നും വന്നില്ല. അമ്മയുടെ സംസ്കാരത്തിനാവശ്യമായ പണം എങ്ങനെ കണ്ടെത്തും എന്നായിരുന്നു എന്‍‌റെ ചിന്ത. വീട്ടിലെ ഏക ആണ്തരി ഞാനായിരുന്നു. പതിനഞ്ചുവയസ്സ് മാത്രമുണ്ടായിരുന്ന എനിക്കന്ന് കരയാന്‍ പോലുമുള്ള വിവേകം നഷ്ടപ്പെട്ടിരുന്നു.

ഫര്‍ഹാന്‍ അധികം സംസാരിക്കാതിരിക്കൂ. നിങ്ങള്‍ക്കിപ്പോള്‍ നല്ലതു പോലെ വിശ്രമം ആവശ്യമാണ്. ഞാന്‍ പറഞ്ഞു.

5.

1971-ന് മുന്‍പ് ഞാന്‍ ജനിക്കാതിരുന്നെങ്കില്‍! ബ്രാഹ്മിന്‍ബാരിയയിലെ കാറ്റിനിപ്പോള്‍ നല്ല ഉഷ്ണമാണ്‌. കറുത്ത നിറമുള്ള പൂഴി നിറഞ്ഞ ആ മണ്ണിലാണ് ബാപ്പ വെടിയേറ്റ് വീണത്. അവിടെ തന്നെയാണ് അമ്മാവന്മാരുടെ ചോര കട്ട പിടിച്ച ശവശരീരങ്ങള്‍ പട്ടാളക്കാര്‍ വലിച്ചിഴച്ച് കൊണ്ട് വന്നിട്ടത്. വീടിന്‍റെ മുറ്റത്ത് നിന്നു തുടങ്ങി തടാകത്തിന്‍റെ വശം ചേര്‍ന്ന് പോകുന്ന തെരുവിലാണ് പരസ്യമായി മാനഭംഗത്തിനിരയാക്കപ്പെട്ട് എന്‍റെ സഹോദരിമാരുടെ ശരീരങ്ങള്‍ വിറങ്ങലിച്ചത്. കരഞ്ഞ് കരഞ്ഞ് ഉമ്മയുടെ ശബ്ദം നഷ്ടപ്പെട്ടത് അവിടെയാണ്.

ഞാന്‍ മരിച്ചത് അവിടെയാണ്.

5.

ഫര്‍ഹാന്‍ മരിച്ചു. അയാള്‍ക്ക് ബംഗ്ലാദേശില്‍ പോകാന്‍ കഴിഞ്ഞില്ല എന്ന് എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല; അല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.