Sunday, September 6, 2009

പുളിമരം

1.

രഘുവും അനിതയും കൂടി കാര്‍ ഇടവഴിയില്‍ ഇട്ടിട്ട് ഒതുക്കു കല്ലുകള്‍ കയറി ചെല്ലുമ്പോള്‍ വല്യപ്പച്ചന്‍ മുറ്റത്തെ പനമ്പില്‍ ഉണക്കാനിട്ട കുരുമുളക് കാലുകള്‍ കൊണ്ട് ചിക്കിയിടുകയായിരുന്നു. പടിപ്പുരയില്‍ മൂന്നാലു കമ്പുകള്‍ കൊണ്ട് ഉണ്ടാക്കിയ തടയെ കാലുകള്‍ പൊക്കി വച്ച് മറി കടന്നു നടക്കുമ്പോഴും അനിതയുടെ കണ്ണുകള്‍ ചുറ്റുമുള്ള പച്ചപ്പിലായിരുന്നു. മുറ്റത്തിന് ചുറ്റുമുള്ള പറമ്പിലെ എല്ലാ മരങ്ങളിലും കുരുമുളകു കൊടികള്‍ പടര്‍ന്നു കയറി നില്‍ക്കുന്നു. ഒരു മാവില്‍ കൂടി ഒരു അണ്ണാന്‍ ചിലച്ചു കൊണ്ട് കയറി പോകുന്നത് കണ്ടപ്പോള്‍ കൌതുകത്തോടെ അനിത രഘുവിന്‍‌റെ കൈയില്‍ മുറുക്കിപ്പിടിച്ചു. അടുത്തു ചെന്നു വല്യപ്പച്ചാ എന്ന് രഘു വിളിച്ചപ്പോഴാണ് വൃദ്ധന്‍ തലയുയര്‍ത്തി നോക്കിയത്. സന്തോഷം കൊണ്ട് അയാളുടെ മുഖം നിറഞ്ഞു.

ആ‍രാത്? എപ്പാടാ അവട്ന്ന് തിരിച്ചേ?

മുറ്റത്ത് ചാഞ്ഞു വീഴുന്ന വെയില്‍ ചിരിക്കുന്നുണ്ടെന്ന് അനിതയ്ക്ക് തോന്നി.

വെളുപ്പിനേ ഇറങ്ങീതാണ് വല്യപ്പച്ചാ... രഘു അയാളുടെ കൈ കവര്‍ന്നു.

മോള്‍ക്കോര്‍മ്മേണ്ടോ എന്നെ? ഞാനിവിന്‍‌‌റെ അമ്മേടപ്പനാ... നെങ്ങടെ കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ ഇങ്ങ് പോന്നതിന് ഇവനും ഇവന്‍‌റമ്മേം വല്യപ്പച്ചനോട് കൊറേ വഴക്കൊണ്ടാക്കീതാ. തോളത്ത് കിടന്ന തോര്‍ത്തെടുത്ത് മുഖവും കഴുത്തും തുടച്ചു കൊണ്ട് വല്യപ്പച്ചന്‍ പറഞ്ഞു.

അറിയാം വല്യപ്പച്ചാ... അനിത പുഞ്ചിരിച്ചു.

ങാ ങാ... വാ ആത്തേക്ക് വാ... വല്യപ്പച്ചന്‍ രഘുവിന്‌റെയും അനിതയുടെയും കൈ പിടിച്ചു കൊണ്ട് വീടിനകത്തേയ്ക്ക് നടന്നു.

അനിതയ്ക്ക് ആ വീട് വല്ലാതെ ഇഷ്ടപ്പെട്ടു. ചെങ്കല്ലില്‍ പണി തീര്‍ത്തിരിക്കുന്ന, നിര്‍ലോഭം മര ഉരുപ്പടികള്‍ ഉപയോഗിച്ചിരിക്കുന്ന, വിശാലമായ വരാന്തയും, തളവും നിറയെ തണുപ്പുമുള്ള ഓടിട്ടിരിക്കുന്ന പഴയ മാതൃകയിലുള്ള ഒരു വലിയ വീട്.

എന്തേണ്ടാ അവള് വരാഞ്ഞേ? രഘുവിന്‍‌റെ അമ്മയെപ്പറ്റിയാണ് വല്യപ്പച്ചന്‍ ചോദിക്കുന്നത്.

അമ്മയ്ക്ക് കാലിന് വേദന... വാതത്തിന്‍‌റെ. രഘു പറഞ്ഞു.

ങാ എന്നിട്ടിപ്പോ എങ്ങനെണ്ട് അവക്ക്? അവളോട് ഞാന്‍ പറഞ്ഞതാ ഇവ്ടെ കൊറച്ചീസം വന്നിക്ക്, ഞാങ്കൊറച്ച് മരന്നൊക്കെ ഒണ്ടാക്കി കൊടക്കാന്ന്. എവെടെ? അവള് കേക്കേണ്ടേ? വല്യപ്പച്ചന്‍ പരിഭവം പറഞ്ഞു കൊണ്ട് ഒരു മുറിയുടെ വാതില്‍ തുറന്നു.

വല്യപ്പച്ചന് മരുന്നൊക്കെ ഉണ്ടാക്കാനറിയാമോ? എന്തു മരുന്നാ ഉണ്ടാക്കുന്നെ? അനിത ചോദിച്ചു.

മരന്നോ? പച്ചമരന്നാ മോളേ... ഇപ്പോ അങ്ങനെ ഒണ്ടാക്കാറില്ല... പണ്ടേക്കെ ഒരു പാട് ഒണ്ടാക്കാര്‍ന്നു.

വല്യപ്പച്ചന്‍ ഇന്നാട്ടിലെ പേരു കേട്ട വൈദ്യരായിരുന്നു പെണ്ണേ. മുറിയിലേക്ക് കയറുമ്പോള്‍ രഘു അനിതയോട് രഹസ്യം പോലെ പറഞ്ഞു.

വെശക്കണില്ലേ പിള്ളേരേ നിങ്ങക്ക്? ഞാനാ ദാക്ഷായണിയോട് ചോറെടുത്തു വയ്ക്കാന്‍ പറയാം.

വേണ്ട വല്യപ്പച്ചാ. വരുന്ന വഴി ഉച്ചയ്ക്ക് ഞങ്ങള്‍ ഹോട്ടലീന്ന് ചോറുണ്ടിട്ടാ വരുന്നെ... ഇപ്പോ കാര്യായിട്ട് വെശക്കണില്ല. രഘു പറഞ്ഞു.

അനിത മുറിയാകെ കണ്ണോടിച്ചു. ഇരുണ്ട നിറത്തിലുള്ള മരപ്പലകകള്‍ പാകിയ ഭിത്തികളുള്ള വിശാലമായ ഒരു മുറി. പുറത്തേക്ക് തുറക്കുന്ന ഇരുമ്പഴികള്‍ ഉള്ള തടി കൊണ്ടുണ്ടാക്കിയ ഒരു ഇരട്ടപ്പാളി ജനല്‍ . ഒരു മൂലയ്ക്ക് ഒരു കട്ടിലും കിടയ്ക്കയും. മുറിയുടെ ഒത്ത നടുക്ക് ഒരു ഊഞ്ഞാല്‍ക്കട്ടില്‍. അനിത കൌതുകത്തോടെ അതില്‍ ഇരുന്നു.

അതിവന്‍‌റെ അമ്മയ്ക്ക് വേണ്ടീണ്ടാക്കിയതാ... അവള് കുഞ്ഞാരിന്നപ്പം ഒരു കേറിക്കൂടലിന് എന്‍‌റേരു ബന്ധു വീട്ടില്‍ ചെന്നപ്പം അവടെ ഒരു ഊഞ്ഞാല്‍ക്കട്ടില് കണ്ട് അതേ പടി ഒരെണ്ണം ഇവടേം വേണമെന്ന് പറഞ്ഞ് ഒരേ വാശി. തിരിച്ച് വന്ന ഒടനെ ആശാരീനെ വിളിച്ച് മരം മുറിച്ച് കഴിഞ്ഞാ അവളടങ്ങിയെ. പിന്നെയെന്നും ഞാനും ഇവന്‍‌റെ വല്യമ്മച്ചീം കൂടെ കട്ടിലില്‍ കെടക്കുമ്പോ അവള് ആ ഊഞ്ഞാല്‍ കട്ടിലില്‍ കെടക്കും. അവടെ കല്യാണം കഴിഞ്ഞപ്പോ ഞാനും കുഞ്ഞീരീം മാത്രായി ഈ മുറീല്‍. പിന്നെ കുഞ്ഞീരീം പോയപ്പോ എനിക്കീ മുറീലൊറ്റയ്ക്ക് കിടക്കാന്‍ മേലാണ്ടായി. ഇപ്പോ രാത്രീല് വീട് പൂട്ടീട്ട് ഞാന്‍ തിണ്ണേല് കെടന്നൊറങ്ങും. പകല് അപ്പറത്തെ വീട്ടിലെ ദാക്ഷായണി വന്ന് വച്ചൊണ്ടാക്കൊന്നോണ്ട് അന്നത്തിന് മുട്ടില്ല.

വൃദ്ധന്‍‌റെ കണ്ണില്‍ ഒരു മങ്ങല്‍ അനിത കണ്ടു.

എനിക്കൊരു കാപ്പി വേണോല്ലോ വല്യപ്പച്ചാ. രഘു പറഞ്ഞു.

വാ വാ. പെട്ടെന്ന് വേഷമൊക്കെ മാറീട്ട് വാ. ഞാന്‍ ദാക്ഷായണിയോട് കാപ്പീടെത്തു വയ്ക്കാന്‍ പറയാം. വല്യപ്പച്ചന്‍ പുറത്തേയ്ക്ക് പോയി.

വല്യപ്പച്ചന് ഇവിടിങ്ങനെ ഒറ്റയ്ക്ക് കഴിയാണ്ട് നമ്മടെ കൂടെ വന്നു നിന്നൂടേ? വാതില്‍ അടച്ചിട്ട് വസ്ത്രം മാറുന്നതിനിടയില്‍ അനിത ചോദിച്ചു.

പഴയ മനുഷ്യരല്ലേ... ജനിച്ചു വളര്‍ന്ന ഈ വീടും നാടും കൃഷിയുമൊക്കെ ഇട്ടിട്ട് ടൌണില്‍ വന്ന് താമസിക്കാന്‍ വയ്യെന്നാ വല്യപ്പച്ചന്‍ പറേന്നേ. വല്യപ്പച്ചന്‍‌റെ ഇഷ്ടം. ഞാനുമമ്മേം പിന്നെ നിര്‍ബന്ധിക്കാന്‍ പോയില്ല. കൈലി ഉടുക്കുന്നതിനിടയില്‍ രഘു പറഞ്ഞു.

2.

എന്നാ നിങ്ങള് ശകലം നേരം മയങ്ങിക്കോ. യാത്രേടെ ക്ഷീണം കാണില്ലേ. ഞാ‍നാ സമയത്ത് തൊടീല് വരെ ഇറങ്ങീട്ട് വരാം. കാപ്പി കുടിച്ച് കഴിഞ്ഞപ്പോള്‍ വല്യപ്പച്ചന്‍ പറഞ്ഞു.

ഞങ്ങളും വരാം വല്യപ്പച്ചാ. അനിത പറഞ്ഞു.

ക്ഷീണമൊന്നും കാര്യായിട്ടില്ല വല്യപ്പച്ചാ. അയ്യത്തൊക്കെ ഒന്നു ചുറ്റിക്കാണുമ്പോള്‍ ക്ഷീണമൊക്കെ മാറില്ലേ. രഘു അനിതയെ പിന്‍‌താങ്ങി.

വീടിന് പിന്നില്‍ ഒരു ആലയുണ്ടായിരുന്നു. അതിനോട് ചേര്‍ന്ന് ഒരു ചായ്പ്പും. അതു വഴി കടന്നു പോകുമ്പോള്‍ ആലയില്‍ കുടമണികള്‍ കിലുങ്ങി.

ഇവിടെ പശുവുണ്ടോ? അനിത ചോദിച്ചു.

ഉണ്ടോന്നോ? കുഞ്ഞീരിണ്ടാരുന്നപ്പോ എപ്പഴും മൂന്നാലു പശുക്കളെങ്കിലും കാണും. ഇപ്പോ പേരിനൊരെണ്ണവും അതിന്‍‌റെ ക്ടാവും മാത്രേള്ളൂ. വല്യപ്പച്ചന്‍ പറഞ്ഞു.

ഹായ് പശുക്ക്ടാവോ? എനിക്കൊന്നു കാണാവോ വല്യപ്പച്ചാ? അനിത ചോദിച്ചു.

അതിനെന്താ... വാ... വല്യച്ചന്‍ അവരെ കൂട്ടിക്കൊണ്ട് ആലയ്ക്കകത്തേയ്ക്ക് കയറി.

അമ്മപ്പശുവിന്‍‌റെ അകിടില്‍ മുട്ടിക്കൊണ്ട് നില്‍ക്കുന്ന ക്ടാവും അതിന്‍‌റെ പുറത്ത് മുഖമിട്ടുരയ്ക്കുന്ന കറുമ്പി അമ്മപ്പശുവും. ഒറ്റ നോട്ടത്തില്‍ തന്നെ അനിതയ്ക്ക് ആ ദൃശ്യം ഇഷ്ടമായി.

ഇവിടേണ്ടാരുന്ന പുളിമരമെവിടെ വല്യപ്പച്ചാ? രഘു ആലയുടെ പുറകു വശത്തു നില്‍ക്കുന്ന മരക്കുറ്റിയില്‍ വിരല്‍ ചൂണ്ടി.

അതോ... കഴിഞ്ഞ കര്‍ക്കിടകത്തിന് അതിന്‍‌റെ വല്യ കൊമ്പൊന്നു പൊട്ടി ആലേടെ മീതേക്ക് വീണു. ഈ കറമ്പിപ്പശു ഇവനെ പെറ്റു കെടക്കണ നേരമാ... ഭാഗ്യത്തിനാ ദേഹത്ത് വീഴാതെ രക്ഷപെട്ടെ. പിറ്റേന്ന് തന്നെ ഞാനതങ്ങ് വെട്ടിച്ചു. വല്യപ്പച്ചന്‍ പറഞ്ഞു.

വേണ്ടാരുന്നു. തൊടിയില്‍ കൂടി അനിതയുടെ കൈ പിടിച്ച് വല്യപ്പച്ചനെ പിന്തുടരുമ്പോള്‍ രഘു വല്ലായ്മയോടെ പറഞ്ഞു.

എന്ത്? അനിത രഘുവിന്‍‌റെ മുഖത്തേക്ക് നോക്കി.

അല്ലാ ആ പുളിമരം വെട്ടണ്ടായിരുന്നു. പണ്ട് ഞാന്‍ കുഞ്ഞാരുന്നപ്പോ അടുക്കളപ്പണിക്കെടയ്ക്ക് അമ്മേം വല്യമ്മച്ചീം കൂടെ ആ പുളിമരത്തില്‍ ഒരു തൊട്ടില്‍ കെട്ടി എന്നെ ഉറക്കുമായിരുന്നെന്നാ പറേന്നെ. ഞാന്‍ ഉറങ്ങിക്കഴീമ്പം അവര് തിരിച്ച് അടുക്കളേ ചെന്ന് ജോലിയെല്ലാം തീര്‍ക്കും. അന്നീ പുളിമരം ചെറുതാ. എന്‍‌റൊപ്പം തന്നെയാ അതും വളര്‍ന്നേ. രഘുവിന്‍‌റെ മുഖത്ത് വിഷാദം തിങ്ങി.
മാത്രല്ല, തെക്കേ പുളിമരത്തില്‍ ഇരുമ്പു തൊട്ടാ ദോഷമാണെന്നാ നാട്ടുചൊല്ല്. രഘു പറഞ്ഞു.

സാരമില്ല പോട്ടെ. അനിത രഘുവിന്‍‌റെ കൈത്തണ്ടയില്‍ മുറുകെപ്പിടിച്ചു.

വീടിന് താഴെ മൂന്ന് തട്ടായിട്ടാണ് തൊടി. ആദ്യത്തേതിലും രണ്ടാമത്തേതിലും നിറയെ ചേമ്പും ചേനയും ഇഞ്ചിയുമെല്ലാം കൃഷി ചെയ്തിരിക്കുന്നു. താഴത്തെ തൊടി നിറയെ കപ്പയാണ് നിറഞ്ഞു നില്‍ക്കുന്നത്. എല്ലാത്തിന്‍‌റെയും അതിരുകളില്‍ നിറയെ ധാരാളം മാവും പ്ലാവും നിറഞ്ഞു നില്‍ക്കുന്നു. താഴത്തെ തൊടിയ്ക്കപ്പുറം അങ്ങു ദൂരെ വര പരന്നു കിടക്കുന്ന നെല്‍പ്പാടം ആണ്. അതിനുമപ്പുറം ഒരു നിറഞ്ഞൊഴുകുന്ന ഒരു പുഴയാണെന്ന് രഘു അവള്‍ക്ക് പറഞ്ഞു കൊടുത്തു.

താഴത്തെ പറമ്പിന്‍‌റെ അതിരിലെ വേലി കെട്ടി ഉറപ്പിക്കുന്നതിനിടയ്ക്ക് വല്യപ്പച്ചന്‍ ഉറക്കെ ഒന്നു കൂവി.

ഹോയ്...

എല്ലാം സാകൂതം കണ്ടു കൊണ്ടിരുന്ന അനിത ഞെട്ടിപ്പോയി.

ഹോയ്... ഒരു മറുകൂക്ക് കേട്ടു. അപ്പോഴാണ് പാടത്തിന്‍‌റെ നടുവരമ്പില്‍ കൂടി ഒരു ഒറ്റാലും വലയുമായി നടന്നു വരുന്ന ഒരാളെ അനിത കണ്ടത്.

മൂന്നാലോര്‍ക്കൊള്ള മീനൊണ്ടോ അരവ്യേ... വല്യപ്പച്ചന്‍ ഉറക്കെ വിളിച്ചു ചോദിച്ചു.

ഒണ്ടേ... ബ്രാലാന്നേ വൈദ്യരേ... മറുപടി പാടശേഖരത്തിന് മീതെ മുഴങ്ങി.

ങാ... വീട്ടില് ദാക്ഷായണീരടുത്ത് കൊണ്ടോയി കൊടുത്തേര്. നെന്നെ ഞാന്‍ വൈകുന്നേരം വന്ന് കണ്ടോളാം. വല്യപ്പച്ചന്‍ ഉറക്കെ തിരിച്ചു പറഞ്ഞു.

അയാളുടെ “ഓ...” എന്ന ശബ്ദത്തിനൊപ്പം പാടത്തു കൂടി ഒരു മഴയിരച്ചു വരുന്നത് അനിത കണ്ടു.

3.

എന്നാ നിങ്ങള് കെടന്നോ മക്കളേ. നാളെ വെളുപ്പിനെ തന്നെ പോണമെന്നല്ലേ പറഞ്ഞേ. രാത്രിയില്‍ ഊണ് കഴിഞ്ഞപ്പൊള്‍ വല്യപ്പച്ചന്‍ പറഞ്ഞു.

വല്യപ്പച്ചനെവിടാ കിടക്കുന്നെ? അനിത ചോദിച്ചു.

ഞാനാ തിണ്ണേലോ തളത്തിലോ കെടന്നോളാം മോളേ. ഇപ്പോ അതാ ശീലം. പോരാത്തേന് നല്ല കാറ്റും കിട്ടും. വല്യപ്പച്ചന്‍ പറഞ്ഞു.

വാതിലടച്ചിട്ട് അനിത രഘുവിനെ പിടിച്ച് ഊഞ്ഞാല്‍ കട്ടിലില്‍ പിടിച്ചു കിടത്തി. എന്നിട്ടയാളെ കെട്ടിപ്പിടിച്ച് കിടന്നു.

കിടപ്പറയില്‍ രഘു മാന്യനായ ചെറുപ്പക്കാരനായിരുന്നു. അനിതയില്‍ നിന്നും ആംഗികമൊ വാചികമോ ആയ സമ്മതം ലഭിച്ചതിനു ശേഷം മാത്രം അയാള്‍ അവളുടെ സാരിത്തുമ്പില്‍ സ്പര്‍ശിച്ചു.

അനിതയുടെ പുതിയ ശരീരം രഘുവിന്‍‌റെ സ്പര്‍ശത്തില്‍ പെട്ടെന്ന് പ്രതികരിക്കാന്‍ തുടങ്ങി.

മച്ചിന് മുകളില്‍ ഓടിന് മീതെ കല്ലെടുത്തെറിയുന്നത് പോലെ മഴ പെയ്യുന്നുണ്ടായിരുന്നു.

4.

ഒരു കരച്ചില്‍ കേട്ടാണ് രഘു ഉറക്കത്തില്‍ നിന്നും അന്ധാളിപ്പോടെ കണ്ണു തുറന്നത്. ഊഞ്ഞാല്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കാല്‍മുട്ടില്‍ മുഖം പൂഴ്ത്തി വച്ച് കരയുന്നത് അനിതയാണെന്ന് മനസ്സിലാക്കാന്‍ രഘുവിന് ഒരു നിമിഷമെടുക്കേണ്ടി വന്നു.

എന്താ പെണ്ണേ എന്തു പറ്റി? രഘു ചാടിയെഴുന്നേറ്റ് അനിതയുടെ തോളില്‍ പിടിച്ചു കുലുക്കി.

എന്‍‌റെ കുഞ്ഞ് എന്‍‌റെ കുഞ്ഞ്... എന്നു പറഞ്ഞ് രഘുവിന്‍‌റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് അനിത വിതുമ്പാന്‍ തുടങ്ങി.

കുഞ്ഞോ? രഘുവിനൊന്നും മനസ്സിലായില്ല.

പുളിമരത്തിന്‍‌റെ കൊമ്പില് കെട്ടീരിക്കുന്ന തൊട്ടില് ഞാന്‍ ചെന്നു നോക്കീപ്പോ ആടണണ്ട്. ചെന്നു നോക്കീപ്പം തൊട്ടിലില് നമ്മടെ കുഞ്ഞിനെ കാണണില്ല. അനിത കരഞ്ഞു.

അനിത പറയുന്നത് അവള്‍ കണ്ട സ്വപ്നമാണെന്ന് മനസ്സിലാക്കാന്‍ രഘുവിന് ഒരു നിമിഷം കൂടി വേണ്ടി വന്നു.
പാവം പെണ്ണ് എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അനിതയെ ചേര്‍ത്തിരുത്തു തോളില്‍ തലോടി “പോട്ടെ സാരമില്ല... സാരമില്ല” എന്നു പറഞ്ഞാശ്വസിപ്പിക്കുമ്പോള്‍ എന്തു കൊണ്ടോ രഘുവിന്‌റെ കണ്ണുകളും നിറഞ്ഞിരുന്നു.