Sunday, September 6, 2009

പുളിമരം

1.

രഘുവും അനിതയും കൂടി കാര്‍ ഇടവഴിയില്‍ ഇട്ടിട്ട് ഒതുക്കു കല്ലുകള്‍ കയറി ചെല്ലുമ്പോള്‍ വല്യപ്പച്ചന്‍ മുറ്റത്തെ പനമ്പില്‍ ഉണക്കാനിട്ട കുരുമുളക് കാലുകള്‍ കൊണ്ട് ചിക്കിയിടുകയായിരുന്നു. പടിപ്പുരയില്‍ മൂന്നാലു കമ്പുകള്‍ കൊണ്ട് ഉണ്ടാക്കിയ തടയെ കാലുകള്‍ പൊക്കി വച്ച് മറി കടന്നു നടക്കുമ്പോഴും അനിതയുടെ കണ്ണുകള്‍ ചുറ്റുമുള്ള പച്ചപ്പിലായിരുന്നു. മുറ്റത്തിന് ചുറ്റുമുള്ള പറമ്പിലെ എല്ലാ മരങ്ങളിലും കുരുമുളകു കൊടികള്‍ പടര്‍ന്നു കയറി നില്‍ക്കുന്നു. ഒരു മാവില്‍ കൂടി ഒരു അണ്ണാന്‍ ചിലച്ചു കൊണ്ട് കയറി പോകുന്നത് കണ്ടപ്പോള്‍ കൌതുകത്തോടെ അനിത രഘുവിന്‍‌റെ കൈയില്‍ മുറുക്കിപ്പിടിച്ചു. അടുത്തു ചെന്നു വല്യപ്പച്ചാ എന്ന് രഘു വിളിച്ചപ്പോഴാണ് വൃദ്ധന്‍ തലയുയര്‍ത്തി നോക്കിയത്. സന്തോഷം കൊണ്ട് അയാളുടെ മുഖം നിറഞ്ഞു.

ആ‍രാത്? എപ്പാടാ അവട്ന്ന് തിരിച്ചേ?

മുറ്റത്ത് ചാഞ്ഞു വീഴുന്ന വെയില്‍ ചിരിക്കുന്നുണ്ടെന്ന് അനിതയ്ക്ക് തോന്നി.

വെളുപ്പിനേ ഇറങ്ങീതാണ് വല്യപ്പച്ചാ... രഘു അയാളുടെ കൈ കവര്‍ന്നു.

മോള്‍ക്കോര്‍മ്മേണ്ടോ എന്നെ? ഞാനിവിന്‍‌‌റെ അമ്മേടപ്പനാ... നെങ്ങടെ കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ ഇങ്ങ് പോന്നതിന് ഇവനും ഇവന്‍‌റമ്മേം വല്യപ്പച്ചനോട് കൊറേ വഴക്കൊണ്ടാക്കീതാ. തോളത്ത് കിടന്ന തോര്‍ത്തെടുത്ത് മുഖവും കഴുത്തും തുടച്ചു കൊണ്ട് വല്യപ്പച്ചന്‍ പറഞ്ഞു.

അറിയാം വല്യപ്പച്ചാ... അനിത പുഞ്ചിരിച്ചു.

ങാ ങാ... വാ ആത്തേക്ക് വാ... വല്യപ്പച്ചന്‍ രഘുവിന്‌റെയും അനിതയുടെയും കൈ പിടിച്ചു കൊണ്ട് വീടിനകത്തേയ്ക്ക് നടന്നു.

അനിതയ്ക്ക് ആ വീട് വല്ലാതെ ഇഷ്ടപ്പെട്ടു. ചെങ്കല്ലില്‍ പണി തീര്‍ത്തിരിക്കുന്ന, നിര്‍ലോഭം മര ഉരുപ്പടികള്‍ ഉപയോഗിച്ചിരിക്കുന്ന, വിശാലമായ വരാന്തയും, തളവും നിറയെ തണുപ്പുമുള്ള ഓടിട്ടിരിക്കുന്ന പഴയ മാതൃകയിലുള്ള ഒരു വലിയ വീട്.

എന്തേണ്ടാ അവള് വരാഞ്ഞേ? രഘുവിന്‍‌റെ അമ്മയെപ്പറ്റിയാണ് വല്യപ്പച്ചന്‍ ചോദിക്കുന്നത്.

അമ്മയ്ക്ക് കാലിന് വേദന... വാതത്തിന്‍‌റെ. രഘു പറഞ്ഞു.

ങാ എന്നിട്ടിപ്പോ എങ്ങനെണ്ട് അവക്ക്? അവളോട് ഞാന്‍ പറഞ്ഞതാ ഇവ്ടെ കൊറച്ചീസം വന്നിക്ക്, ഞാങ്കൊറച്ച് മരന്നൊക്കെ ഒണ്ടാക്കി കൊടക്കാന്ന്. എവെടെ? അവള് കേക്കേണ്ടേ? വല്യപ്പച്ചന്‍ പരിഭവം പറഞ്ഞു കൊണ്ട് ഒരു മുറിയുടെ വാതില്‍ തുറന്നു.

വല്യപ്പച്ചന് മരുന്നൊക്കെ ഉണ്ടാക്കാനറിയാമോ? എന്തു മരുന്നാ ഉണ്ടാക്കുന്നെ? അനിത ചോദിച്ചു.

മരന്നോ? പച്ചമരന്നാ മോളേ... ഇപ്പോ അങ്ങനെ ഒണ്ടാക്കാറില്ല... പണ്ടേക്കെ ഒരു പാട് ഒണ്ടാക്കാര്‍ന്നു.

വല്യപ്പച്ചന്‍ ഇന്നാട്ടിലെ പേരു കേട്ട വൈദ്യരായിരുന്നു പെണ്ണേ. മുറിയിലേക്ക് കയറുമ്പോള്‍ രഘു അനിതയോട് രഹസ്യം പോലെ പറഞ്ഞു.

വെശക്കണില്ലേ പിള്ളേരേ നിങ്ങക്ക്? ഞാനാ ദാക്ഷായണിയോട് ചോറെടുത്തു വയ്ക്കാന്‍ പറയാം.

വേണ്ട വല്യപ്പച്ചാ. വരുന്ന വഴി ഉച്ചയ്ക്ക് ഞങ്ങള്‍ ഹോട്ടലീന്ന് ചോറുണ്ടിട്ടാ വരുന്നെ... ഇപ്പോ കാര്യായിട്ട് വെശക്കണില്ല. രഘു പറഞ്ഞു.

അനിത മുറിയാകെ കണ്ണോടിച്ചു. ഇരുണ്ട നിറത്തിലുള്ള മരപ്പലകകള്‍ പാകിയ ഭിത്തികളുള്ള വിശാലമായ ഒരു മുറി. പുറത്തേക്ക് തുറക്കുന്ന ഇരുമ്പഴികള്‍ ഉള്ള തടി കൊണ്ടുണ്ടാക്കിയ ഒരു ഇരട്ടപ്പാളി ജനല്‍ . ഒരു മൂലയ്ക്ക് ഒരു കട്ടിലും കിടയ്ക്കയും. മുറിയുടെ ഒത്ത നടുക്ക് ഒരു ഊഞ്ഞാല്‍ക്കട്ടില്‍. അനിത കൌതുകത്തോടെ അതില്‍ ഇരുന്നു.

അതിവന്‍‌റെ അമ്മയ്ക്ക് വേണ്ടീണ്ടാക്കിയതാ... അവള് കുഞ്ഞാരിന്നപ്പം ഒരു കേറിക്കൂടലിന് എന്‍‌റേരു ബന്ധു വീട്ടില്‍ ചെന്നപ്പം അവടെ ഒരു ഊഞ്ഞാല്‍ക്കട്ടില് കണ്ട് അതേ പടി ഒരെണ്ണം ഇവടേം വേണമെന്ന് പറഞ്ഞ് ഒരേ വാശി. തിരിച്ച് വന്ന ഒടനെ ആശാരീനെ വിളിച്ച് മരം മുറിച്ച് കഴിഞ്ഞാ അവളടങ്ങിയെ. പിന്നെയെന്നും ഞാനും ഇവന്‍‌റെ വല്യമ്മച്ചീം കൂടെ കട്ടിലില്‍ കെടക്കുമ്പോ അവള് ആ ഊഞ്ഞാല്‍ കട്ടിലില്‍ കെടക്കും. അവടെ കല്യാണം കഴിഞ്ഞപ്പോ ഞാനും കുഞ്ഞീരീം മാത്രായി ഈ മുറീല്‍. പിന്നെ കുഞ്ഞീരീം പോയപ്പോ എനിക്കീ മുറീലൊറ്റയ്ക്ക് കിടക്കാന്‍ മേലാണ്ടായി. ഇപ്പോ രാത്രീല് വീട് പൂട്ടീട്ട് ഞാന്‍ തിണ്ണേല് കെടന്നൊറങ്ങും. പകല് അപ്പറത്തെ വീട്ടിലെ ദാക്ഷായണി വന്ന് വച്ചൊണ്ടാക്കൊന്നോണ്ട് അന്നത്തിന് മുട്ടില്ല.

വൃദ്ധന്‍‌റെ കണ്ണില്‍ ഒരു മങ്ങല്‍ അനിത കണ്ടു.

എനിക്കൊരു കാപ്പി വേണോല്ലോ വല്യപ്പച്ചാ. രഘു പറഞ്ഞു.

വാ വാ. പെട്ടെന്ന് വേഷമൊക്കെ മാറീട്ട് വാ. ഞാന്‍ ദാക്ഷായണിയോട് കാപ്പീടെത്തു വയ്ക്കാന്‍ പറയാം. വല്യപ്പച്ചന്‍ പുറത്തേയ്ക്ക് പോയി.

വല്യപ്പച്ചന് ഇവിടിങ്ങനെ ഒറ്റയ്ക്ക് കഴിയാണ്ട് നമ്മടെ കൂടെ വന്നു നിന്നൂടേ? വാതില്‍ അടച്ചിട്ട് വസ്ത്രം മാറുന്നതിനിടയില്‍ അനിത ചോദിച്ചു.

പഴയ മനുഷ്യരല്ലേ... ജനിച്ചു വളര്‍ന്ന ഈ വീടും നാടും കൃഷിയുമൊക്കെ ഇട്ടിട്ട് ടൌണില്‍ വന്ന് താമസിക്കാന്‍ വയ്യെന്നാ വല്യപ്പച്ചന്‍ പറേന്നേ. വല്യപ്പച്ചന്‍‌റെ ഇഷ്ടം. ഞാനുമമ്മേം പിന്നെ നിര്‍ബന്ധിക്കാന്‍ പോയില്ല. കൈലി ഉടുക്കുന്നതിനിടയില്‍ രഘു പറഞ്ഞു.

2.

എന്നാ നിങ്ങള് ശകലം നേരം മയങ്ങിക്കോ. യാത്രേടെ ക്ഷീണം കാണില്ലേ. ഞാ‍നാ സമയത്ത് തൊടീല് വരെ ഇറങ്ങീട്ട് വരാം. കാപ്പി കുടിച്ച് കഴിഞ്ഞപ്പോള്‍ വല്യപ്പച്ചന്‍ പറഞ്ഞു.

ഞങ്ങളും വരാം വല്യപ്പച്ചാ. അനിത പറഞ്ഞു.

ക്ഷീണമൊന്നും കാര്യായിട്ടില്ല വല്യപ്പച്ചാ. അയ്യത്തൊക്കെ ഒന്നു ചുറ്റിക്കാണുമ്പോള്‍ ക്ഷീണമൊക്കെ മാറില്ലേ. രഘു അനിതയെ പിന്‍‌താങ്ങി.

വീടിന് പിന്നില്‍ ഒരു ആലയുണ്ടായിരുന്നു. അതിനോട് ചേര്‍ന്ന് ഒരു ചായ്പ്പും. അതു വഴി കടന്നു പോകുമ്പോള്‍ ആലയില്‍ കുടമണികള്‍ കിലുങ്ങി.

ഇവിടെ പശുവുണ്ടോ? അനിത ചോദിച്ചു.

ഉണ്ടോന്നോ? കുഞ്ഞീരിണ്ടാരുന്നപ്പോ എപ്പഴും മൂന്നാലു പശുക്കളെങ്കിലും കാണും. ഇപ്പോ പേരിനൊരെണ്ണവും അതിന്‍‌റെ ക്ടാവും മാത്രേള്ളൂ. വല്യപ്പച്ചന്‍ പറഞ്ഞു.

ഹായ് പശുക്ക്ടാവോ? എനിക്കൊന്നു കാണാവോ വല്യപ്പച്ചാ? അനിത ചോദിച്ചു.

അതിനെന്താ... വാ... വല്യച്ചന്‍ അവരെ കൂട്ടിക്കൊണ്ട് ആലയ്ക്കകത്തേയ്ക്ക് കയറി.

അമ്മപ്പശുവിന്‍‌റെ അകിടില്‍ മുട്ടിക്കൊണ്ട് നില്‍ക്കുന്ന ക്ടാവും അതിന്‍‌റെ പുറത്ത് മുഖമിട്ടുരയ്ക്കുന്ന കറുമ്പി അമ്മപ്പശുവും. ഒറ്റ നോട്ടത്തില്‍ തന്നെ അനിതയ്ക്ക് ആ ദൃശ്യം ഇഷ്ടമായി.

ഇവിടേണ്ടാരുന്ന പുളിമരമെവിടെ വല്യപ്പച്ചാ? രഘു ആലയുടെ പുറകു വശത്തു നില്‍ക്കുന്ന മരക്കുറ്റിയില്‍ വിരല്‍ ചൂണ്ടി.

അതോ... കഴിഞ്ഞ കര്‍ക്കിടകത്തിന് അതിന്‍‌റെ വല്യ കൊമ്പൊന്നു പൊട്ടി ആലേടെ മീതേക്ക് വീണു. ഈ കറമ്പിപ്പശു ഇവനെ പെറ്റു കെടക്കണ നേരമാ... ഭാഗ്യത്തിനാ ദേഹത്ത് വീഴാതെ രക്ഷപെട്ടെ. പിറ്റേന്ന് തന്നെ ഞാനതങ്ങ് വെട്ടിച്ചു. വല്യപ്പച്ചന്‍ പറഞ്ഞു.

വേണ്ടാരുന്നു. തൊടിയില്‍ കൂടി അനിതയുടെ കൈ പിടിച്ച് വല്യപ്പച്ചനെ പിന്തുടരുമ്പോള്‍ രഘു വല്ലായ്മയോടെ പറഞ്ഞു.

എന്ത്? അനിത രഘുവിന്‍‌റെ മുഖത്തേക്ക് നോക്കി.

അല്ലാ ആ പുളിമരം വെട്ടണ്ടായിരുന്നു. പണ്ട് ഞാന്‍ കുഞ്ഞാരുന്നപ്പോ അടുക്കളപ്പണിക്കെടയ്ക്ക് അമ്മേം വല്യമ്മച്ചീം കൂടെ ആ പുളിമരത്തില്‍ ഒരു തൊട്ടില്‍ കെട്ടി എന്നെ ഉറക്കുമായിരുന്നെന്നാ പറേന്നെ. ഞാന്‍ ഉറങ്ങിക്കഴീമ്പം അവര് തിരിച്ച് അടുക്കളേ ചെന്ന് ജോലിയെല്ലാം തീര്‍ക്കും. അന്നീ പുളിമരം ചെറുതാ. എന്‍‌റൊപ്പം തന്നെയാ അതും വളര്‍ന്നേ. രഘുവിന്‍‌റെ മുഖത്ത് വിഷാദം തിങ്ങി.
മാത്രല്ല, തെക്കേ പുളിമരത്തില്‍ ഇരുമ്പു തൊട്ടാ ദോഷമാണെന്നാ നാട്ടുചൊല്ല്. രഘു പറഞ്ഞു.

സാരമില്ല പോട്ടെ. അനിത രഘുവിന്‍‌റെ കൈത്തണ്ടയില്‍ മുറുകെപ്പിടിച്ചു.

വീടിന് താഴെ മൂന്ന് തട്ടായിട്ടാണ് തൊടി. ആദ്യത്തേതിലും രണ്ടാമത്തേതിലും നിറയെ ചേമ്പും ചേനയും ഇഞ്ചിയുമെല്ലാം കൃഷി ചെയ്തിരിക്കുന്നു. താഴത്തെ തൊടി നിറയെ കപ്പയാണ് നിറഞ്ഞു നില്‍ക്കുന്നത്. എല്ലാത്തിന്‍‌റെയും അതിരുകളില്‍ നിറയെ ധാരാളം മാവും പ്ലാവും നിറഞ്ഞു നില്‍ക്കുന്നു. താഴത്തെ തൊടിയ്ക്കപ്പുറം അങ്ങു ദൂരെ വര പരന്നു കിടക്കുന്ന നെല്‍പ്പാടം ആണ്. അതിനുമപ്പുറം ഒരു നിറഞ്ഞൊഴുകുന്ന ഒരു പുഴയാണെന്ന് രഘു അവള്‍ക്ക് പറഞ്ഞു കൊടുത്തു.

താഴത്തെ പറമ്പിന്‍‌റെ അതിരിലെ വേലി കെട്ടി ഉറപ്പിക്കുന്നതിനിടയ്ക്ക് വല്യപ്പച്ചന്‍ ഉറക്കെ ഒന്നു കൂവി.

ഹോയ്...

എല്ലാം സാകൂതം കണ്ടു കൊണ്ടിരുന്ന അനിത ഞെട്ടിപ്പോയി.

ഹോയ്... ഒരു മറുകൂക്ക് കേട്ടു. അപ്പോഴാണ് പാടത്തിന്‍‌റെ നടുവരമ്പില്‍ കൂടി ഒരു ഒറ്റാലും വലയുമായി നടന്നു വരുന്ന ഒരാളെ അനിത കണ്ടത്.

മൂന്നാലോര്‍ക്കൊള്ള മീനൊണ്ടോ അരവ്യേ... വല്യപ്പച്ചന്‍ ഉറക്കെ വിളിച്ചു ചോദിച്ചു.

ഒണ്ടേ... ബ്രാലാന്നേ വൈദ്യരേ... മറുപടി പാടശേഖരത്തിന് മീതെ മുഴങ്ങി.

ങാ... വീട്ടില് ദാക്ഷായണീരടുത്ത് കൊണ്ടോയി കൊടുത്തേര്. നെന്നെ ഞാന്‍ വൈകുന്നേരം വന്ന് കണ്ടോളാം. വല്യപ്പച്ചന്‍ ഉറക്കെ തിരിച്ചു പറഞ്ഞു.

അയാളുടെ “ഓ...” എന്ന ശബ്ദത്തിനൊപ്പം പാടത്തു കൂടി ഒരു മഴയിരച്ചു വരുന്നത് അനിത കണ്ടു.

3.

എന്നാ നിങ്ങള് കെടന്നോ മക്കളേ. നാളെ വെളുപ്പിനെ തന്നെ പോണമെന്നല്ലേ പറഞ്ഞേ. രാത്രിയില്‍ ഊണ് കഴിഞ്ഞപ്പൊള്‍ വല്യപ്പച്ചന്‍ പറഞ്ഞു.

വല്യപ്പച്ചനെവിടാ കിടക്കുന്നെ? അനിത ചോദിച്ചു.

ഞാനാ തിണ്ണേലോ തളത്തിലോ കെടന്നോളാം മോളേ. ഇപ്പോ അതാ ശീലം. പോരാത്തേന് നല്ല കാറ്റും കിട്ടും. വല്യപ്പച്ചന്‍ പറഞ്ഞു.

വാതിലടച്ചിട്ട് അനിത രഘുവിനെ പിടിച്ച് ഊഞ്ഞാല്‍ കട്ടിലില്‍ പിടിച്ചു കിടത്തി. എന്നിട്ടയാളെ കെട്ടിപ്പിടിച്ച് കിടന്നു.

കിടപ്പറയില്‍ രഘു മാന്യനായ ചെറുപ്പക്കാരനായിരുന്നു. അനിതയില്‍ നിന്നും ആംഗികമൊ വാചികമോ ആയ സമ്മതം ലഭിച്ചതിനു ശേഷം മാത്രം അയാള്‍ അവളുടെ സാരിത്തുമ്പില്‍ സ്പര്‍ശിച്ചു.

അനിതയുടെ പുതിയ ശരീരം രഘുവിന്‍‌റെ സ്പര്‍ശത്തില്‍ പെട്ടെന്ന് പ്രതികരിക്കാന്‍ തുടങ്ങി.

മച്ചിന് മുകളില്‍ ഓടിന് മീതെ കല്ലെടുത്തെറിയുന്നത് പോലെ മഴ പെയ്യുന്നുണ്ടായിരുന്നു.

4.

ഒരു കരച്ചില്‍ കേട്ടാണ് രഘു ഉറക്കത്തില്‍ നിന്നും അന്ധാളിപ്പോടെ കണ്ണു തുറന്നത്. ഊഞ്ഞാല്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കാല്‍മുട്ടില്‍ മുഖം പൂഴ്ത്തി വച്ച് കരയുന്നത് അനിതയാണെന്ന് മനസ്സിലാക്കാന്‍ രഘുവിന് ഒരു നിമിഷമെടുക്കേണ്ടി വന്നു.

എന്താ പെണ്ണേ എന്തു പറ്റി? രഘു ചാടിയെഴുന്നേറ്റ് അനിതയുടെ തോളില്‍ പിടിച്ചു കുലുക്കി.

എന്‍‌റെ കുഞ്ഞ് എന്‍‌റെ കുഞ്ഞ്... എന്നു പറഞ്ഞ് രഘുവിന്‍‌റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് അനിത വിതുമ്പാന്‍ തുടങ്ങി.

കുഞ്ഞോ? രഘുവിനൊന്നും മനസ്സിലായില്ല.

പുളിമരത്തിന്‍‌റെ കൊമ്പില് കെട്ടീരിക്കുന്ന തൊട്ടില് ഞാന്‍ ചെന്നു നോക്കീപ്പോ ആടണണ്ട്. ചെന്നു നോക്കീപ്പം തൊട്ടിലില് നമ്മടെ കുഞ്ഞിനെ കാണണില്ല. അനിത കരഞ്ഞു.

അനിത പറയുന്നത് അവള്‍ കണ്ട സ്വപ്നമാണെന്ന് മനസ്സിലാക്കാന്‍ രഘുവിന് ഒരു നിമിഷം കൂടി വേണ്ടി വന്നു.
പാവം പെണ്ണ് എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അനിതയെ ചേര്‍ത്തിരുത്തു തോളില്‍ തലോടി “പോട്ടെ സാരമില്ല... സാരമില്ല” എന്നു പറഞ്ഞാശ്വസിപ്പിക്കുമ്പോള്‍ എന്തു കൊണ്ടോ രഘുവിന്‌റെ കണ്ണുകളും നിറഞ്ഞിരുന്നു.

Saturday, August 29, 2009

അറ്റ് ദ എന്‍‌ഡ് ഓഫ് ദ വേള്‍ഡ്

ക്ലിക്ക്: ഗെയിം റെസ്യൂം.
ഒന്നു നിന്നു തിരിഞ്ഞു ചുറ്റും നോക്കി.
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കൊട്ടാരത്തിന്‍‌റെ ഏതോ ഒരു മുറിയില്‍ ഒരു മൂലക്ക് തോക്കുകള്‍, തോക്ക് നിറയ്ക്കാനുള്ള തിരകള്‍, ഗ്രനേഡ്, പിന്നെ കത്തി. അവിടെയാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
ആയുധധാരിയായി പുറത്തേക്ക് ചെറിയ ഒരു വാതിലില്‍ കൂടി നൂര്‍ന്നു കടന്നപ്പോള്‍ സ്പീക്കറില്‍ നെഞ്ചിടിപ്പ് പോലെ മുഴക്കം തുടങ്ങി. വരുന്നുണ്ടത്.
രണ്ട് റൌണ്ട് റാന്‍ഡം ഷൂട്ട് ചെയ്തു. ഒരു ഭീമന്‍ ആള്‍ക്കുരങ്ങിന്‍‌റെ പുറംഭാഗം ഭിത്തിക്കപ്പുറം തെന്നി മറയുന്നു. അതിനെ ഒന്നു പ്രകോപിപ്പിച്ചുവെന്നു മാത്രം. തിരിച്ച് സുരക്ഷിത സ്ഥാനത്ത് വന്നു നിന്നു.
ക്ലിക്ക്: ഗെയിം പോസ്.

ലാപ്ടോപ്പിനടുത്ത് കൌതുകത്തോടെ മീശ വിറപ്പിച്ച് ജെറി ഇരിക്കുന്നു. വിരലൊന്ന് കാണിച്ചപ്പോള്‍ അത് പെട്ടെന്ന് നഖങ്ങള്‍ നീട്ടി കൈ വീശി.
യൂ ജസ്‌റ്റ് മിസ്ഡ് ഇറ്റ് ജെറീ.
ജെറി ഒന്നിളകിയിരുന്നു. പല നിലകളായി പടുത്തുയര്‍ത്തിയിരുന്ന ചീട്ടു കൊട്ടാരത്തില്‍ അത് കണ്ണോടിച്ചു. കൊട്ടാരത്തിന്‍‌റെ ഏറ്റവും താഴത്തെ നിലയില്‍ കാര്‍പ്പെറ്റില്‍ കിടക്കുന്ന ആടുതന്‍ രാജാവില്‍* നോക്കിയപ്പോള്‍ അത് മ്യാവൂ എന്നൊന്ന് കരഞ്ഞു.

ക്ലിക്ക്: ഗെയിം റെസ്യൂം.
തന്‍‌റെ സാന്നിദ്ധ്യമറിയിക്കാന്‍ ഒരു വെടി. കുറച്ച് കൂടി മുന്‍പോട്ട് നടന്നു. പെട്ടെന്ന് ഭിത്തിയുടെ മറ നീക്കി ആള്‍ക്കുരങ്ങ് പാഞ്ഞു വന്നു. നാലഞ്ച് ചുവട് പുറകോട്ട് വച്ച് അവന്‍‌റെ സുനാപ്പി നോക്കി അഞ്ചാറ് റൌണ്ട് വെടി. വന്നതു പോലെ തിരിച്ച് പാഞ്ഞ് അത് ഭിത്തിക്ക് പിന്നിലൊളിച്ചു.
ക്ലിക്ക്: ഗെയിം പോസ്.

മോം എന്‍‌റെ ക്വീനിനേം ജോക്കറിനേം കാണുന്നില്ല.
ടോം അടുക്കളയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് തലയിട്ട് പരാതിപ്പെട്ടു.
ഓവനോട് ചേര്‍ന്ന് ചാഞ്ഞു നിന്ന രണ്ട് നിഴലുകള്‍ പെട്ടെന്ന് ചെറുതായി അകന്നു.
എന്‍‌റെ റൂമില്‍ കാണും ടോം.
മോം ഞാനെടുത്തോട്ടെ.
മറുപടിക്ക് കാത്തു നില്‍ക്കാതെ സോറി മോം എന്നു പറഞ്ഞ് ടോം വാതില്‍പ്പാളി ചാരി.
ബെഡില്‍ മമ്മിയുടെ വസ്ത്രങ്ങള്‍ നിരന്നു കിടക്കുന്നു.
മുറിയിലെ മേശ വലിപ്പില്‍ നിന്നും കിട്ടിയ ചീട്ടുകള്‍ ബെഡില്‍ നിരത്തി.
യേസ്... ദെയര്‍ യൂ ആര്‍ ... ജോക്കറിനെയും ക്വീനിനെയും പക്ഷി ചീട്ട് കൊത്തിയെടുക്കുന്നതു പോലെ എടുത്തു.

ജെറി ചീട്ട് കൊട്ടാരത്തിനു ചുറ്റും നടക്കുന്നു. ടോമിനെക്കണ്ട് അത് ചാടി സോഫായില്‍ പതിഞ്ഞിരുന്നു.
ടോം കിട്ടിയോ നിനക്ക്? രാകിത്തെളിഞ്ഞ മൂര്‍ച്ച പോലെ മമ്മിയുടെ ശബ്ദം ടോമിന്‍റെ പിന്നില്‍, അടഞ്ഞു കിടക്കുന്ന വാതിലിന്‍‌റെ പിന്നില്‍.
കിട്ടി മോം.
കൊട്ടാരത്തിന്‍‌റെ ഏറ്റവും മുകളില്‍ രാജ്ഞിയെയും ജോക്കറിനെയും മുഖത്തോടു മുഖം ചേര്‍ത്തു വച്ചു.

ക്ലിക്ക്: ഗെയിം റെസ്യൂം.
പൊടുന്നനെയുള്ള ആക്രമണം ചിലപ്പോള്‍ നല്ല പദ്ധതിയാണ്‍. പാഞ്ഞു മുന്‍പിലേക്ക് ചെല്ലുമ്പോള്‍ ഭൂമി കുലുങ്ങുന്ന പോലത്തെ മുഴക്കം കേള്‍ക്കാം. ആള്‍ക്കുരങ്ങ് ഓടി വരുന്നതാണ്‍. ഭിത്തിമറവില്‍ നിന്ന് വെളിവായി വരുന്ന രോമാവൃതമായ നെഞ്ച്. മതി വരും വരെ വെടി വച്ചു. ചോര ചിന്തിയ നെഞ്ച് പൊത്തിപ്പിടിച്ച് ഭീഷണമായ ശബ്ദത്തില്‍ അത് അലറിക്കൊണ്ട് വീണു. അത്രയ്ക്കങ്ങ് പ്രതീക്ഷിച്ചു കാണില്ല ആള്‍ക്കുരങ്ങ്.
നിശബ്ദത.
ഒരു ഇരുണ്ട ഇടനാഴി കഴിഞ്ഞെത്തുന്നത് വിശാലമായ ഒരു തളത്തിലേക്കാണ്. അതിനറ്റത്ത് സ്വര്‍ണ്ണനിറത്തില്‍ മമ്മിയുടെ ശവകുടീരം. ഒരു വെടിക്ക് കുടീരത്തിന്‍‌റെ മേല്പാളി തകര്‍ത്തു. ഉണര്‍ന്നെഴുന്നേറ്റ മമ്മി ഓടി അടുത്തു കൊണ്ടിരിക്കുന്നു.
ക്ലിക്ക്: ഗെയിം പോസ്.

ചീട്ടുകൊട്ടാരത്തിന്‍‌റെ അടിയില്‍ കൂടി ആടുതന്‍ രാജാവിനെ ചവിട്ടി മെതിച്ച് മ്യാവ്യൂ എന്ന് കരഞ്ഞ് കൊണ്ട് പായുന്ന ജെറി. പുറകെ പായുന്ന ടോം.
പക്ഷേ കൊട്ടാരം തകര്‍ന്നു.

ക്ലിക്ക്: ഗെയിം റെസ്യൂം.
ഇതാണ് സന്ദിഗ്ദ്ധഘട്ടം. ഉന്നം ശരിയാണെങ്കിലും തോക്ക് മമ്മിയെ വീഴ്ത്തിയില്ലെങ്കില്‍? ഗ്രനേഡിന് ഉന്നം തെറ്റുകയാണെങ്കില്‍? കത്തി എടുക്കാന്‍ വൈകിയാല്‍?
ലക്ഷ്യം കണ്ടെത്തി ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മമ്മിയുടെ പ്രവേഗം അതിനെയെല്ലാം തോല്‍പ്പിക്കാം. എത്ര വേഗമിങ്ങെത്തും എന്ന് കണക്കു കൂട്ടുമ്പോഴേക്കും മമ്മി ഇങ്ങു മുന്‍പില്‍ എത്തിയിരിക്കും.
ക്ലിക്ക്: ഗെയിം പോസ്.

ഫ്ലാറ്റിന്‍‌റെ ബാല്‍ക്കണിയില്‍ നിന്നും ടോമിന്‌റെ കൈയില്‍ തൂങ്ങിയാടി എങ്ങനെ താഴെ വീണാലും നാലു കാലിലേ വീഴൂ എന്ന പൂച്ചച്ചിരി ചിരിച്ച് താഴേക്ക് നോക്കുന്ന ജെറി.
ടോം കൈ വിട്ടു.
എത്ര തവണ മലക്കം മറിഞ്ഞാല്‍ കൃത്യമായി നാലു കാലില്‍ വീഴും എന്നു കണക്കു കൂട്ടിക്കൊണ്ടിരുന്ന ജെറി താഴെ എത്താനുള്ള സാദ്ധ്യാസാദ്ധ്യതികളില്‍ ഒരു നിമിഷം ഭ്രമിച്ച് ഒന്നു മലക്കം മറിയാന്‍ മറന്നു.

ക്ലിക്ക്: ഗെയിം റെസ്യൂം.
മമ്മി ഇപ്പോള്‍ തൊട്ടു മുന്‍പില്‍. നിങ്ങള്‍ എന്ത് ചെയ്യണമെന്ന് നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഉള്ള സാദ്ധ്യതകള്‍ രണ്ടാണ്.
ഒന്ന്. മമ്മിയുടെ വിഷചുംബനത്തില്‍ അലിഞ്ഞ് ചേരുക-ഫേറ്റല്‍.
രണ്ട്. സ്‌റ്റാര്‍ട്ട് ദ ഗെയിം എഗൈന്‍-ലൈഫ്.

ഒരു പക്ഷേ എന്ത് ചെയ്യണമെന്ന് നിശ്ചയിച്ചാലും ഗെയിം ഫിനിഷ്ഡ് എന്ന് എഴുതിക്കാണിക്കുന്നത് കാണാന്‍ നിങ്ങള്‍ അപ്പോള്‍ ഉണ്ടാകുമോ? വില്‍ യൂ എക്സിസ്‌റ്റ്?

*The King of Hearts

Monday, February 9, 2009

ഷിവാസ് റീഗല്‍

ഒടയോനോട് സ്നേഹമുള്ള ഒന്നാന്തരം ഒരു പട്ടിക്കുട്ടിയെപ്പോലാണ് ഷിവാസ് റീഗലെന്ന് തോമാച്ചന് പലപ്പോഴും തോന്നാറുണ്ട്. ആദ്യമാദ്യം അവനിങ്ങനെ മുട്ടിയുരുമ്മി നിന്ന് കാലില്‍ നക്കിയും കമ്മിയും വാലാട്ടി പരുമ്മിയങ്ങനെ നിന്നിട്ട് പെട്ടെന്ന് കുതിച്ചൊരു കയറ്റമാണ് ദേഹത്തോട്ട്. പൊട്ടിത്തരിച്ച് കേറുന്ന പോലെ. കള്ളുകുടി ഒരു വിപ്ലവം പോലെയാണെന്നും തോമാച്ചന് വ്യക്തിപരമായ ഒരഭിപ്രായമുണ്ട്. ഇരുട്ടിന്‍‌റെ മറവില്‍ നിശബ്ദമായി സന്നാഹങ്ങളൊരുക്കിയിട്ട് പെട്ടെന്ന് പൊട്ടിത്തെറിച്ച് കടന്നു പോകുന്ന ഒരു വിപ്ലവം പോലെ. പണ്ട് ദൂരദര്‍ശനില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നെന്ന് നീല നിറത്തില്‍ കാണിച്ചിട്ട് പെട്ടെന്ന് പടക്കം പൊട്ടുന്നത് പോലെ ഏതോ നായികയുടെ ചന്തി കുലുക്കിയുള്ള ഹിന്ദിപ്പാട്ട് കയറി വരുന്നത് പോലെ.

ബാത്‌റൂമീന്ന് ആന്‍സീടെ മൂളിപ്പാട്ട് കേക്കാം... അവളിന്ന് നല്ല മൂഡിലാന്ന് തോന്നുന്നു.

ദേ തോമാച്ചാ അധികമൊന്നും വലിച്ച് കയറ്റിയേക്കല്ലേ... ഞാന്‍ വന്നിട്ട് നോക്കുമേ.... മൂളിപ്പാട്ടിനെടയ്ക്ക് അവക്കടെ അറിയിപ്പ്.

പിന്നേ... അവള് പറയുന്നെടത്തല്ലേ എന്‍‌റെ ഷിവിയേ ഞാന്‍ നിര്‍ത്താമ്പോണേ... തോമാച്ചന്‍ പിഞ്ഞാണത്തിലെ പൊരിച്ച പന്നിയിലേക്ക് വിരലിട്ടു.

ടീപോയില്‍ ഒരു കെട്ട് പഴയ കത്തുകളിരിക്കുന്നു. ആന്‍സി തന്നെ തപ്പിയെടുത്തോണ്ട് വന്നതാണ്. സ്‌റ്റോര്‍ റൂമടിച്ച് വാരിയപ്പോള്‍ പഴയ സാധനങ്ങളിരിക്കുന്ന പെട്ടിക്കകത്തൂന്ന് ആന്‍സിക്ക് കിട്ടിയതാണ്. സംഭവം ശകലം പൈങ്കിളിയാണ്. പണ്ട് ആന്‍സിയെ ട്യൂണ്‍ ചെയ്ത് ചെയ്ത് നടന്ന് സമയത്ത് പള്ളി പെരുന്നാളിന് റാസ കഴിഞ്ഞ് എല്ലാവര്‍ടേം കണ്ണ് വെട്ടിച്ച് അവക്ക് കൊടുത്ത് തുടങ്ങിയ പ്രേമലേഖനങ്ങളുടെ ശേഖരം... ഭയങ്കരി... എല്ലാം കെട്ടിപ്പെറുക്കി വെച്ചിരിക്കാണ്.

കൊണ്ട് വന്ന് കെട്ടെല്ലാം ടീപ്പോയിലേക്കിട്ടിട്ട് എളിക്ക് കൈ കൊടുത്ത് ആന്‍സി ഒരു ചോദ്യം...

ഇതെന്നതാന്ന് വല്ല ഓര്‍മ്മേമൊണ്ടോ?

ഇല്ല. തോമാച്ചന്‍ അതൊന്ന് എടുത്ത് തിരിച്ചു മറിച്ച് നോക്കീട്ട് സത്യം സത്യമായി പറഞ്ഞു.

വായിച്ച് നോക്ക്.

എന്നതാടീ?

തേനേ ചക്കരേന്ന് ഒലിപ്പിച്ച് അച്ചായന്‍ തന്നെയെനിക്കെഴുതിയ കത്തുകളാ... പറഞ്ഞിട്ടെന്താ എന്തൊരു സ്നേഹമാര്‍ന്നു പണ്ടൊക്കെ... ഇപ്പം ഒന്നുമില്ല. ആന്‍സി തോമാച്ചന്‍‌റെ അടുത്ത് വന്നിരുന്ന് അയാള്‍ടെ താടിയേല്‍ പിടിച്ചൊരു കിള്ള്. എല്ലാ പെണ്ണുങ്ങളും ഇങ്ങനൊക്കെത്തന്നെ.

സ്നേഹത്തിന് ഇപ്പഴെന്നാടീ ഒരു കൊറവ്... ഇപ്പഴും സ്നേഹമൊക്കെയൊണ്ട്. തോമാച്ചന്‍ ആന്‍സിയെ അവിടേം ഇവിടേമൊക്കെ ഇക്കിളിയിട്ട് ഒന്ന് കെട്ടിപ്പിടിക്കാന്‍ നോക്കി.

ഹ. എന്തുവാ എന്തുവാ ഇത് പിള്ളേര് വരാറായി... ആ നേരത്താണോ കിന്നാരം ? എന്ന് ചോദിച്ച് കുതറിച്ച് ആന്‍സിയങ്ങ് എണീറ്റ് പോയി.

അല്ലേലും ഈ പെണ്ണുങ്ങളിങ്ങനാ... സ്നേഹമില്ലാന്ന് പറയുകേം ചെയ്യും... എന്നാപ്പിന്നെ ശകലം സ്നേഹം കാണിക്കാന്ന് വച്ചാ അന്നേരം പിള്ളേര്, പിറുങ്ങണി...

തോമാച്ചന്‍ ഒരു കത്തെടുത്ത് ഒന്ന് മറിച്ച് നോക്കി.

എന്‍‌റെ സുന്ദരിക്കുട്ടിക്ക്...

തോമാച്ചന്‍ അതവിടെയിട്ട് വേറെയൊരെണ്ണമെടുത്തു.

എന്‍‌റെ മാലാഖേ...

നേരാ കേട്ടോ... ചെറുപ്പത്തില്‍ അവള് നല്ല സുന്ദരിയാര്‍ന്നു. കുരുത്തോലപ്പെരുന്നാളിനൊക്കെ അവള് വീട്ടുകാര്‍ടെ കൂടെ കുണുങ്ങിക്കുണുങ്ങി വരുന്നത് കാണാന്‍ തന്നെ ഒരു ചന്തമാര്‍ന്നു. ആ എടവകേല് ആ സമയത്ത് അത്രേം മുടിയൊള്ള പെങ്കൊച്ചില്ലാര്‍ന്നു. ചന്തി വരെയിങ്ങനെ നിറഞ്ഞ് കെടക്കുവല്ലാര്‍ന്നോ മുടി. എടവകേലെ കൊച്ചച്ചന് വരെ അവളേ കാണുമ്പോ തൊണ്ട വിക്കുമാര്‍ന്നു.

അല്ലേലും അതെന്തൊരു കാലമാര്‍ന്നു. ആന്‍സീടെ പൊറകെ ചുമ്മാ നടക്കല്, പള്ളിപ്പെരുന്നാള്, റബര്‍ തോട്ടത്തിലെ ചീട്ട് കളി, കശുമാമ്പഴം ഇട്ട് ചാരായം വാറ്റല്, അമ്മാച്ചന്‍‌റെ വീട്ടില് ചെല്ലുമ്പോ കിട്ടുന്ന വെടിയിറച്ചി, മണിയന്‍ പിള്ളേടെ ഷാപ്പിലെ മൂത്ത പനംകള്ള്. പിന്നെ അപ്പന്‍ നിര്‍ബന്ധിക്കുമ്പം മാത്രം റബര്‍ ഷീറ്റ് വിക്കുന്ന കടേ പോയിരുന്നാ മതിയാര്‍ന്നു. അതിനുമുണ്ട് ഗുണം. അപ്പന്‍‌റെ മേശവലിപ്പീന്ന് കാശ് വലിക്കാന്‍ പറ്റും. അപ്പനെല്ലാം അറിയാം കെട്ടോ. വല്ലപ്പോഴുമൊന്ന് ചോദിക്കും എടാ നീ കാശ് വല്ലതുമെടുത്തോന്ന്. എടുത്തൂന്ന് പറയുവാണെങ്കില്‍ ഒന്നും മിണ്ടേലാ അന്നേരം. വൈകുന്നേരം പ്രാര്‍ത്ഥനേം അത്താഴവും കഴിഞ്ഞിട്ട് അമ്മച്ചിയോട് പറയുന്ന പോലെ ഒച്ചത്തില്‍പ്പറേം അവനവന്‍ സമ്പാദിക്കുമ്പോഴേ കാശിന്‍‌റെ വിലയറിയൂന്ന്. അന്നേരം അപ്പന്‍ പിന്നാര്‍ക്ക് വേണ്ടീട്ടാ ഇക്കണ്ടതൊക്കെ ഒണ്ടാക്കുന്നെ എന്നു തിരിച്ചും ചോദിക്കും. ങ്ഹാ എന്‍‌റെ കാലം കഴീട്ടെടാ അന്നേരം അറ്യാമെന്ന് അപ്പനും പറേം. അപ്പനങ്ങനൊന്നും ഞങ്ങളിയിട്ടേച്ച് പോകത്തില്ലപ്പാ എന്ന് പറഞ്ഞ് ഒരു കെട്ടിപ്പിടുത്തമങ്ങ് പിടിക്കും. അന്നേരം അപ്പനൊന്നു ചിരിക്കും. എല്ലാം കോമ്പ്രമൈസ്. അല്ലേലും ഞങ്ങളപ്പനും മക്കളും കൂട്ടുകാരേപ്പോലാ... അന്നേരം അനിയത്തൊയൊണ്ട് സോഫി. അവളൂടെ വന്ന് അപ്പനെയങ്ങ് കെട്ടിപ്പിടിക്കും. അപ്പോ അപ്പന്‍‌റെ കണ്ണിലൊരു തെളക്കമൊണ്ട്. എല്ലാം കണ്ട് കണ്ണ് നെറഞ്ഞൊരു ചിരിയും ചിരിച്ച് അമ്മച്ചിയും അടുത്ത് വന്ന് നിക്കും. എന്താടീ പെമ്പ്രന്നോരേ നീ മാറി നിക്കണേന്ന് ചോദിച്ച് അപ്പന്‍ അമ്മച്ചിയേം അങ്ങു കൂടെക്കൂട്ടും. എന്തൊരു രസമാര്‍ന്നു.

എന്തോന്നാ തോമാച്ചായിത്... ഞാമ്പറഞ്ഞിട്ടു പോയതല്ലേ... ഇതിപ്പം എത്രയായി? ആന്‍സി തോമാച്ചന് പുറം തിരിഞ്ഞ് നിന്ന് കണ്ണാടിയില്‍ നോക്കി മുടി ചിക്കാന്‍ തുടങ്ങി.

നൈറ്റിയില് അവള്‍ടെ ശരീരത്തിന്‍‌റെ നെഴല് കാണാം.

ദേ നിര്‍ത്തിയെടീ ആന്‍സിക്കുട്ടീ.

ആന്‍സി തല വെട്ടിച്ച് എന്താ പെട്ടൊന്നൊരു സ്നേഹം എന്ന ആശ്ചര്യത്തില്‍ തോമാച്ചനെ നോക്കി.

നിര്‍ത്തണേ...ന്ന് പറഞ്ഞ് അവള്‍ മുടിചിക്ക് തുടര്‍ന്നു.

പിഞ്ഞാണത്തീന്ന് ഒരു പന്നിക്കഷ്ണമെടുക്കാനോങ്ങിയപ്പളാണ് തോമാച്ചനത് കണ്ടത്. പിഞ്ഞാണത്തില്‍ വളഞ്ഞു പുളഞ്ഞ് കിടക്കുന്നു നീണ്ട ഒരു മുടി.

ഇവളോട് നൂറ് പ്രാവശ്യം പറഞ്ഞിട്ടൊണ്ട്, വല്ലതും തിന്നുന്നതിനടുത്ത് നിന്നോണ്ട് മുടി ചീകരുതെന്ന്. തോമാച്ചന്‍ മുടിയങ്ങ് എടുത്ത് കളഞ്ഞ് ഒരു പന്നിക്കഷ്ണമെടുത്തു.

അല്ലേലും തോമാച്ചന് ഇപ്പം എന്നേക്കാളും സ്നേഹം കള്ളിനോടാ.

പെട്ടെന്നെവിടുന്നോ ഒരു കോപം കേറി വന്ന് തോമാച്ചനെയങ്ങ് അന്ധനാക്കിക്കളഞ്ഞു.

നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടില്ലേടീ തീറ്റസാധനത്തില് മുടി വീഴാതെ നോക്കണമെന്ന്. അന്നേരം അവള് തര്‍ക്കുത്തരം പറയുന്നു.

തോമാച്ചന്‍ കൈയില്‍ കിട്ടിയ ഷിവാസ് റീഗല്ലിന്‍‌റെ കുപ്പിയെടുത്ത് ആന്‍സിയുടെ തലയുടെ പുറകില്‍ ഒരടി വച്ചു കൊടുത്തു. കുപ്പി പൊട്ടിച്ചെതറിപ്പോയി. ആന്‍സി തലയുടെ പുറകു വശം പൊത്തിപ്പിടിച്ചോണ്ട് തോമാച്ചനെയൊന്ന് തിരിഞ്ഞു നോക്കി. എന്നിട്ട് ബോധം കെട്ടങ്ങ് വീണു. തറയിലേക്ക് ചോര കുടുകുടാന്ന് ചീറ്റി.

നിമിഷനേരം കൊണ്ട് തോമാച്ചന്‍റെ ദേഷ്യമിറങ്ങി. ബോധവും വീണു.

പിള്ളേരെ വിളിക്കണോന്ന് ആന്തലോടെയൊന്ന് ആലോചിചിട്ട് തോമാച്ചന്‍ വേണ്ടെന്ന് വച്ചു.

പെട്ടെന്ന് സെന്‍‌റ്. മേരീസ് ഹോസ്പിറ്റലിന്‌റെ നമ്പറ് തപ്പിയെടുത്ത് വിയര്‍ത്ത് കുളിച്ച് വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് തോമാച്ചന്‍ ഫോണിലിട്ട് കുത്താന്‍ തുടങ്ങി.

അല്ലേലും തോമാച്ചനങ്ങനാ... വൈകുന്നേരം രണ്ടെണ്ണമടിച്ചില്ലേ കൈ വെറയ്ക്കും.


Monday, August 4, 2008

ഫര്‍ഹാന്‍: തര്‍ജ്ജനി ഓഗസ്റ്റ്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

1.

ജീവിച്ചിരിക്കും എന്ന് ഞാന്‍ വിചാരിച്ചിട്ടും ഫര്‍ഹാന്‍ മരിച്ചു. അയാള്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് കരുതാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.

2.

ഇങ്ങനെ ഒന്നും തോന്നുന്നില്ല എന്നു വിചാരിച്ചു കിടക്കുമ്പോള്‍ തോന്നലുകള്‍ക്കു തന്നെ ഒരു ഭാരക്കുറവുണ്ടാകും. ഫര്‍ഹാന്‍റെ ശബ്ദം ക്ഷീണിച്ചിരുന്നു.

തനിക്ക് രോഗമൊന്നുമില്ലാ എന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു രോഗി ചെയ്യുന്ന ചാപല്യങ്ങളെല്ലാം അയാള്‍ ചെയ്തു കൊണ്ടിരുന്നു.

ഒരു മാസ്സീവ് സ്ട്രോക്കില്‍ നിന്നും കഷ്ടിച്ചാണ്‍ നിങ്ങള്‍ രക്ഷപെട്ടത്.

ഞാനത് പറഞ്ഞപ്പോള്‍ അടുത്ത് നിന്ന സജദിന്‍‌റെ ശബ്ദമുയര്‍ന്നു.

ഫര്‍ഹാന്‍, എല്ലാം നിങ്ങളുടെ ജീവിതരീതിയുടെ കുഴപ്പമാണ്‌‍.

എന്ത് കുഴപ്പം ഭായ്, അല്‍ള്ളാഹ് എന്‍‌റെ ജീവിതത്തില്‍ നടക്കേണ്ടതെല്ലാം എപ്പോഴേ എഴുതി വച്ചിരിക്കുന്നു.

അതെ, റോയല്‍ യൂണിവേര്‍സിറ്റി ഹോസ്പിറ്റലില്‍ തന്നെ നിങ്ങള്‍ കിടക്കുമെന്നും കാണുമല്ലേ? ഞാന്‍ കളിയാക്കി.

സുമന്‍... ഉറക്കത്തില്‍ ശ്വാസം മുട്ടി, തല പെരുത്ത്, ശരീരം മുഴുവന്‍ കഴച്ച് എഴുന്നേറ്റപ്പോള്‍ ഞാന്‍ നിങ്ങളെയാണാദ്യം വിളിക്കാന്‍ ശ്രമിച്ചത്.

നൈറ്റ്ഷിഫ്‌റ്റ് കഴിഞ്ഞ് വന്ന് ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞു.

ഞാന്‍ മരണത്തെ ശരിക്കും കണ്ടു സുമന്‍. അതിനെന്നെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ ശരീരത്തിനും മനസ്സിനും കനം കൂടി കൂടി വന്നു സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ എന്‍റെ നാടിനെ ഓര്‍ത്തു. എനിക്ക് ബംഗ്ലാദേശില്‍ ചെന്ന് മരിച്ചാല്‍ മതി. എന്‍റെ ബാപ്പയും കുടുംബത്തിലെ മുതിര്‍ന്നവരും വെടി കൊണ്ട് വീണ് മരിച്ച എന്‍റെ നാട്ടില്‍, എന്‍റെ സഹോദരിമാര്‍ മാനഭംഗത്തിനിരയായ ബ്രാഹ്മിന്‍ബാരിയായിലെ തെരുവില്‍, കരഞ്ഞ് കരഞ്ഞ് എന്‍റെ ഉമ്മയ്ക്ക് ശബ്ദം നഷ്ടപ്പെട്ട എന്‍റെ വീട്ടില്‍ വേണം എനിക്ക് മരിക്കാന്‍.

ആര്‍ യൂ സ്റ്റുപ്പിഡ്. നിനക്ക് മറ്റൊന്നും പറയാനില്ലേ? നീയുടനെയൊന്നും മരിക്കില്ല. ഞങ്ങളെയൊക്കെ കുറച്ചു കൂടി ബുദ്ധിമുട്ടിച്ചിട്ടേ നീ പോകൂ. സജദ് ദേഷ്യപ്പെട്ടു.

സജദ് ജനിച്ചത് പാകിസ്ഥാനിലാണെങ്കിലും ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ നിയുക്തമാക്കപ്പെട്ട പാകിസ്ഥാന്‍ പട്ടാളത്തിലെ ഭടനായിരുന്ന പിതാവിനൊപ്പം ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്ന് പിന്നീട് അവിടെ വളരുകയാണുണ്ടായത്.

ഫര്‍ഹാന്‍റെ കണ്ണുകള്‍ അടഞ്ഞു പോകുന്നുണ്ടായിരുന്നു. അയാള്‍ ഉറങ്ങിക്കഴിഞ്ഞാണ്‌‍ ഞങ്ങള്‍ ആശുപത്രി വിട്ടു പോന്നത്.

3.

ബ്രാഹ്മിന്‍ബാരിയയിലെ ഞങ്ങളുടെ വീടിന് മുന്‍പില്‍ നിറയെ പച്ചപ്പും കായ്ഫലവുമുള്ള മരങ്ങളുണ്ട്. അതിനപ്പുറം വലിയ തടാകമാണ്‌‍. നല്ല വെയിലത്തു പോലും ആ തടാകത്തിലെ വെള്ളത്തിനും അവിടുത്തെ കാറ്റിനും നല്ല തണുപ്പാണ്‌. വൈകുന്നേരം സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ നീന്തലും കുളിയും തിമിര്‍പ്പുമായി ആ തടാകത്തില്‍ തന്നെയാണ്‌‍. രാത്രിയില്‍ ഞങ്ങള്‍ ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോകും. തണുത്ത കാറ്റ് കൊണ്ട് ബീഡിയും വലിച്ച് ബോട്ടില്‍ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ മുഴുത്ത മീനിനെ കിട്ടും. അപ്പോള്‍ ഞങ്ങള്‍ പറയും “അഞ്ച് നിമിഷം” എന്ന്; അതായത് ആ മീനിനെ തിന്നു തീര്‍ക്കാന്‍ അഞ്ച് നിമിഷം മതി എന്ന്.

ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് ഇളയച്ഛനും കുടുംബവും ബ്രാഹ്മിന്‍ബാരിയയില്‍ വന്നു താമസം തുടങ്ങിയത്. ഇളയച്ഛന് പന്ത്രണ്ട് വയസ്സുകാരിയായ ഒരു മകളുണ്ട്. ഇളയച്ഛന്‍റെ കൈ പിടിച്ച് തടാകത്തിനപ്പുറം അവള്‍‍ വന്നു നില്‍ക്കും. മിക്കവാറും ഞാനാണ് ബോട്ട് തുഴഞ്ഞ് ചെല്ലുക. അവരെ ബോട്ടില്‍ കയറ്റി തിരിച്ച് ഞാന്‍ ബോട്ട് തുഴയുമ്പോള്‍ കാറ്റില്‍ ഇളകുന്ന ചെമ്പന്‌മുടി ഒതുക്കി അവളെന്നെ നോക്കി ചിരിക്കും. അപ്പോള്‍ ഒരു ട്രൌസര്‍ മാത്രമിട്ടിരിക്കുന്ന എന്‍റെ നഗ്നതയില്‍ ലജ്ജിച്ച് തുഴപ്പാട് മാത്രം നോക്കി ഞാന്‍ തുഴയും.

ഇസ്ലാമിന് നിരക്കാത്ത ജീവിതം നയിക്കുന്നവന്‍ എന്ന്‍ ബാപ്പ വിശേഷിപ്പിക്കുന്ന ഒരു അമ്മാവന്‍ എനിക്കുണ്ട്. ഇളയച്ഛന്‍റെ മകളോട് മാത്രം അയാള്‍ പ്രത്യേകവാത്സല്യം കാണിച്ച് പോന്നിരുന്നു. ഒരു മഴക്കാലത്താണ് ബാപ്പ അമ്മാവനെ തല്ലിയതും കഴുത്തിനു പിടിച്ച് മഴയത്തേക്ക് ഇറക്കി വിട്ടതും. ഉമ്മ അമ്മാവനെ ശാപവചനങ്ങള്‍ കൊണ്ട് മൂടുന്നുണ്ടായിരുന്നു. തുടയില്‍ കൂടി ചോരയൊഴുകുന്ന ഇളയച്ഛന്‍റെ മകളെ എടുത്ത് കൊണ്ട് ബാപ്പ പെരുമഴയത്ത് ആശുപത്രിയിലേക്ക് ഓടി. പുറകെ ഓടിയപ്പോഴാണ് മഴയ്ക്കും ചിലപ്പോഴൊക്കെ ചൂടാണെന്ന് എനിക്കു മനസ്സിലായത്.

4.

സുമന്‍, എന്‍റെ അമ്മ മരിക്കുന്നതിന് തൊട്ടു മുന്‍പ് തന്നെ എനിക്കു മനസ്സിലായിരുന്നു അവര്‍ മരിക്കാന്‍ പോകുകയാണെന്ന്. ഞാന്‍ മറ്റൊരു മുറിയില്‍ ഒറ്റയ്ക്ക് ചെന്നിരുന്നു. എന്‍‌റെ നെഞ്ച് വിങ്ങിക്കൊണ്ടിരുന്നു. അനാഥത്വം പതുക്കെ എന്നെ ഗ്രസിക്കാന്‍ തുടങ്ങി. അപ്പുറത്ത് അമ്മയുടെ മുറിയില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ എന്‍‌റെ കണ്ണില്‍ നിന്നും വന്നില്ല. അമ്മയുടെ സംസ്കാരത്തിനാവശ്യമായ പണം എങ്ങനെ കണ്ടെത്തും എന്നായിരുന്നു എന്‍‌റെ ചിന്ത. വീട്ടിലെ ഏക ആണ്തരി ഞാനായിരുന്നു. പതിനഞ്ചുവയസ്സ് മാത്രമുണ്ടായിരുന്ന എനിക്കന്ന് കരയാന്‍ പോലുമുള്ള വിവേകം നഷ്ടപ്പെട്ടിരുന്നു.

ഫര്‍ഹാന്‍ അധികം സംസാരിക്കാതിരിക്കൂ. നിങ്ങള്‍ക്കിപ്പോള്‍ നല്ലതു പോലെ വിശ്രമം ആവശ്യമാണ്. ഞാന്‍ പറഞ്ഞു.

5.

1971-ന് മുന്‍പ് ഞാന്‍ ജനിക്കാതിരുന്നെങ്കില്‍! ബ്രാഹ്മിന്‍ബാരിയയിലെ കാറ്റിനിപ്പോള്‍ നല്ല ഉഷ്ണമാണ്‌. കറുത്ത നിറമുള്ള പൂഴി നിറഞ്ഞ ആ മണ്ണിലാണ് ബാപ്പ വെടിയേറ്റ് വീണത്. അവിടെ തന്നെയാണ് അമ്മാവന്മാരുടെ ചോര കട്ട പിടിച്ച ശവശരീരങ്ങള്‍ പട്ടാളക്കാര്‍ വലിച്ചിഴച്ച് കൊണ്ട് വന്നിട്ടത്. വീടിന്‍റെ മുറ്റത്ത് നിന്നു തുടങ്ങി തടാകത്തിന്‍റെ വശം ചേര്‍ന്ന് പോകുന്ന തെരുവിലാണ് പരസ്യമായി മാനഭംഗത്തിനിരയാക്കപ്പെട്ട് എന്‍റെ സഹോദരിമാരുടെ ശരീരങ്ങള്‍ വിറങ്ങലിച്ചത്. കരഞ്ഞ് കരഞ്ഞ് ഉമ്മയുടെ ശബ്ദം നഷ്ടപ്പെട്ടത് അവിടെയാണ്.

ഞാന്‍ മരിച്ചത് അവിടെയാണ്.

5.

ഫര്‍ഹാന്‍ മരിച്ചു. അയാള്‍ക്ക് ബംഗ്ലാദേശില്‍ പോകാന്‍ കഴിഞ്ഞില്ല എന്ന് എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല; അല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

Sunday, May 18, 2008

സക്കീര്‍

ജിഞ്ചര്‍ ചിക്കനുള്ള മസാലയിലേക്ക് ആനന്ദന്‍ കുരുമുളക് പൊടി തൂളിയിടുമ്പോഴാണ് സക്കീര്‍ ആ പ്രസ്താവന നടത്തിയത്.
ഓ ആനന്ദ്‍ ! അന്നു നീയുണ്ടാക്കിയ ചിക്കന്‍റെ രുചി ഇപ്പോഴും എന്‍റെ നാവിലുണ്ട്. അന്നു രാത്രി മുഴുവന്‍ ലാബില്‍ വര്‍ക്ക് ചെയ്യാന്‍ എന്നെയാ ജിഞ്ചര്‍ ചിക്കന്‍ സഹായിച്ചു.
മസാല പുരണ്ട ഒരു ഇറച്ചിക്കഷണത്തില്‍ കൂടിയാണ് അയാള്‍ തന്‍റെ സ്വകാ‍ര്യതയില്‍ കയറി താമസമുറപ്പിച്ചതെന്ന് ആനന്ദന്‍ ഓര്‍ത്തു.
സക്കീറ് തുടരെ കോട്ടുവായിട്ടു കൊണ്ടിരുന്നു. ദിവസങ്ങളോളം നാലു മണിക്കൂര്‍ മാത്രം ഉറങ്ങി ജോലി ചെയ്ത് അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.
ആനന്ദ് നിങ്ങള്‍ വണ്ണം വയ്ക്കുന്നുണ്ട്.
ആനന്ദന്‍ കഷണങ്ങള്‍ ഇളക്കി മസാല പിടിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
And you are growing breast like a woman.
എന്ത്?
ആനന്ദന്‍ നീരസത്തോടെ അയാളുടെ നേര്‍ക്കു തിരിഞ്ഞു.
സക്കീര്‍ നൂറു കിലോ അടുത്ത് തൂക്കം വരുന്ന ഒരു ആജാനുബാഹു‍ ആയിരുന്നു.

I

ആനന്ദന്‍ ലാബില്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്.
വാതില്‍ തുറന്നപ്പോള്‍ സക്കീര്‍ അയാളെ അഭിവാദ്യം ചെയ്തു.
ഗുഡ്മോര്‍ണിങ്ങ് ആനന്ദ് ഭായ്.
ഗുഡ്മോര്‍ണിങ്ങ്. എന്താ സക്കീര്‍ കാര്യം?
സക്കീര്‍ അല്പം മടിയോടെ പറഞ്ഞു.
You know; I just wanted to tell you that I noticed your fingers when you were sleeping.
അതിന്? ആനന്ദന്‍ പ്രകടമായ ദേഷ്യത്തോടെ ചോദിച്ചു. ലാബില്‍ നിന്നു വിളിച്ചിറക്കിയത് അയാള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
എന്‍റെ അമ്മയ്ക്കും നിനക്കുള്ളതു പോലെ വിരലിലെ നഖങ്ങള്‍ക്കു ചുറ്റും ഇരുണ്ടിരുന്നു. നിങ്ങള്‍ ബംഗ്ലാദേശിലുറങ്ങുന്ന എന്‍റെ അമ്മയെപ്പോലിരിക്കുന്നു. You are my mother.
സക്കീര്‍ വിക്കി പറഞ്ഞു. പേരറിയാത്ത ഒരു സങ്കടം അയാളുടെ കണ്ണുകളില്‍ ഉണ്ടെന്നു ആനന്ദന്‍ തോന്നി.
എനിക്കെങ്ങനെ നിന്‍റെ അമ്മയാകാന്‍ പറ്റും? ഞാനൊരു‍ സ്ത്രീയല്ല, ബംഗ്ലാദേശിയുമല്ല. I got to go and work.
ആനന്ദന്‍ ലാബില്‍ കയറി വാതിലടച്ചു.

II

ആനന്ദ് ഞാന്‍ നല്ല ഒരാളാണോ?
ആനന്ദന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴാണ് സക്കീര്‍ അങ്ങനെ ചോദിച്ചത്.
എന്താ ചോദിച്ചത്?
ആനന്ദന്‍ പുതിപ്പനടിയില്‍ നിന്നും തല പൊക്കി അയാളെ നോക്കി.
ഞാന്‍ ഒരു നല്ല വ്യക്തിയല്ല. ഞാന്‍ പറയുന്നതു കേട്ടാല്‍ നിനക്കതു മനസ്സിലാകും.
ആനന്ദന് നല്ലതു പോലെ ഉറക്കം വരുന്നുണ്ടായിരുന്നു.
നീ ആരോടും പറയില്ല എന്നു വാക്കു തരണം. അല്ലെങ്കില്‍ വേണ്ട, നീ ആരോടും പറയില്ല. എനിക്കുറപ്പാണ്.
എങ്ങനെ? ആനന്ദന്‍ ചോദിച്ചു.
കാരണം നീയെന്‍റെ അമ്മയാണ്.
ഞാന്‍ നിന്‍റെ അമ്മയല്ല. ആനന്ദന് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.
നിനക്കറിയാമോ എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്നെ ഒരാള്‍ ശാരീരികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്‍റെ രണ്ടാനമ്മയുടെ അനുജന്‍. അയാളത് രണ്ട് വര്‍ഷത്തോളം തുടര്‍ന്നു. തെറ്റാണെന്നറിഞ്ഞു കൊണ്ട് എനിക്കു വിധേയനാകേണ്ടി വന്നു. അവസാനം സഹിക്ക വയ്യാതെ എനിക്കത് അച്ഛനോടു പറയേണ്ടി വന്നു. അന്നു രാത്രി രണ്ടാനമ്മ എന്നെ പൊതിരെ തല്ലി, അവരുടെ അനുജനെ കുറിച്ചു അപവാദം പറഞ്ഞതിനും അയാളെ അവിശ്വസിച്ചതിനും. അന്നു ഉറങ്ങാന്‍ അയാളുടെ അറയിലേക്കു തന്നെ അവര്‍ എന്നെ ഉന്തി വിട്ടു. അയാള്‍ എന്‍റെ മുറിവുകളില്‍ എണ്ണ പുരട്ടി. എന്നിട്ട് എന്നെ പൈശാചികമായി പ്രാപിച്ചു. പക്ഷേ ഞാന്‍ പകരം വീട്ടി. അയാള്‍ക്കു മതിയായിട്ടും ഞാന്‍ അടങ്ങിയില്ല. അവസാനം അയാള്‍ വേദന കൊണ്ട് അലറിക്കരഞ്ഞു.
ആനന്ദന്‍ പതുക്കെ ഭിത്തിക്ക് നേരെ തിരിഞ്ഞു കിടന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം എന്നെയും ഭാര്യയേയും വിരുന്നു വിളിച്ചു അയാളും എന്‍റെ രണ്ടാനമ്മയും. അവിടെ അവര്‍ ചോദിച്ചതിനൊന്നും ഞാന്‍ ഉത്തരം പറഞ്ഞില്ല, പകരം അവരെ രൂക്ഷമായി നോക്കി. അവര്‍ വിളമ്പിയതൊന്നും ഞാന്‍ കഴിച്ചില്ല. ചിക്കന്‍ കഷണങ്ങള്‍ ഞാന് വിരലുകള്‍ക്കിടയിലിട്ട് പകിട പോലെ ഉരുട്ടിക്കളിച്ചു.
You are a bad guy. ആനന്ദന്‍ സക്കീറിന് നേരെ തിരിഞ്ഞു കിടന്നു.
എന്തു കൊണ്ട്?
കാരണം നിങ്ങള്‍ ആ ഭക്ഷണം നിഷേധിച്ചു. അത് പാപമാണ്.
സക്കീര്‍ പിന്നെ ഒന്നും സംസാരിച്ചില്ല.

III

ഉറക്കത്തില്‍ ആനന്ദന്‍ രണ്ട് സ്വപ്നങ്ങള്‍ കണ്ടു.
ആദ്യത്തേതില്‍ തലമുടിയില്‍ വാത്സല്യത്തോടെ തലോടുന്ന നഖങ്ങളുടെ ചുറ്റും ഇരുണ്ട ചര്‍മ്മമുള്ള വിരലുകളേയാണ് കണ്ടത്.
രണ്ടാമത്തേതില്‍ അയാളുടെ തുടയില്‍ പതിയുന്ന തടിച്ച കൈ വിരലുകളേയും അയാള്‍ക്കു മേല്‍ അമരുന്ന ഭാരമുള്ള ശരീരത്തെയുമാണ് കണ്ടത്.
പ്രതിരോധിക്കാനെന്ന വണ്ണം ആനന്ദന്‍ ചുമരിനു നേര്‍ തിരിഞ്ഞു കിടന്നു. തുടകള്‍ക്കിടയില്‍ കൈ തിരുകി അയാള്‍ പകുതി മയക്കത്തിലേക്കുണര്‍ന്നു.
അയാളുടെ ബെഡ്ഡിനു താഴെ കാര്‍പ്പെറ്റില് വിരിച്ച പുതപ്പില്‍ സക്കീര്‍ കൂര്‍ക്കം വലിച്ചുറങ്ങിക്കൊണ്ടിരുന്നു.

IV

സക്കീര്‍ മുറി വിട്ടു പോയപ്പോള്‍ ആനന്ദന്‍ കമ്പ്യൂട്ടറിനു മുന്‍പില്‍ ഇരിക്കുകയായിരുന്നു. സാധനങ്ങള്‍ ചുമന്നു മാറ്റാന്‍ സക്കീര്‍ അയാളോടു സഹായം ചോദിച്ചില്ല. സഹായിക്കണോ എന്നു ആനന്ദന്‍ ചോദിച്ചതുമില്ല.
സക്കീര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആനന്ദന്‍ ഫാന്‍ ഓണ്‍ ചെയ്തു സോഫായില് കിടന്നു. കാറ്റ് എല്ലായിടത്തുമെത്തുന്ന രീതിയില്‍ തന്‍റെ ശരീരം സ്വതന്ത്രമാണെന്ന് ആനന്ദനു തോന്നി. എങ്കിലും തന്‍റെ മുലക്കണ്ണുകള്‍ കടയുന്നതെന്തു കൊണ്ടെന്നു മാത്രം അയാള്‍ക്ക് മനസ്സിലായില്ല.

Monday, April 28, 2008

അപരാധങ്ങള്‍

അയാള്‍ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ പുറത്തു വെയിലിന്‍ മഞ്ഞ നിറമാകാന്‍ തുടങ്ങിയിരുന്നു.
നിന്‍‌റെ അച്ഛനും അമ്മയും എപ്പോള്‍ വരുമെന്നാ പറഞ്ഞത്?
അറിയില്ല. ഗുരുവായൂരെത്തിയപ്പോള്‍ വിളിച്ചിരുന്നു.
മാറിപ്പോയ സോക്സ് അയാള്‍ കാലില്‍ നിന്നും വലിച്ചൂരി.
നിന്‍‌റെ കല്യാണം നടക്കാന്‍ വേണ്ടിയല്ലേ?
പാവം എന്‍‌റെ അച്ഛനുമമ്മയും.
അവള്‍ എഴുന്നേറ്‌റിരുന്നു.
അയാള്‍ ഷര്‍ട്ടിന്‍‌റെ പോക്കറ്‌റില്‍ നിന്നും കുറച്ച് നോട്ടുകള്‍ എടുത്ത് അവളുടെ നേരെ നീട്ടി.
എന്താ ഇത്?
അയാള്‍ ഒന്നും മിണ്ടിയില്ല.
ഛീ... പട്ടീ എനിക്കു വേണ്ട നിന്‍‌റെ കാശ്.
ഞാന്‍ ഒന്നും വെറുതെ വാങ്ങാറില്ല.
അയാള്‍ ആ നോട്ടുകള്‍ അവളുടെ അടുത്ത് കിടക്കയില്‍ വച്ചു.
അയാള്‍ വാതിലടച്ച് ഇറങ്ങിപ്പോയിട്ടും അവള്‍ കുറേ സമയം അങ്ങനെ തന്നെ ഇരുന്നു.
പിന്നെ ഒരു നോട്ടെടുത്ത് ചുരുട്ടി ചുണ്ടില്‍ വച്ച് അടുക്കളയിലേക്ക് നടന്നു.
ചായയിടാനായി സ്‌റ്റൌവ് ഓണ്‍ ചെയ്തെങ്കിലും പിന്നെ വേണ്ടെന്ന് വച്ച് ചുരുട്ടിയ കടലാസിന്‍റെ അറ്റത്ത് തീ പിടിപ്പിച്ച് പതുക്കെ അത് കത്തിക്കയറുന്നത് നോക്കി നിന്നു.

$ $ $ $ $ $

അയാള്‍ നടന്ന് വഴി തിരിഞ്ഞത് ചെറിയൊരു കവലയുടെ അവസാനഭാഗത്ത് നിന്നായിരുന്നു. ചെമ്മണ്‍പാതയുടെ ഒരു വശത്തുള്ള കലങ്ങിയ വെള്ളമുള്ള ചെറിയ കനാലില്‍ ഒരു നായ്ക്കുഞ്ഞ് വെപ്രാളപ്പെട്ട് നീന്തി അക്കര പറ്റുന്നത് അയാള്‍ കണ്ടു. അത് വിറച്ച് കൊണ്ട് വാലാട്ടി ഓടിച്ചെന്നതും ചൂണ്ടയിട്ടു കൊണ്ടിരുന്ന രണ്ട് പിള്ളേര്‍ വീണ്ടുമതിനെ തള്ളി വെള്ളത്തിലിട്ടു. മീന്‍ കൊത്താനായി ചൂളം കുത്തിക്കൊണ്ടിരിക്കുന്ന ആ പിള്ളേരെ നോക്കി അയാള്‍ നടന്നു.
വഴി തിരിഞ്ഞ് കയറിപ്പോകുന്ന കയറ്റത്തിനിരുവശവും കൈത വളര്‍ത്തുന്ന മണ്തിട്ടകളാണ്‍.
അധികം നടന്ന് തെളിഞ്ഞിട്ടില്ലാത്ത വഴിത്താരകളില്‍ കൂടി അയാള്‍ മുകളിലേയ്ക്ക് കയറുമ്പോള്‍ പുറകില്‍ കൈതക്കാട് തീര്‍ന്നു. ഒറ്റപ്പെട്ട മരങ്ങളുടെ ഇടയില്‍ കൂടി അയാള്‍ വിയര്‍ത്ത് നടന്നു കയറിപ്പോയി.

$ $ $ $ $

ഇരു വശവും തകര്‍ന്നു വീണ അറ്റങ്ങള്‍ തുറന്ന ഒരു ഇടനാഴിയുടെ മുന്‍പില്‍ അയാള്‍ നിന്നു. അയാ‍ള്‍ക്കു പിന്നില് ഇരുട്ട് കയറി വന്നു കൊണ്ടിരുന്നു. പൊടുന്നനെ തിണിര്‍ത്തിറങ്ങി വന്ന വെളിച്ചത്തില്‍ ഇടനാഴിയുടെ മറുവശത്ത് ഒരു കറുത്ത മരത്തെ അയാള്‍ കണ്ടു. അതിനപ്പുറം മറ്റൊന്നുമുണ്ടെന്ന് അയാള്‍ക്ക് തോന്നിയില്ല. രണ്ടാമത്തെ മിന്നലിലാണ്‍ ആ മരത്തില്‍ തല കീഴായി എന്തൊക്കെയോ തൂങ്ങിക്കിടപ്പുണ്ടോയെന്ന് അയാള്‍ക്ക് സംശയം തോന്നിയത്.

$ $ $ $ $

എന്തൊരു കുടിയാ കുഞ്ഞേ ഇത്. ഷാപ്പില്‍ ഒരു മറയ്ക്കപ്പുറം ഞാനുമുണ്ടായിരുന്നു. എന്നാലും... എണീറ്റേ കുഞ്ഞേ.
മുഖത്തു മുഴുവന്‍ ചേറ്. താങ്ങിപ്പിടിച്ചെഴുന്നേല്‍പ്പിച്ച കറുത്ത മനുഷ്യനെ അയാള്‍ ഈര്‍ഷ്യയോടെ നോക്കി. എന്തൊക്കെയാണിയാള്‍ പറയുന്നത്.
നടക്കാന്‍ പറ്റിയ അവസ്ഥയാണോ. വീടെവിടാന്നു പറ. ഞാന്‍ കൊണ്ടോന്നാക്കാം.
താങ്ങിപ്പിടിച്ച കൈകളെ അയാള്‍ വെറുപ്പോടെ ശക്തിയായി തട്ടി മാറ്റി. പ്രായമായ ശരീരം പറന്നു കളിക്കുന്ന ഒരു തൂവല്‍ പോലെ ചേറില്‍ പതിച്ചു. അയാളുടെ കറുപ്പിനടിയില്‍ നിന്നും കൂര്‍ത്ത കരിങ്കല്‍ തുളച്ച മുറിവ് വാര്‍ന്ന് ലവണരുചിയുള്ള ചോര കുഴഞ്ഞ ചേര്‍മണ്ണില്‍ പടര്‍ന്നു. തൂവല്‍ അനങ്ങാതെ മലര്‍ന്നു കിടന്നു. പെട്ടെന്ന് പെയ്ത ഒരു മഴയില്‍ പാടം നിറയെ വെള്ളം കയറാന്‍ തുടങ്ങി. അയാള്‍ ചെമ്മണ്‍പാതയില്‍ കയറി. ഏത് വിളുമ്പില്‍ നിന്നാണ്‍ ഒരു കരച്ചിലില്‍ വീഴുക എന്നറിയാതെ അയാള്‍ നടന്നു.

$ $ $ $ $ $

ഇഷ്ടികക്കളത്തില്‍ ടാര്‍പോളിന്‍ വലിച്ച് കെട്ടിയ ഷെഡ്ഡില്‍ ഒരു ആറാം ക്ലാസുകാരി അണ്ണാ... അന്ത മാതിരിയൊന്നും സെയ്യക്കൂടാത്... എന്ന് പിറുപിറുത്ത് കൊണ്ട് ഉറക്കത്തില്‍ ഇടയ്ക്കിടെ ഞെട്ടിക്കൊണ്ടിരുന്നു.