ഒടയോനോട് സ്നേഹമുള്ള ഒന്നാന്തരം ഒരു പട്ടിക്കുട്ടിയെപ്പോലാണ് ഷിവാസ് റീഗലെന്ന് തോമാച്ചന് പലപ്പോഴും തോന്നാറുണ്ട്. ആദ്യമാദ്യം അവനിങ്ങനെ മുട്ടിയുരുമ്മി നിന്ന് കാലില്‍ നക്കിയും കമ്മിയും വാലാട്ടി പരുമ്മിയങ്ങനെ നിന്നിട്ട് പെട്ടെന്ന് കുതിച്ചൊരു കയറ്റമാണ് ദേഹത്തോട്ട്. പൊട്ടിത്തരിച്ച് കേറുന്ന പോലെ. കള്ളുകുടി ഒരു വിപ്ലവം പോലെയാണെന്നും തോമാച്ചന് വ്യക്തിപരമായ ഒരഭിപ്രായമുണ്ട്. ഇരുട്ടിന്‍റെ മറവില്‍ നിശബ്ദമായി സന്നാഹങ്ങളൊരുക്കിയിട്ട് പെട്ടെന്ന് പൊട്ടിത്തെറിച്ച് കടന്നു പോകുന്ന ഒരു വിപ്ലവം പോലെ. പണ്ട് ദൂരദര്‍ശനില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നെന്ന് നീല നിറത്തില്‍ കാണിച്ചിട്ട് പെട്ടെന്ന് പടക്കം പൊട്ടുന്നത് പോലെ ഏതോ നായികയുടെ ചന്തി കുലുക്കിയുള്ള ഹിന്ദിപ്പാട്ട് കയറി വരുന്നത് പോലെ.
ബാത്‌റൂമീന്ന് ആന്‍സീടെ മൂളിപ്പാട്ട് കേക്കാം... അവളിന്ന് നല്ല മൂഡിലാന്ന് തോന്നുന്നു.
ദേ തോമാച്ചാ അധികമൊന്നും വലിച്ച് കയറ്റിയേക്കല്ലേ... ഞാന്‍ വന്നിട്ട് നോക്കുമേ.... മൂളിപ്പാട്ടിനെടയ്ക്ക് അവക്കടെ അറിയിപ്പ്.
പിന്നേ... അവള് പറയുന്നെടത്തല്ലേ എന്‍റെ ഷിവിയേ ഞാന്‍ നിര്‍ത്താമ്പോണേ... തോമാച്ചന്‍ പിഞ്ഞാണത്തിലെ പൊരിച്ച പന്നിയിലേക്ക് വിരലിട്ടു.
ടീപോയില്‍ ഒരു കെട്ട് പഴയ കത്തുകളിരിക്കുന്നു. ആന്‍സി തന്നെ തപ്പിയെടുത്തോണ്ട് വന്നതാണ്. സ്‌റ്റോര്‍ റൂമടിച്ച് വാരിയപ്പോള്‍ പഴയ സാധനങ്ങളിരിക്കുന്ന പെട്ടിക്കകത്തൂന്ന് ആന്‍സിക്ക് കിട്ടിയതാണ്. സംഭവം ശകലം പൈങ്കിളിയാണ്. പണ്ട് ആന്‍സിയെ ട്യൂണ്‍ ചെയ്ത് ചെയ്ത് നടന്ന് സമയത്ത് പള്ളി പെരുന്നാളിന് റാസ കഴിഞ്ഞ് എല്ലാവര്‍ടേം കണ്ണ് വെട്ടിച്ച് അവക്ക് കൊടുത്ത് തുടങ്ങിയ പ്രേമലേഖനങ്ങളുടെ ശേഖരം... ഭയങ്കരി... എല്ലാം കെട്ടിപ്പെറുക്കി വെച്ചിരിക്കാണ്.
കൊണ്ട് വന്ന് കെട്ടെല്ലാം ടീപ്പോയിലേക്കിട്ടിട്ട് എളിക്ക് കൈ കൊടുത്ത് ആന്‍സി ഒരു ചോദ്യം...
ഇതെന്നതാന്ന് വല്ല ഓര്‍മ്മേമൊണ്ടോ?
ഇല്ല. തോമാച്ചന്‍ അതൊന്ന് എടുത്ത് തിരിച്ചു മറിച്ച് നോക്കീട്ട് സത്യം സത്യമായി പറഞ്ഞു.
വായിച്ച് നോക്ക്.
എന്നതാടീ?
തേനേ ചക്കരേന്ന് ഒലിപ്പിച്ച് അച്ചായന്‍ തന്നെയെനിക്കെഴുതിയ കത്തുകളാ... പറഞ്ഞിട്ടെന്താ എന്തൊരു സ്നേഹമാര്‍ന്നു പണ്ടൊക്കെ... ഇപ്പം ഒന്നുമില്ല. ആന്‍സി തോമാച്ചന്‍റെ അടുത്ത് വന്നിരുന്ന് അയാള്‍ടെ താടിയേല്‍ പിടിച്ചൊരു കിള്ള്. എല്ലാ പെണ്ണുങ്ങളും ഇങ്ങനൊക്കെത്തന്നെ.
സ്നേഹത്തിന് ഇപ്പഴെന്നാടീ ഒരു കൊറവ്... ഇപ്പഴും സ്നേഹമൊക്കെയൊണ്ട്. തോമാച്ചന്‍ ആന്‍സിയെ അവിടേം ഇവിടേമൊക്കെ ഇക്കിളിയിട്ട് ഒന്ന് കെട്ടിപ്പിടിക്കാന്‍ നോക്കി.
ഹ. എന്തുവാ എന്തുവാ ഇത് പിള്ളേര് വരാറായി... ആ നേരത്താണോ കിന്നാരം ? എന്ന് ചോദിച്ച് കുതറിച്ച് ആന്‍സിയങ്ങ് എണീറ്റ് പോയി.
അല്ലേലും ഈ പെണ്ണുങ്ങളിങ്ങനാ... സ്നേഹമില്ലാന്ന് പറയുകേം ചെയ്യും... എന്നാപ്പിന്നെ ശകലം സ്നേഹം കാണിക്കാന്ന് വച്ചാ അന്നേരം പിള്ളേര്, പിറുങ്ങണി...
തോമാച്ചന്‍ ഒരു കത്തെടുത്ത് ഒന്ന് മറിച്ച് നോക്കി.
എന്‍റെ സുന്ദരിക്കുട്ടിക്ക്...
തോമാച്ചന്‍ അതവിടെയിട്ട് വേറെയൊരെണ്ണമെടുത്തു.
എന്‍റെ മാലാഖേ...
നേരാ കേട്ടോ... ചെറുപ്പത്തില്‍ അവള് നല്ല സുന്ദരിയാര്‍ന്നു. കുരുത്തോലപ്പെരുന്നാളിനൊക്കെ അവള് വീട്ടുകാര്‍ടെ കൂടെ കുണുങ്ങിക്കുണുങ്ങി വരുന്നത് കാണാന്‍ തന്നെ ഒരു ചന്തമാര്‍ന്നു. ആ എടവകേല് ആ സമയത്ത് അത്രേം മുടിയൊള്ള പെങ്കൊച്ചില്ലാര്‍ന്നു. ചന്തി വരെയിങ്ങനെ നിറഞ്ഞ് കെടക്കുവല്ലാര്‍ന്നോ മുടി. എടവകേലെ കൊച്ചച്ചന് വരെ അവളേ കാണുമ്പോ തൊണ്ട വിക്കുമാര്‍ന്നു.
അല്ലേലും അതെന്തൊരു കാലമാര്‍ന്നു. ആന്‍സീടെ പൊറകെ ചുമ്മാ നടക്കല്, പള്ളിപ്പെരുന്നാള്, റബര്‍ തോട്ടത്തിലെ ചീട്ട് കളി, കശുമാമ്പഴം ഇട്ട് ചാരായം വാറ്റല്, അമ്മാച്ചന്‍റെ വീട്ടില് ചെല്ലുമ്പോ കിട്ടുന്ന വെടിയിറച്ചി, മണിയന്‍ പിള്ളേടെ ഷാപ്പിലെ മൂത്ത പനംകള്ള്. പിന്നെ അപ്പന്‍ നിര്‍ബന്ധിക്കുമ്പം മാത്രം റബര്‍ ഷീറ്റ് വിക്കുന്ന കടേ പോയിരുന്നാ മതിയാര്‍ന്നു. അതിനുമുണ്ട് ഗുണം. അപ്പന്‍റെ മേശവലിപ്പീന്ന് കാശ് വലിക്കാന്‍ പറ്റും. അപ്പനെല്ലാം അറിയാം കെട്ടോ. വല്ലപ്പോഴുമൊന്ന് ചോദിക്കും എടാ നീ കാശ് വല്ലതുമെടുത്തോന്ന്. എടുത്തൂന്ന് പറയുവാണെങ്കില്‍ ഒന്നും മിണ്ടേലാ അന്നേരം. വൈകുന്നേരം പ്രാര്‍ത്ഥനേം അത്താഴവും കഴിഞ്ഞിട്ട് അമ്മച്ചിയോട് പറയുന്ന പോലെ ഒച്ചത്തില്‍പ്പറേം അവനവന്‍ സമ്പാദിക്കുമ്പോഴേ കാശിന്‍റെ വിലയറിയൂന്ന്. അന്നേരം അപ്പന്‍ പിന്നാര്‍ക്ക് വേണ്ടീട്ടാ ഇക്കണ്ടതൊക്കെ ഒണ്ടാക്കുന്നെ എന്നു തിരിച്ചും ചോദിക്കും. ങ്ഹാ എന്‍റെ കാലം കഴീട്ടെടാ അന്നേരം അറ്യാമെന്ന് അപ്പനും പറേം. അപ്പനങ്ങനൊന്നും ഞങ്ങളിയിട്ടേച്ച് പോകത്തില്ലപ്പാ എന്ന് പറഞ്ഞ് ഒരു കെട്ടിപ്പിടുത്തമങ്ങ് പിടിക്കും. അന്നേരം അപ്പനൊന്നു ചിരിക്കും. എല്ലാം കോമ്പ്രമൈസ്. അല്ലേലും ഞങ്ങളപ്പനും മക്കളും കൂട്ടുകാരേപ്പോലാ... അന്നേരം അനിയത്തൊയൊണ്ട് സോഫി. അവളൂടെ വന്ന് അപ്പനെയങ്ങ് കെട്ടിപ്പിടിക്കും. അപ്പോ അപ്പന്‍റെ കണ്ണിലൊരു തെളക്കമൊണ്ട്. എല്ലാം കണ്ട് കണ്ണ് നെറഞ്ഞൊരു ചിരിയും ചിരിച്ച് അമ്മച്ചിയും അടുത്ത് വന്ന് നിക്കും. എന്താടീ പെമ്പ്രന്നോരേ നീ മാറി നിക്കണേന്ന് ചോദിച്ച് അപ്പന്‍ അമ്മച്ചിയേം അങ്ങു കൂടെക്കൂട്ടും. എന്തൊരു രസമാര്‍ന്നു.
എന്തോന്നാ തോമാച്ചായിത്... ഞാമ്പറഞ്ഞിട്ടു പോയതല്ലേ... ഇതിപ്പം എത്രയായി? ആന്‍സി തോമാച്ചന് പുറം തിരിഞ്ഞ് നിന്ന് കണ്ണാടിയില്‍ നോക്കി മുടി ചിക്കാന്‍ തുടങ്ങി.
നൈറ്റിയില് അവള്‍ടെ ശരീരത്തിന്‍റെ നെഴല് കാണാം.
ദേ നിര്‍ത്തിയെടീ ആന്‍സിക്കുട്ടീ.
ആന്‍സി തല വെട്ടിച്ച് എന്താ പെട്ടൊന്നൊരു സ്നേഹം എന്ന ആശ്ചര്യത്തില്‍ തോമാച്ചനെ നോക്കി.
നിര്‍ത്തണേ...ന്ന് പറഞ്ഞ് അവള്‍ മുടിചിക്ക് തുടര്‍ന്നു.
പിഞ്ഞാണത്തീന്ന് ഒരു പന്നിക്കഷ്ണമെടുക്കാനോങ്ങിയപ്പളാണ് തോമാച്ചനത് കണ്ടത്. പിഞ്ഞാണത്തില്‍ വളഞ്ഞു പുളഞ്ഞ് കിടക്കുന്നു നീണ്ട ഒരു മുടി.
ഇവളോട് നൂറ് പ്രാവശ്യം പറഞ്ഞിട്ടൊണ്ട്, വല്ലതും തിന്നുന്നതിനടുത്ത് നിന്നോണ്ട് മുടി ചീകരുതെന്ന്. തോമാച്ചന്‍ മുടിയങ്ങ് എടുത്ത് കളഞ്ഞ് ഒരു പന്നിക്കഷ്ണമെടുത്തു.
അല്ലേലും തോമാച്ചന് ഇപ്പം എന്നേക്കാളും സ്നേഹം കള്ളിനോടാ.
പെട്ടെന്നെവിടുന്നോ ഒരു കോപം കേറി വന്ന് തോമാച്ചനെയങ്ങ് അന്ധനാക്കിക്കളഞ്ഞു.
നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടില്ലേടീ തീറ്റസാധനത്തില് മുടി വീഴാതെ നോക്കണമെന്ന്. അന്നേരം അവള് തര്‍ക്കുത്തരം പറയുന്നു.
തോമാച്ചന്‍ കൈയില്‍ കിട്ടിയ ഷിവാസ് റീഗല്ലിന്‍റെ കുപ്പിയെടുത്ത് ആന്‍സിയുടെ തലയുടെ പുറകില്‍ ഒരടി വച്ചു കൊടുത്തു. കുപ്പി പൊട്ടിച്ചെതറിപ്പോയി. ആന്‍സി തലയുടെ പുറകു വശം പൊത്തിപ്പിടിച്ചോണ്ട് തോമാച്ചനെയൊന്ന് തിരിഞ്ഞു നോക്കി. എന്നിട്ട് ബോധം കെട്ടങ്ങ് വീണു. തറയിലേക്ക് ചോര കുടുകുടാന്ന് ചീറ്റി.
നിമിഷനേരം കൊണ്ട് തോമാച്ചന്‍റെ ദേഷ്യമിറങ്ങി. ബോധവും വീണു.
പിള്ളേരെ വിളിക്കണോന്ന് ആന്തലോടെയൊന്ന് ആലോചിചിട്ട് തോമാച്ചന്‍ വേണ്ടെന്ന് വച്ചു.
പെട്ടെന്ന് സെന്‍റ്. മേരീസ് ഹോസ്പിറ്റലിന്‌റെ നമ്പറ് തപ്പിയെടുത്ത് വിയര്‍ത്ത് കുളിച്ച് വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് തോമാച്ചന്‍ ഫോണിലിട്ട് കുത്താന്‍ തുടങ്ങി.
അല്ലേലും തോമാച്ചനങ്ങനാ... വൈകുന്നേരം രണ്ടെണ്ണമടിച്ചില്ലേ കൈ വെറയ്ക്കും.
5 comments:
ഉഗ്രനായി വന്നതായിരുന്നു.. അവസാനം തീര്‍ക്കാന്‍ ധിറുതി കൂടിപ്പോയപോലെ..
ഹ ഹാ... ലാബില്‍ ഇരുന്നു വൈകുന്നേരം എട്ട് തൊട്ടു ഒമ്പത് വരെ ഇരുന്നു എഴുതിയതാ... എട്ടര കഴിഞ്ഞപ്പോള്‍ വിശക്കാന്‍ തുടങ്ങിയാരുന്നു...
?????
തലയിലിരുന്നാ ചേല്; വായില്‍ വന്നാല്‍ മൈര്..
അല്ലേലും തോമാച്ചന്‍മാരിങ്ങനെയാ... അരിശം വന്നാല്‍ കൈപ്പിഴപറ്റിപ്പോവും ..
നന്നായി :)
എല്ലാ കള്ളൂകുടിയന്മാരൂം ഇങ്ങനാണോ
Post a Comment