“അങ്ങനെ ദാസന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.” ചെറുപ്പക്കാരന് വെള്ളക്കടലാസിലേക്കു കോറിയിട്ടു.
“കൊള്ളാം.” അയാള്‍ സ്വയം പറഞ്ഞു. ഒരു കഥ തുടങ്ങുകയാണെങ്കില്‍ ഇങ്ങനെ വേണം. തുടക്കം മരണം കൊണ്ട്, അനുവാചകനില്‍ മരണം എന്ന ശാശ്വത സത്യത്തിന്റെ വിഷം കിനിയിച്ചിറക്കിക്കൊണ്ട്… അയാള്‍ ആത്മസംതൃപ്തിയില്‍ തല കുടഞ്ഞു.
മേശ മേല്‍ കടലാസുകളും, പേനകളും, എരിഞ്ഞടങ്ങിയ സിഗററ്റു കുറ്റികളും ചിതറിക്കിടന്നു.
അയാള്‍ തുടര്‍ന്നു.
ദാസന് അഭ്യസ്തവിദ്യന്, തൊഴിലില്ലാത്തവന്.ദാസന് മരിച്ചാല്‍……പത്രത്തിലെ ചരമക്കോളത്തില്‍ ഒരു കോളം പേജില്‍ ഒതുങ്ങുന്ന വാര്‍ത്തയാകും ദാസന്. ജങ്ഷനില്‍ ജടകള്‍ തൂങ്ങി നില്ക്കുന്ന ആത്മരത്തിന്റെ ചുവട്ടിലിരുന്ന് പത്രവാര്‍ത്ത വായിച്ച് ആള്ക്കാര് “കഷ്ടം” എന്നര്‍ത്ഥത്തില്‍ മൂക്കിന് തുമ്പില്‍ വിരല്‍ വച്ച് അത്ഭുതം കൂറും. അവനിതിന്റെ വല്ല ആവശ്യവുമുണ്ടോ, അവനെപ്പറഞ്ഞിട്ടെന്താ, അവരല്ലേ കാരണം എന്നിങ്ങനെ പലതും ഛര്‍ദ്ദിച്ച് അവസാനം എല്ലാവരും ഇങ്ങനൊക്കെത്തന്നെ എന്നുപസംഹരിച്ച് ചായക്കടയിലെ ചെളി പിടിച്ച ഡെസ്ക്കിനു മുകളിലെ ചായയില്‍ ആഗോളവത്ക്കരണവും വിളമ്പി തൃപ്തരാകും.
വല്ല രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗത്വം ഉണ്ടായിരുന്നെങ്കില്‍ അവര്‍ ദാസനെ ഏറ്റെടുത്തേനേ… ദാസനെ രക്ത സാക്ഷിയായി പ്രഖ്യാപിച്ച് ഫണ്ട് പിരിവുകള്‍ നടത്തി ദാസനെ അവര്‍ നാലാളറിയുന്ന ആളാക്കിയേനേ… ഇതിപ്പോള്‍ ദാസന് ഒരു സമവായത്തിനും വഴങ്ങാനറിയാത്ത മണ്ടനായിപ്പോയി… ആര്‍ക്കാണ് നഷ്ടം, ദാസനോ രാഷ്ട്രത്തിനോ?
ദാസന്റെ കുടുംബമോ? നെഞ്ചിന്റെ വായുഅറകള്ക്കു മീതെ ചുരുട്ടിയ മുഷ്ടി കൊണ്ടു മരണതാളം കൊട്ടി പതം പറഞ്ഞു തുടങ്ങുന്ന നിലവിളികളില്‍ നിന്നും ചുമരിലെ മാലയിട്ട ചിത്രത്തിലേക്കും, നേര്‍ത്തു പോകുന്ന വേദനയിലേക്കും, ക്ലോക്കിലെ പെണ്ഡുലത്തിന്റെ ശബ്ദം പോലെ വല്ലപ്പോഴുമുള്ള ഓര്‍മ്മയിലേക്കും, വര്‍ഷത്തിലൊരിയ്ക്കല്‍ ഉരുട്ടിയ പിണ്ഡത്തിനു മീതെ വയ്ക്കുന്ന എള്ളിലേയ്ക്കും അവര്‍ ദാസനെ അവാഹിക്കും… പിന്നെ വരുന്ന ഭാഗ ഉടമ്പടികലഹങ്ങളില് അവര്‍ ദാസന്റെ പേര് തൊണ്ടയില്‍ കൈയ്ക്കുന്ന നീര് പോലെ ഓര്‍ക്കും…
ഭാരമില്ലാത്ത മൌനം പോലെ ദാസനങ്ങനെ വായുവില്‍ നേര്‍ത്തു നേര്‍ത്ത്… ദാസന് എങ്ങോട്ടോ നടന്നകന്നു… കാലടിപ്പിറകില് പറക്കുന്ന പൊടിയുടെ നിറം പോലും നോക്കാന്‍ ഭയന്ന്….
ചെറുപ്പക്കാരന് ഒരു സിഗററ്റിനു തീ കൊളുത്തി. വിരലുകള്‍ക്കിടയില്‍ പേന വീണ്ടും വര്‍ത്തുളമായി ചലിക്കാന്‍ തുടങ്ങി.
ഒരു പക്ഷെ ദാസന് മരണശേഷം ആത്മാവായി നാടു കാണാന്‍ വന്നേക്കാം. കര്‍പ്പൂരഗന്ധമുള്ള ഒരു അര്‍ധ രാത്രിയിലെ പുള്ളുകള്‍ കരയുന്ന യാമത്തില്‍ രൂപമില്ലാത്ത ഒരു കരച്ചില് പോലെ ദാസന്റെ ആത്മാവ് നിരത്തി വളര്‍ത്തിയ കുരങ്ങന് ചെടിയുടെ തലപ്പുകളെ കാല്പാദങ്ങള് കൊണ്ടു തഴുകി മുറ്റത്തു വന്നു നിന്നേക്കാം. പക്ഷെ ദാസനെ കണ്ടു പേടിച്ചു കുഞ്ഞുങ്ങള്‍ കരഞ്ഞാലോ? കുഞ്ഞുങ്ങള്‍ കരയുന്നത് ദാസന് ഇഷ്ടമുള്ള കാര്യമല്ല. ഇനി ദാസനെങ്ങാനും വരാതിരുന്നാലോ?
തന്റെ ശവമഞ്ചത്തിനു മേലെ വച്ച പൂക്കള്‍ കൊടും വെയിലില്‍ വാടുന്നതു ദാസന് കാണാം. ആര്‍ക്കുമാര്‍ക്കും ആരുമില്ലാതായിപ്പോയ ഒരു രാത്രിയുടെ കല്പ്പടവുകളിലിരുന്ന് ദാസന് ഉറക്കെക്കരഞ്ഞു.
വിരല്‍ പൊള്ളിച്ച സിഗററ്റ് ചെറുപ്പക്കാരന് കുടഞ്ഞെറിഞ്ഞു. പുതിയ ഒരു സിഗററ്റിന് തീ കൊളുത്തിക്കൊണ്ടു മുറിയുടെ വാതില്‍ തുറന്ന് അയാള്‍ പുറത്തിറങ്ങി. കണ്ണിനെയാകെ വിഴുങ്ങിയ ഇരുട്ടില്‍ സിഗററ്റ് പുകച്ച് അല്‍പ്പനേരം അയാള്‍ നിന്നു. തെളിഞ്ഞു വരുന്ന റബ്ബര്‍ മരങ്ങളുടെ പ്രേതരൂപങ്ങളെ നോക്കി നോക്കി പതിയെ അയാള്‍ മുറിയില്‍ കയറി വാതില്‍ ചാരി. വാതില്‍ പാളിയില്‍ കൂടി പുറത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ട് അയാള്‍ പിറുപിറുത്തു.
“ശ്ശെടാ, സൃഷ്ടിക്ക് മാതാവിനെപ്പേടിപ്പിക്കാനെന്തവകാശം?”
കയ്യിലെ സിഗററ്റ് വലിച്ചെറിഞ്ഞ് പേനയും കടലാസുമെടുത്ത് നിര്‍ത്തിയിടത്ത് നിന്നയാള്‍ തുടങ്ങി.
“പൊടുന്നനെ ഒരു കുഞ്ഞിന്റെ കരച്ചിലും, നാണത്തിന്റെ തൊങ്ങലുകള് കുടഞ്ഞിട്ട ഒരു ചിരിയും ദാസന് കേട്ടു. തനിക്കു ചുറ്റും ലോകം മാറുന്നത് അത്ഭുതത്തോടെ ദാസന് അറിഞ്ഞു. ജീവിക്കാന്‍ വേണ്ടി മാത്രം ഒരു മോഷ്ടാവാകാന്‍ ദാസന് തീരുമാനിച്ചു.”
എഴുത്തിനടിവരയിട്ടിട്ടെഴുന്നേറ്റ് ജനലിന്റെ കര്ട്ടന് വിരികള്‍ വലിച്ചിട്ട് മനസമാധാനത്തോടെ അയാള്‍ ഉറങ്ങാന്‍ കിടന്നു.
Thursday, September 20, 2007
Subscribe to:
Post Comments (Atom)
2 comments:
നന്നായിരിക്കുന്നു
നല്ല ഭാഷയും ശൈലിയും തുടരുക
അഭിനന്ദനങ്ങള്‍
njan onnum parayunnilla... athanu nallathu....
Post a Comment