Monday, February 9, 2009

ഷിവാസ് റീഗല്‍

ഒടയോനോട് സ്നേഹമുള്ള ഒന്നാന്തരം ഒരു പട്ടിക്കുട്ടിയെപ്പോലാണ് ഷിവാസ് റീഗലെന്ന് തോമാച്ചന് പലപ്പോഴും തോന്നാറുണ്ട്. ആദ്യമാദ്യം അവനിങ്ങനെ മുട്ടിയുരുമ്മി നിന്ന് കാലില്‍ നക്കിയും കമ്മിയും വാലാട്ടി പരുമ്മിയങ്ങനെ നിന്നിട്ട് പെട്ടെന്ന് കുതിച്ചൊരു കയറ്റമാണ് ദേഹത്തോട്ട്. പൊട്ടിത്തരിച്ച് കേറുന്ന പോലെ. കള്ളുകുടി ഒരു വിപ്ലവം പോലെയാണെന്നും തോമാച്ചന് വ്യക്തിപരമായ ഒരഭിപ്രായമുണ്ട്. ഇരുട്ടിന്‍‌റെ മറവില്‍ നിശബ്ദമായി സന്നാഹങ്ങളൊരുക്കിയിട്ട് പെട്ടെന്ന് പൊട്ടിത്തെറിച്ച് കടന്നു പോകുന്ന ഒരു വിപ്ലവം പോലെ. പണ്ട് ദൂരദര്‍ശനില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നെന്ന് നീല നിറത്തില്‍ കാണിച്ചിട്ട് പെട്ടെന്ന് പടക്കം പൊട്ടുന്നത് പോലെ ഏതോ നായികയുടെ ചന്തി കുലുക്കിയുള്ള ഹിന്ദിപ്പാട്ട് കയറി വരുന്നത് പോലെ.

ബാത്‌റൂമീന്ന് ആന്‍സീടെ മൂളിപ്പാട്ട് കേക്കാം... അവളിന്ന് നല്ല മൂഡിലാന്ന് തോന്നുന്നു.

ദേ തോമാച്ചാ അധികമൊന്നും വലിച്ച് കയറ്റിയേക്കല്ലേ... ഞാന്‍ വന്നിട്ട് നോക്കുമേ.... മൂളിപ്പാട്ടിനെടയ്ക്ക് അവക്കടെ അറിയിപ്പ്.

പിന്നേ... അവള് പറയുന്നെടത്തല്ലേ എന്‍‌റെ ഷിവിയേ ഞാന്‍ നിര്‍ത്താമ്പോണേ... തോമാച്ചന്‍ പിഞ്ഞാണത്തിലെ പൊരിച്ച പന്നിയിലേക്ക് വിരലിട്ടു.

ടീപോയില്‍ ഒരു കെട്ട് പഴയ കത്തുകളിരിക്കുന്നു. ആന്‍സി തന്നെ തപ്പിയെടുത്തോണ്ട് വന്നതാണ്. സ്‌റ്റോര്‍ റൂമടിച്ച് വാരിയപ്പോള്‍ പഴയ സാധനങ്ങളിരിക്കുന്ന പെട്ടിക്കകത്തൂന്ന് ആന്‍സിക്ക് കിട്ടിയതാണ്. സംഭവം ശകലം പൈങ്കിളിയാണ്. പണ്ട് ആന്‍സിയെ ട്യൂണ്‍ ചെയ്ത് ചെയ്ത് നടന്ന് സമയത്ത് പള്ളി പെരുന്നാളിന് റാസ കഴിഞ്ഞ് എല്ലാവര്‍ടേം കണ്ണ് വെട്ടിച്ച് അവക്ക് കൊടുത്ത് തുടങ്ങിയ പ്രേമലേഖനങ്ങളുടെ ശേഖരം... ഭയങ്കരി... എല്ലാം കെട്ടിപ്പെറുക്കി വെച്ചിരിക്കാണ്.

കൊണ്ട് വന്ന് കെട്ടെല്ലാം ടീപ്പോയിലേക്കിട്ടിട്ട് എളിക്ക് കൈ കൊടുത്ത് ആന്‍സി ഒരു ചോദ്യം...

ഇതെന്നതാന്ന് വല്ല ഓര്‍മ്മേമൊണ്ടോ?

ഇല്ല. തോമാച്ചന്‍ അതൊന്ന് എടുത്ത് തിരിച്ചു മറിച്ച് നോക്കീട്ട് സത്യം സത്യമായി പറഞ്ഞു.

വായിച്ച് നോക്ക്.

എന്നതാടീ?

തേനേ ചക്കരേന്ന് ഒലിപ്പിച്ച് അച്ചായന്‍ തന്നെയെനിക്കെഴുതിയ കത്തുകളാ... പറഞ്ഞിട്ടെന്താ എന്തൊരു സ്നേഹമാര്‍ന്നു പണ്ടൊക്കെ... ഇപ്പം ഒന്നുമില്ല. ആന്‍സി തോമാച്ചന്‍‌റെ അടുത്ത് വന്നിരുന്ന് അയാള്‍ടെ താടിയേല്‍ പിടിച്ചൊരു കിള്ള്. എല്ലാ പെണ്ണുങ്ങളും ഇങ്ങനൊക്കെത്തന്നെ.

സ്നേഹത്തിന് ഇപ്പഴെന്നാടീ ഒരു കൊറവ്... ഇപ്പഴും സ്നേഹമൊക്കെയൊണ്ട്. തോമാച്ചന്‍ ആന്‍സിയെ അവിടേം ഇവിടേമൊക്കെ ഇക്കിളിയിട്ട് ഒന്ന് കെട്ടിപ്പിടിക്കാന്‍ നോക്കി.

ഹ. എന്തുവാ എന്തുവാ ഇത് പിള്ളേര് വരാറായി... ആ നേരത്താണോ കിന്നാരം ? എന്ന് ചോദിച്ച് കുതറിച്ച് ആന്‍സിയങ്ങ് എണീറ്റ് പോയി.

അല്ലേലും ഈ പെണ്ണുങ്ങളിങ്ങനാ... സ്നേഹമില്ലാന്ന് പറയുകേം ചെയ്യും... എന്നാപ്പിന്നെ ശകലം സ്നേഹം കാണിക്കാന്ന് വച്ചാ അന്നേരം പിള്ളേര്, പിറുങ്ങണി...

തോമാച്ചന്‍ ഒരു കത്തെടുത്ത് ഒന്ന് മറിച്ച് നോക്കി.

എന്‍‌റെ സുന്ദരിക്കുട്ടിക്ക്...

തോമാച്ചന്‍ അതവിടെയിട്ട് വേറെയൊരെണ്ണമെടുത്തു.

എന്‍‌റെ മാലാഖേ...

നേരാ കേട്ടോ... ചെറുപ്പത്തില്‍ അവള് നല്ല സുന്ദരിയാര്‍ന്നു. കുരുത്തോലപ്പെരുന്നാളിനൊക്കെ അവള് വീട്ടുകാര്‍ടെ കൂടെ കുണുങ്ങിക്കുണുങ്ങി വരുന്നത് കാണാന്‍ തന്നെ ഒരു ചന്തമാര്‍ന്നു. ആ എടവകേല് ആ സമയത്ത് അത്രേം മുടിയൊള്ള പെങ്കൊച്ചില്ലാര്‍ന്നു. ചന്തി വരെയിങ്ങനെ നിറഞ്ഞ് കെടക്കുവല്ലാര്‍ന്നോ മുടി. എടവകേലെ കൊച്ചച്ചന് വരെ അവളേ കാണുമ്പോ തൊണ്ട വിക്കുമാര്‍ന്നു.

അല്ലേലും അതെന്തൊരു കാലമാര്‍ന്നു. ആന്‍സീടെ പൊറകെ ചുമ്മാ നടക്കല്, പള്ളിപ്പെരുന്നാള്, റബര്‍ തോട്ടത്തിലെ ചീട്ട് കളി, കശുമാമ്പഴം ഇട്ട് ചാരായം വാറ്റല്, അമ്മാച്ചന്‍‌റെ വീട്ടില് ചെല്ലുമ്പോ കിട്ടുന്ന വെടിയിറച്ചി, മണിയന്‍ പിള്ളേടെ ഷാപ്പിലെ മൂത്ത പനംകള്ള്. പിന്നെ അപ്പന്‍ നിര്‍ബന്ധിക്കുമ്പം മാത്രം റബര്‍ ഷീറ്റ് വിക്കുന്ന കടേ പോയിരുന്നാ മതിയാര്‍ന്നു. അതിനുമുണ്ട് ഗുണം. അപ്പന്‍‌റെ മേശവലിപ്പീന്ന് കാശ് വലിക്കാന്‍ പറ്റും. അപ്പനെല്ലാം അറിയാം കെട്ടോ. വല്ലപ്പോഴുമൊന്ന് ചോദിക്കും എടാ നീ കാശ് വല്ലതുമെടുത്തോന്ന്. എടുത്തൂന്ന് പറയുവാണെങ്കില്‍ ഒന്നും മിണ്ടേലാ അന്നേരം. വൈകുന്നേരം പ്രാര്‍ത്ഥനേം അത്താഴവും കഴിഞ്ഞിട്ട് അമ്മച്ചിയോട് പറയുന്ന പോലെ ഒച്ചത്തില്‍പ്പറേം അവനവന്‍ സമ്പാദിക്കുമ്പോഴേ കാശിന്‍‌റെ വിലയറിയൂന്ന്. അന്നേരം അപ്പന്‍ പിന്നാര്‍ക്ക് വേണ്ടീട്ടാ ഇക്കണ്ടതൊക്കെ ഒണ്ടാക്കുന്നെ എന്നു തിരിച്ചും ചോദിക്കും. ങ്ഹാ എന്‍‌റെ കാലം കഴീട്ടെടാ അന്നേരം അറ്യാമെന്ന് അപ്പനും പറേം. അപ്പനങ്ങനൊന്നും ഞങ്ങളിയിട്ടേച്ച് പോകത്തില്ലപ്പാ എന്ന് പറഞ്ഞ് ഒരു കെട്ടിപ്പിടുത്തമങ്ങ് പിടിക്കും. അന്നേരം അപ്പനൊന്നു ചിരിക്കും. എല്ലാം കോമ്പ്രമൈസ്. അല്ലേലും ഞങ്ങളപ്പനും മക്കളും കൂട്ടുകാരേപ്പോലാ... അന്നേരം അനിയത്തൊയൊണ്ട് സോഫി. അവളൂടെ വന്ന് അപ്പനെയങ്ങ് കെട്ടിപ്പിടിക്കും. അപ്പോ അപ്പന്‍‌റെ കണ്ണിലൊരു തെളക്കമൊണ്ട്. എല്ലാം കണ്ട് കണ്ണ് നെറഞ്ഞൊരു ചിരിയും ചിരിച്ച് അമ്മച്ചിയും അടുത്ത് വന്ന് നിക്കും. എന്താടീ പെമ്പ്രന്നോരേ നീ മാറി നിക്കണേന്ന് ചോദിച്ച് അപ്പന്‍ അമ്മച്ചിയേം അങ്ങു കൂടെക്കൂട്ടും. എന്തൊരു രസമാര്‍ന്നു.

എന്തോന്നാ തോമാച്ചായിത്... ഞാമ്പറഞ്ഞിട്ടു പോയതല്ലേ... ഇതിപ്പം എത്രയായി? ആന്‍സി തോമാച്ചന് പുറം തിരിഞ്ഞ് നിന്ന് കണ്ണാടിയില്‍ നോക്കി മുടി ചിക്കാന്‍ തുടങ്ങി.

നൈറ്റിയില് അവള്‍ടെ ശരീരത്തിന്‍‌റെ നെഴല് കാണാം.

ദേ നിര്‍ത്തിയെടീ ആന്‍സിക്കുട്ടീ.

ആന്‍സി തല വെട്ടിച്ച് എന്താ പെട്ടൊന്നൊരു സ്നേഹം എന്ന ആശ്ചര്യത്തില്‍ തോമാച്ചനെ നോക്കി.

നിര്‍ത്തണേ...ന്ന് പറഞ്ഞ് അവള്‍ മുടിചിക്ക് തുടര്‍ന്നു.

പിഞ്ഞാണത്തീന്ന് ഒരു പന്നിക്കഷ്ണമെടുക്കാനോങ്ങിയപ്പളാണ് തോമാച്ചനത് കണ്ടത്. പിഞ്ഞാണത്തില്‍ വളഞ്ഞു പുളഞ്ഞ് കിടക്കുന്നു നീണ്ട ഒരു മുടി.

ഇവളോട് നൂറ് പ്രാവശ്യം പറഞ്ഞിട്ടൊണ്ട്, വല്ലതും തിന്നുന്നതിനടുത്ത് നിന്നോണ്ട് മുടി ചീകരുതെന്ന്. തോമാച്ചന്‍ മുടിയങ്ങ് എടുത്ത് കളഞ്ഞ് ഒരു പന്നിക്കഷ്ണമെടുത്തു.

അല്ലേലും തോമാച്ചന് ഇപ്പം എന്നേക്കാളും സ്നേഹം കള്ളിനോടാ.

പെട്ടെന്നെവിടുന്നോ ഒരു കോപം കേറി വന്ന് തോമാച്ചനെയങ്ങ് അന്ധനാക്കിക്കളഞ്ഞു.

നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടില്ലേടീ തീറ്റസാധനത്തില് മുടി വീഴാതെ നോക്കണമെന്ന്. അന്നേരം അവള് തര്‍ക്കുത്തരം പറയുന്നു.

തോമാച്ചന്‍ കൈയില്‍ കിട്ടിയ ഷിവാസ് റീഗല്ലിന്‍‌റെ കുപ്പിയെടുത്ത് ആന്‍സിയുടെ തലയുടെ പുറകില്‍ ഒരടി വച്ചു കൊടുത്തു. കുപ്പി പൊട്ടിച്ചെതറിപ്പോയി. ആന്‍സി തലയുടെ പുറകു വശം പൊത്തിപ്പിടിച്ചോണ്ട് തോമാച്ചനെയൊന്ന് തിരിഞ്ഞു നോക്കി. എന്നിട്ട് ബോധം കെട്ടങ്ങ് വീണു. തറയിലേക്ക് ചോര കുടുകുടാന്ന് ചീറ്റി.

നിമിഷനേരം കൊണ്ട് തോമാച്ചന്‍റെ ദേഷ്യമിറങ്ങി. ബോധവും വീണു.

പിള്ളേരെ വിളിക്കണോന്ന് ആന്തലോടെയൊന്ന് ആലോചിചിട്ട് തോമാച്ചന്‍ വേണ്ടെന്ന് വച്ചു.

പെട്ടെന്ന് സെന്‍‌റ്. മേരീസ് ഹോസ്പിറ്റലിന്‌റെ നമ്പറ് തപ്പിയെടുത്ത് വിയര്‍ത്ത് കുളിച്ച് വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് തോമാച്ചന്‍ ഫോണിലിട്ട് കുത്താന്‍ തുടങ്ങി.

അല്ലേലും തോമാച്ചനങ്ങനാ... വൈകുന്നേരം രണ്ടെണ്ണമടിച്ചില്ലേ കൈ വെറയ്ക്കും.


Monday, August 4, 2008

ഫര്‍ഹാന്‍: തര്‍ജ്ജനി ഓഗസ്റ്റ്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

1.

ജീവിച്ചിരിക്കും എന്ന് ഞാന്‍ വിചാരിച്ചിട്ടും ഫര്‍ഹാന്‍ മരിച്ചു. അയാള്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് കരുതാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.

2.

ഇങ്ങനെ ഒന്നും തോന്നുന്നില്ല എന്നു വിചാരിച്ചു കിടക്കുമ്പോള്‍ തോന്നലുകള്‍ക്കു തന്നെ ഒരു ഭാരക്കുറവുണ്ടാകും. ഫര്‍ഹാന്‍റെ ശബ്ദം ക്ഷീണിച്ചിരുന്നു.

തനിക്ക് രോഗമൊന്നുമില്ലാ എന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു രോഗി ചെയ്യുന്ന ചാപല്യങ്ങളെല്ലാം അയാള്‍ ചെയ്തു കൊണ്ടിരുന്നു.

ഒരു മാസ്സീവ് സ്ട്രോക്കില്‍ നിന്നും കഷ്ടിച്ചാണ്‍ നിങ്ങള്‍ രക്ഷപെട്ടത്.

ഞാനത് പറഞ്ഞപ്പോള്‍ അടുത്ത് നിന്ന സജദിന്‍‌റെ ശബ്ദമുയര്‍ന്നു.

ഫര്‍ഹാന്‍, എല്ലാം നിങ്ങളുടെ ജീവിതരീതിയുടെ കുഴപ്പമാണ്‌‍.

എന്ത് കുഴപ്പം ഭായ്, അല്‍ള്ളാഹ് എന്‍‌റെ ജീവിതത്തില്‍ നടക്കേണ്ടതെല്ലാം എപ്പോഴേ എഴുതി വച്ചിരിക്കുന്നു.

അതെ, റോയല്‍ യൂണിവേര്‍സിറ്റി ഹോസ്പിറ്റലില്‍ തന്നെ നിങ്ങള്‍ കിടക്കുമെന്നും കാണുമല്ലേ? ഞാന്‍ കളിയാക്കി.

സുമന്‍... ഉറക്കത്തില്‍ ശ്വാസം മുട്ടി, തല പെരുത്ത്, ശരീരം മുഴുവന്‍ കഴച്ച് എഴുന്നേറ്റപ്പോള്‍ ഞാന്‍ നിങ്ങളെയാണാദ്യം വിളിക്കാന്‍ ശ്രമിച്ചത്.

നൈറ്റ്ഷിഫ്‌റ്റ് കഴിഞ്ഞ് വന്ന് ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞു.

ഞാന്‍ മരണത്തെ ശരിക്കും കണ്ടു സുമന്‍. അതിനെന്നെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ ശരീരത്തിനും മനസ്സിനും കനം കൂടി കൂടി വന്നു സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ എന്‍റെ നാടിനെ ഓര്‍ത്തു. എനിക്ക് ബംഗ്ലാദേശില്‍ ചെന്ന് മരിച്ചാല്‍ മതി. എന്‍റെ ബാപ്പയും കുടുംബത്തിലെ മുതിര്‍ന്നവരും വെടി കൊണ്ട് വീണ് മരിച്ച എന്‍റെ നാട്ടില്‍, എന്‍റെ സഹോദരിമാര്‍ മാനഭംഗത്തിനിരയായ ബ്രാഹ്മിന്‍ബാരിയായിലെ തെരുവില്‍, കരഞ്ഞ് കരഞ്ഞ് എന്‍റെ ഉമ്മയ്ക്ക് ശബ്ദം നഷ്ടപ്പെട്ട എന്‍റെ വീട്ടില്‍ വേണം എനിക്ക് മരിക്കാന്‍.

ആര്‍ യൂ സ്റ്റുപ്പിഡ്. നിനക്ക് മറ്റൊന്നും പറയാനില്ലേ? നീയുടനെയൊന്നും മരിക്കില്ല. ഞങ്ങളെയൊക്കെ കുറച്ചു കൂടി ബുദ്ധിമുട്ടിച്ചിട്ടേ നീ പോകൂ. സജദ് ദേഷ്യപ്പെട്ടു.

സജദ് ജനിച്ചത് പാകിസ്ഥാനിലാണെങ്കിലും ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ നിയുക്തമാക്കപ്പെട്ട പാകിസ്ഥാന്‍ പട്ടാളത്തിലെ ഭടനായിരുന്ന പിതാവിനൊപ്പം ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്ന് പിന്നീട് അവിടെ വളരുകയാണുണ്ടായത്.

ഫര്‍ഹാന്‍റെ കണ്ണുകള്‍ അടഞ്ഞു പോകുന്നുണ്ടായിരുന്നു. അയാള്‍ ഉറങ്ങിക്കഴിഞ്ഞാണ്‌‍ ഞങ്ങള്‍ ആശുപത്രി വിട്ടു പോന്നത്.

3.

ബ്രാഹ്മിന്‍ബാരിയയിലെ ഞങ്ങളുടെ വീടിന് മുന്‍പില്‍ നിറയെ പച്ചപ്പും കായ്ഫലവുമുള്ള മരങ്ങളുണ്ട്. അതിനപ്പുറം വലിയ തടാകമാണ്‌‍. നല്ല വെയിലത്തു പോലും ആ തടാകത്തിലെ വെള്ളത്തിനും അവിടുത്തെ കാറ്റിനും നല്ല തണുപ്പാണ്‌. വൈകുന്നേരം സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ നീന്തലും കുളിയും തിമിര്‍പ്പുമായി ആ തടാകത്തില്‍ തന്നെയാണ്‌‍. രാത്രിയില്‍ ഞങ്ങള്‍ ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോകും. തണുത്ത കാറ്റ് കൊണ്ട് ബീഡിയും വലിച്ച് ബോട്ടില്‍ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ മുഴുത്ത മീനിനെ കിട്ടും. അപ്പോള്‍ ഞങ്ങള്‍ പറയും “അഞ്ച് നിമിഷം” എന്ന്; അതായത് ആ മീനിനെ തിന്നു തീര്‍ക്കാന്‍ അഞ്ച് നിമിഷം മതി എന്ന്.

ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് ഇളയച്ഛനും കുടുംബവും ബ്രാഹ്മിന്‍ബാരിയയില്‍ വന്നു താമസം തുടങ്ങിയത്. ഇളയച്ഛന് പന്ത്രണ്ട് വയസ്സുകാരിയായ ഒരു മകളുണ്ട്. ഇളയച്ഛന്‍റെ കൈ പിടിച്ച് തടാകത്തിനപ്പുറം അവള്‍‍ വന്നു നില്‍ക്കും. മിക്കവാറും ഞാനാണ് ബോട്ട് തുഴഞ്ഞ് ചെല്ലുക. അവരെ ബോട്ടില്‍ കയറ്റി തിരിച്ച് ഞാന്‍ ബോട്ട് തുഴയുമ്പോള്‍ കാറ്റില്‍ ഇളകുന്ന ചെമ്പന്‌മുടി ഒതുക്കി അവളെന്നെ നോക്കി ചിരിക്കും. അപ്പോള്‍ ഒരു ട്രൌസര്‍ മാത്രമിട്ടിരിക്കുന്ന എന്‍റെ നഗ്നതയില്‍ ലജ്ജിച്ച് തുഴപ്പാട് മാത്രം നോക്കി ഞാന്‍ തുഴയും.

ഇസ്ലാമിന് നിരക്കാത്ത ജീവിതം നയിക്കുന്നവന്‍ എന്ന്‍ ബാപ്പ വിശേഷിപ്പിക്കുന്ന ഒരു അമ്മാവന്‍ എനിക്കുണ്ട്. ഇളയച്ഛന്‍റെ മകളോട് മാത്രം അയാള്‍ പ്രത്യേകവാത്സല്യം കാണിച്ച് പോന്നിരുന്നു. ഒരു മഴക്കാലത്താണ് ബാപ്പ അമ്മാവനെ തല്ലിയതും കഴുത്തിനു പിടിച്ച് മഴയത്തേക്ക് ഇറക്കി വിട്ടതും. ഉമ്മ അമ്മാവനെ ശാപവചനങ്ങള്‍ കൊണ്ട് മൂടുന്നുണ്ടായിരുന്നു. തുടയില്‍ കൂടി ചോരയൊഴുകുന്ന ഇളയച്ഛന്‍റെ മകളെ എടുത്ത് കൊണ്ട് ബാപ്പ പെരുമഴയത്ത് ആശുപത്രിയിലേക്ക് ഓടി. പുറകെ ഓടിയപ്പോഴാണ് മഴയ്ക്കും ചിലപ്പോഴൊക്കെ ചൂടാണെന്ന് എനിക്കു മനസ്സിലായത്.

4.

സുമന്‍, എന്‍റെ അമ്മ മരിക്കുന്നതിന് തൊട്ടു മുന്‍പ് തന്നെ എനിക്കു മനസ്സിലായിരുന്നു അവര്‍ മരിക്കാന്‍ പോകുകയാണെന്ന്. ഞാന്‍ മറ്റൊരു മുറിയില്‍ ഒറ്റയ്ക്ക് ചെന്നിരുന്നു. എന്‍‌റെ നെഞ്ച് വിങ്ങിക്കൊണ്ടിരുന്നു. അനാഥത്വം പതുക്കെ എന്നെ ഗ്രസിക്കാന്‍ തുടങ്ങി. അപ്പുറത്ത് അമ്മയുടെ മുറിയില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ എന്‍‌റെ കണ്ണില്‍ നിന്നും വന്നില്ല. അമ്മയുടെ സംസ്കാരത്തിനാവശ്യമായ പണം എങ്ങനെ കണ്ടെത്തും എന്നായിരുന്നു എന്‍‌റെ ചിന്ത. വീട്ടിലെ ഏക ആണ്തരി ഞാനായിരുന്നു. പതിനഞ്ചുവയസ്സ് മാത്രമുണ്ടായിരുന്ന എനിക്കന്ന് കരയാന്‍ പോലുമുള്ള വിവേകം നഷ്ടപ്പെട്ടിരുന്നു.

ഫര്‍ഹാന്‍ അധികം സംസാരിക്കാതിരിക്കൂ. നിങ്ങള്‍ക്കിപ്പോള്‍ നല്ലതു പോലെ വിശ്രമം ആവശ്യമാണ്. ഞാന്‍ പറഞ്ഞു.

5.

1971-ന് മുന്‍പ് ഞാന്‍ ജനിക്കാതിരുന്നെങ്കില്‍! ബ്രാഹ്മിന്‍ബാരിയയിലെ കാറ്റിനിപ്പോള്‍ നല്ല ഉഷ്ണമാണ്‌. കറുത്ത നിറമുള്ള പൂഴി നിറഞ്ഞ ആ മണ്ണിലാണ് ബാപ്പ വെടിയേറ്റ് വീണത്. അവിടെ തന്നെയാണ് അമ്മാവന്മാരുടെ ചോര കട്ട പിടിച്ച ശവശരീരങ്ങള്‍ പട്ടാളക്കാര്‍ വലിച്ചിഴച്ച് കൊണ്ട് വന്നിട്ടത്. വീടിന്‍റെ മുറ്റത്ത് നിന്നു തുടങ്ങി തടാകത്തിന്‍റെ വശം ചേര്‍ന്ന് പോകുന്ന തെരുവിലാണ് പരസ്യമായി മാനഭംഗത്തിനിരയാക്കപ്പെട്ട് എന്‍റെ സഹോദരിമാരുടെ ശരീരങ്ങള്‍ വിറങ്ങലിച്ചത്. കരഞ്ഞ് കരഞ്ഞ് ഉമ്മയുടെ ശബ്ദം നഷ്ടപ്പെട്ടത് അവിടെയാണ്.

ഞാന്‍ മരിച്ചത് അവിടെയാണ്.

5.

ഫര്‍ഹാന്‍ മരിച്ചു. അയാള്‍ക്ക് ബംഗ്ലാദേശില്‍ പോകാന്‍ കഴിഞ്ഞില്ല എന്ന് എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല; അല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

Sunday, May 18, 2008

സക്കീര്‍

ജിഞ്ചര്‍ ചിക്കനുള്ള മസാലയിലേക്ക് ആനന്ദന്‍ കുരുമുളക് പൊടി തൂളിയിടുമ്പോഴാണ് സക്കീര്‍ ആ പ്രസ്താവന നടത്തിയത്.
ഓ ആനന്ദ്‍ ! അന്നു നീയുണ്ടാക്കിയ ചിക്കന്‍റെ രുചി ഇപ്പോഴും എന്‍റെ നാവിലുണ്ട്. അന്നു രാത്രി മുഴുവന്‍ ലാബില്‍ വര്‍ക്ക് ചെയ്യാന്‍ എന്നെയാ ജിഞ്ചര്‍ ചിക്കന്‍ സഹായിച്ചു.
മസാല പുരണ്ട ഒരു ഇറച്ചിക്കഷണത്തില്‍ കൂടിയാണ് അയാള്‍ തന്‍റെ സ്വകാ‍ര്യതയില്‍ കയറി താമസമുറപ്പിച്ചതെന്ന് ആനന്ദന്‍ ഓര്‍ത്തു.
സക്കീറ് തുടരെ കോട്ടുവായിട്ടു കൊണ്ടിരുന്നു. ദിവസങ്ങളോളം നാലു മണിക്കൂര്‍ മാത്രം ഉറങ്ങി ജോലി ചെയ്ത് അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.
ആനന്ദ് നിങ്ങള്‍ വണ്ണം വയ്ക്കുന്നുണ്ട്.
ആനന്ദന്‍ കഷണങ്ങള്‍ ഇളക്കി മസാല പിടിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
And you are growing breast like a woman.
എന്ത്?
ആനന്ദന്‍ നീരസത്തോടെ അയാളുടെ നേര്‍ക്കു തിരിഞ്ഞു.
സക്കീര്‍ നൂറു കിലോ അടുത്ത് തൂക്കം വരുന്ന ഒരു ആജാനുബാഹു‍ ആയിരുന്നു.

I

ആനന്ദന്‍ ലാബില്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്.
വാതില്‍ തുറന്നപ്പോള്‍ സക്കീര്‍ അയാളെ അഭിവാദ്യം ചെയ്തു.
ഗുഡ്മോര്‍ണിങ്ങ് ആനന്ദ് ഭായ്.
ഗുഡ്മോര്‍ണിങ്ങ്. എന്താ സക്കീര്‍ കാര്യം?
സക്കീര്‍ അല്പം മടിയോടെ പറഞ്ഞു.
You know; I just wanted to tell you that I noticed your fingers when you were sleeping.
അതിന്? ആനന്ദന്‍ പ്രകടമായ ദേഷ്യത്തോടെ ചോദിച്ചു. ലാബില്‍ നിന്നു വിളിച്ചിറക്കിയത് അയാള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
എന്‍റെ അമ്മയ്ക്കും നിനക്കുള്ളതു പോലെ വിരലിലെ നഖങ്ങള്‍ക്കു ചുറ്റും ഇരുണ്ടിരുന്നു. നിങ്ങള്‍ ബംഗ്ലാദേശിലുറങ്ങുന്ന എന്‍റെ അമ്മയെപ്പോലിരിക്കുന്നു. You are my mother.
സക്കീര്‍ വിക്കി പറഞ്ഞു. പേരറിയാത്ത ഒരു സങ്കടം അയാളുടെ കണ്ണുകളില്‍ ഉണ്ടെന്നു ആനന്ദന്‍ തോന്നി.
എനിക്കെങ്ങനെ നിന്‍റെ അമ്മയാകാന്‍ പറ്റും? ഞാനൊരു‍ സ്ത്രീയല്ല, ബംഗ്ലാദേശിയുമല്ല. I got to go and work.
ആനന്ദന്‍ ലാബില്‍ കയറി വാതിലടച്ചു.

II

ആനന്ദ് ഞാന്‍ നല്ല ഒരാളാണോ?
ആനന്ദന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴാണ് സക്കീര്‍ അങ്ങനെ ചോദിച്ചത്.
എന്താ ചോദിച്ചത്?
ആനന്ദന്‍ പുതിപ്പനടിയില്‍ നിന്നും തല പൊക്കി അയാളെ നോക്കി.
ഞാന്‍ ഒരു നല്ല വ്യക്തിയല്ല. ഞാന്‍ പറയുന്നതു കേട്ടാല്‍ നിനക്കതു മനസ്സിലാകും.
ആനന്ദന് നല്ലതു പോലെ ഉറക്കം വരുന്നുണ്ടായിരുന്നു.
നീ ആരോടും പറയില്ല എന്നു വാക്കു തരണം. അല്ലെങ്കില്‍ വേണ്ട, നീ ആരോടും പറയില്ല. എനിക്കുറപ്പാണ്.
എങ്ങനെ? ആനന്ദന്‍ ചോദിച്ചു.
കാരണം നീയെന്‍റെ അമ്മയാണ്.
ഞാന്‍ നിന്‍റെ അമ്മയല്ല. ആനന്ദന് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.
നിനക്കറിയാമോ എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്നെ ഒരാള്‍ ശാരീരികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്‍റെ രണ്ടാനമ്മയുടെ അനുജന്‍. അയാളത് രണ്ട് വര്‍ഷത്തോളം തുടര്‍ന്നു. തെറ്റാണെന്നറിഞ്ഞു കൊണ്ട് എനിക്കു വിധേയനാകേണ്ടി വന്നു. അവസാനം സഹിക്ക വയ്യാതെ എനിക്കത് അച്ഛനോടു പറയേണ്ടി വന്നു. അന്നു രാത്രി രണ്ടാനമ്മ എന്നെ പൊതിരെ തല്ലി, അവരുടെ അനുജനെ കുറിച്ചു അപവാദം പറഞ്ഞതിനും അയാളെ അവിശ്വസിച്ചതിനും. അന്നു ഉറങ്ങാന്‍ അയാളുടെ അറയിലേക്കു തന്നെ അവര്‍ എന്നെ ഉന്തി വിട്ടു. അയാള്‍ എന്‍റെ മുറിവുകളില്‍ എണ്ണ പുരട്ടി. എന്നിട്ട് എന്നെ പൈശാചികമായി പ്രാപിച്ചു. പക്ഷേ ഞാന്‍ പകരം വീട്ടി. അയാള്‍ക്കു മതിയായിട്ടും ഞാന്‍ അടങ്ങിയില്ല. അവസാനം അയാള്‍ വേദന കൊണ്ട് അലറിക്കരഞ്ഞു.
ആനന്ദന്‍ പതുക്കെ ഭിത്തിക്ക് നേരെ തിരിഞ്ഞു കിടന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം എന്നെയും ഭാര്യയേയും വിരുന്നു വിളിച്ചു അയാളും എന്‍റെ രണ്ടാനമ്മയും. അവിടെ അവര്‍ ചോദിച്ചതിനൊന്നും ഞാന്‍ ഉത്തരം പറഞ്ഞില്ല, പകരം അവരെ രൂക്ഷമായി നോക്കി. അവര്‍ വിളമ്പിയതൊന്നും ഞാന്‍ കഴിച്ചില്ല. ചിക്കന്‍ കഷണങ്ങള്‍ ഞാന് വിരലുകള്‍ക്കിടയിലിട്ട് പകിട പോലെ ഉരുട്ടിക്കളിച്ചു.
You are a bad guy. ആനന്ദന്‍ സക്കീറിന് നേരെ തിരിഞ്ഞു കിടന്നു.
എന്തു കൊണ്ട്?
കാരണം നിങ്ങള്‍ ആ ഭക്ഷണം നിഷേധിച്ചു. അത് പാപമാണ്.
സക്കീര്‍ പിന്നെ ഒന്നും സംസാരിച്ചില്ല.

III

ഉറക്കത്തില്‍ ആനന്ദന്‍ രണ്ട് സ്വപ്നങ്ങള്‍ കണ്ടു.
ആദ്യത്തേതില്‍ തലമുടിയില്‍ വാത്സല്യത്തോടെ തലോടുന്ന നഖങ്ങളുടെ ചുറ്റും ഇരുണ്ട ചര്‍മ്മമുള്ള വിരലുകളേയാണ് കണ്ടത്.
രണ്ടാമത്തേതില്‍ അയാളുടെ തുടയില്‍ പതിയുന്ന തടിച്ച കൈ വിരലുകളേയും അയാള്‍ക്കു മേല്‍ അമരുന്ന ഭാരമുള്ള ശരീരത്തെയുമാണ് കണ്ടത്.
പ്രതിരോധിക്കാനെന്ന വണ്ണം ആനന്ദന്‍ ചുമരിനു നേര്‍ തിരിഞ്ഞു കിടന്നു. തുടകള്‍ക്കിടയില്‍ കൈ തിരുകി അയാള്‍ പകുതി മയക്കത്തിലേക്കുണര്‍ന്നു.
അയാളുടെ ബെഡ്ഡിനു താഴെ കാര്‍പ്പെറ്റില് വിരിച്ച പുതപ്പില്‍ സക്കീര്‍ കൂര്‍ക്കം വലിച്ചുറങ്ങിക്കൊണ്ടിരുന്നു.

IV

സക്കീര്‍ മുറി വിട്ടു പോയപ്പോള്‍ ആനന്ദന്‍ കമ്പ്യൂട്ടറിനു മുന്‍പില്‍ ഇരിക്കുകയായിരുന്നു. സാധനങ്ങള്‍ ചുമന്നു മാറ്റാന്‍ സക്കീര്‍ അയാളോടു സഹായം ചോദിച്ചില്ല. സഹായിക്കണോ എന്നു ആനന്ദന്‍ ചോദിച്ചതുമില്ല.
സക്കീര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആനന്ദന്‍ ഫാന്‍ ഓണ്‍ ചെയ്തു സോഫായില് കിടന്നു. കാറ്റ് എല്ലായിടത്തുമെത്തുന്ന രീതിയില്‍ തന്‍റെ ശരീരം സ്വതന്ത്രമാണെന്ന് ആനന്ദനു തോന്നി. എങ്കിലും തന്‍റെ മുലക്കണ്ണുകള്‍ കടയുന്നതെന്തു കൊണ്ടെന്നു മാത്രം അയാള്‍ക്ക് മനസ്സിലായില്ല.

Monday, April 28, 2008

അപരാധങ്ങള്‍

അയാള്‍ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ പുറത്തു വെയിലിന്‍ മഞ്ഞ നിറമാകാന്‍ തുടങ്ങിയിരുന്നു.
നിന്‍‌റെ അച്ഛനും അമ്മയും എപ്പോള്‍ വരുമെന്നാ പറഞ്ഞത്?
അറിയില്ല. ഗുരുവായൂരെത്തിയപ്പോള്‍ വിളിച്ചിരുന്നു.
മാറിപ്പോയ സോക്സ് അയാള്‍ കാലില്‍ നിന്നും വലിച്ചൂരി.
നിന്‍‌റെ കല്യാണം നടക്കാന്‍ വേണ്ടിയല്ലേ?
പാവം എന്‍‌റെ അച്ഛനുമമ്മയും.
അവള്‍ എഴുന്നേറ്‌റിരുന്നു.
അയാള്‍ ഷര്‍ട്ടിന്‍‌റെ പോക്കറ്‌റില്‍ നിന്നും കുറച്ച് നോട്ടുകള്‍ എടുത്ത് അവളുടെ നേരെ നീട്ടി.
എന്താ ഇത്?
അയാള്‍ ഒന്നും മിണ്ടിയില്ല.
ഛീ... പട്ടീ എനിക്കു വേണ്ട നിന്‍‌റെ കാശ്.
ഞാന്‍ ഒന്നും വെറുതെ വാങ്ങാറില്ല.
അയാള്‍ ആ നോട്ടുകള്‍ അവളുടെ അടുത്ത് കിടക്കയില്‍ വച്ചു.
അയാള്‍ വാതിലടച്ച് ഇറങ്ങിപ്പോയിട്ടും അവള്‍ കുറേ സമയം അങ്ങനെ തന്നെ ഇരുന്നു.
പിന്നെ ഒരു നോട്ടെടുത്ത് ചുരുട്ടി ചുണ്ടില്‍ വച്ച് അടുക്കളയിലേക്ക് നടന്നു.
ചായയിടാനായി സ്‌റ്റൌവ് ഓണ്‍ ചെയ്തെങ്കിലും പിന്നെ വേണ്ടെന്ന് വച്ച് ചുരുട്ടിയ കടലാസിന്‍റെ അറ്റത്ത് തീ പിടിപ്പിച്ച് പതുക്കെ അത് കത്തിക്കയറുന്നത് നോക്കി നിന്നു.

$ $ $ $ $ $

അയാള്‍ നടന്ന് വഴി തിരിഞ്ഞത് ചെറിയൊരു കവലയുടെ അവസാനഭാഗത്ത് നിന്നായിരുന്നു. ചെമ്മണ്‍പാതയുടെ ഒരു വശത്തുള്ള കലങ്ങിയ വെള്ളമുള്ള ചെറിയ കനാലില്‍ ഒരു നായ്ക്കുഞ്ഞ് വെപ്രാളപ്പെട്ട് നീന്തി അക്കര പറ്റുന്നത് അയാള്‍ കണ്ടു. അത് വിറച്ച് കൊണ്ട് വാലാട്ടി ഓടിച്ചെന്നതും ചൂണ്ടയിട്ടു കൊണ്ടിരുന്ന രണ്ട് പിള്ളേര്‍ വീണ്ടുമതിനെ തള്ളി വെള്ളത്തിലിട്ടു. മീന്‍ കൊത്താനായി ചൂളം കുത്തിക്കൊണ്ടിരിക്കുന്ന ആ പിള്ളേരെ നോക്കി അയാള്‍ നടന്നു.
വഴി തിരിഞ്ഞ് കയറിപ്പോകുന്ന കയറ്റത്തിനിരുവശവും കൈത വളര്‍ത്തുന്ന മണ്തിട്ടകളാണ്‍.
അധികം നടന്ന് തെളിഞ്ഞിട്ടില്ലാത്ത വഴിത്താരകളില്‍ കൂടി അയാള്‍ മുകളിലേയ്ക്ക് കയറുമ്പോള്‍ പുറകില്‍ കൈതക്കാട് തീര്‍ന്നു. ഒറ്റപ്പെട്ട മരങ്ങളുടെ ഇടയില്‍ കൂടി അയാള്‍ വിയര്‍ത്ത് നടന്നു കയറിപ്പോയി.

$ $ $ $ $

ഇരു വശവും തകര്‍ന്നു വീണ അറ്റങ്ങള്‍ തുറന്ന ഒരു ഇടനാഴിയുടെ മുന്‍പില്‍ അയാള്‍ നിന്നു. അയാ‍ള്‍ക്കു പിന്നില് ഇരുട്ട് കയറി വന്നു കൊണ്ടിരുന്നു. പൊടുന്നനെ തിണിര്‍ത്തിറങ്ങി വന്ന വെളിച്ചത്തില്‍ ഇടനാഴിയുടെ മറുവശത്ത് ഒരു കറുത്ത മരത്തെ അയാള്‍ കണ്ടു. അതിനപ്പുറം മറ്റൊന്നുമുണ്ടെന്ന് അയാള്‍ക്ക് തോന്നിയില്ല. രണ്ടാമത്തെ മിന്നലിലാണ്‍ ആ മരത്തില്‍ തല കീഴായി എന്തൊക്കെയോ തൂങ്ങിക്കിടപ്പുണ്ടോയെന്ന് അയാള്‍ക്ക് സംശയം തോന്നിയത്.

$ $ $ $ $

എന്തൊരു കുടിയാ കുഞ്ഞേ ഇത്. ഷാപ്പില്‍ ഒരു മറയ്ക്കപ്പുറം ഞാനുമുണ്ടായിരുന്നു. എന്നാലും... എണീറ്റേ കുഞ്ഞേ.
മുഖത്തു മുഴുവന്‍ ചേറ്. താങ്ങിപ്പിടിച്ചെഴുന്നേല്‍പ്പിച്ച കറുത്ത മനുഷ്യനെ അയാള്‍ ഈര്‍ഷ്യയോടെ നോക്കി. എന്തൊക്കെയാണിയാള്‍ പറയുന്നത്.
നടക്കാന്‍ പറ്റിയ അവസ്ഥയാണോ. വീടെവിടാന്നു പറ. ഞാന്‍ കൊണ്ടോന്നാക്കാം.
താങ്ങിപ്പിടിച്ച കൈകളെ അയാള്‍ വെറുപ്പോടെ ശക്തിയായി തട്ടി മാറ്റി. പ്രായമായ ശരീരം പറന്നു കളിക്കുന്ന ഒരു തൂവല്‍ പോലെ ചേറില്‍ പതിച്ചു. അയാളുടെ കറുപ്പിനടിയില്‍ നിന്നും കൂര്‍ത്ത കരിങ്കല്‍ തുളച്ച മുറിവ് വാര്‍ന്ന് ലവണരുചിയുള്ള ചോര കുഴഞ്ഞ ചേര്‍മണ്ണില്‍ പടര്‍ന്നു. തൂവല്‍ അനങ്ങാതെ മലര്‍ന്നു കിടന്നു. പെട്ടെന്ന് പെയ്ത ഒരു മഴയില്‍ പാടം നിറയെ വെള്ളം കയറാന്‍ തുടങ്ങി. അയാള്‍ ചെമ്മണ്‍പാതയില്‍ കയറി. ഏത് വിളുമ്പില്‍ നിന്നാണ്‍ ഒരു കരച്ചിലില്‍ വീഴുക എന്നറിയാതെ അയാള്‍ നടന്നു.

$ $ $ $ $ $

ഇഷ്ടികക്കളത്തില്‍ ടാര്‍പോളിന്‍ വലിച്ച് കെട്ടിയ ഷെഡ്ഡില്‍ ഒരു ആറാം ക്ലാസുകാരി അണ്ണാ... അന്ത മാതിരിയൊന്നും സെയ്യക്കൂടാത്... എന്ന് പിറുപിറുത്ത് കൊണ്ട് ഉറക്കത്തില്‍ ഇടയ്ക്കിടെ ഞെട്ടിക്കൊണ്ടിരുന്നു.

Thursday, October 4, 2007

പനിക്കിടക്ക

നെറ്റിയിലെ പൊള്ളലിന് മീതെ അരിച്ചിറങ്ങുന്ന നേര്ത്ത തണുപ്പ് തിരശ്ശീലത്തുണിയുടെ അറ്റത്ത് കൂടി മുടിയിലേക്ക് ഈര്‍ച്ചയായി പടരുന്നു. തല പതുക്കെ തിരിച്ച് പുറത്തേക്ക് നോക്കുമ്പോള്‍ കണ്‍കോണുകള്‍ വിങ്ങുന്നുണ്ട്. ജനലഴികള്‍ക്കപ്പുറം മഴ സൂചിത്തുമ്പ് പോലെ പെയ്തിറങ്ങുന്നു.

കട്ടില്‍ത്തലപ്പിന് മുകളില്‍ പഴയ തടിക്ലോക്കില്‍ മിനുട്ട് സൂചി ഇടവേളകളിട്ട് നീങ്ങുന്നതിന്റെ ശബ്ദം ചരല്‍ക്കല്ലുകള്‍ക്ക് മേലെ മഴ വീഴുന്ന ശബ്ദത്തിനിടയിലും കേള്‍ക്കാം. അതിന്റെ സെക്കണ്ട് സൂചി പണ്ടേ ചത്തിരിക്കുകയാണ്.

എത്ര നേരം കേട്ട്, കേട്ടങ്ങനെ കിടന്നെന്നറിയില്ല. കര തുളുമ്പിയൊഴുകുന്ന വെള്ളത്തിന് മുകളില്‍ നിരാധാരമായി ഒഴുകി നീങ്ങുമ്പോഴാണ് ഒരു നേര്‍ത്ത സ്വരം… അവ്യക്തമായി അങ്ങ് ദൂരെ നിന്ന്… പിന്നെ പതുക്കെയത് തെളിഞ്ഞു, നെറ്റിയിലെ തണുത്ത വിരല്‍ സ്പര്‍ശമായി…

“എങ്ങനുണ്ട് മോനിപ്പോള്‍” അച്ഛനാണ് നിറഞ്ഞ വാത്സല്യമായി…

“ഹേയ്… അദ്ദേഹത്തിനിപ്പോ ഒന്നുമില്ലെന്നേ… ഒരു കുഞ്ഞു പനി… അതിപ്പോ അങ്ങു മാറില്ലേ?” ശബ്ദത്തിന്റെ ഉടമയെ കാണാന്‍ കണ്ണുകള്‍ തിരഞ്ഞു.

വാസുമ്മാമ…

നിര തെറ്റിയ നന്നേ വെളുത്ത പല്ലുകള്‍ക്കിടയില്‍ കൂടി വാസുമ്മാമ ചിരിച്ചു.

“വാസുമ്മാമേ….” ഞാന്‍ പനിയുടെ ശാഠ്യം ഞരക്കമായി മാറുന്നത് അറിഞ്ഞു.

“ഇല്ല കുട്ടാ, ഇതിപ്പോ ശടേന്നങ്ങ് പോകില്ലേ” വാസുമ്മാമ എന്റെ മുടികളില്‍ തലോടി.

“ങാഹാ. വാസുവോ… കുറെ നാളായല്ലോ കണ്ടിട്ട്” അമ്മയാണ്.

വാസുമ്മാമ അമ്മയെ നോക്കി ചിരിച്ചു.

“എവിടുന്ന് കണ്ടു വാസുവിനെ?” അമ്മ അച്ഛനോട് ചോദിച്ചു.

“ദാ, ആ മുക്കില്‍ കുറെ പിള്ളേരുടെ കൂടെയിരുന്ന് നിര കളിക്കുന്നു. അവിടുന്ന് പിടിച്ച പിടിയാലേ ഇങ്ങ് കൊണ്ട് പോന്നു.”

വാസുമ്മാമ കട്ടില്‍ക്കാല്‍ക്കല്‍ വന്നിരുന്നു.

“പിന്നെ പറ… എവിടെയൊക്കെയാരുന്നു ഇപ്രാവശ്യം സഞ്ചാരം” അച്ഛന്‍ ചോദിച്ചു.

“പുരാണമൊക്കെ പിന്നെ. വിളക്കു വയ്ക്കാറായി, രണ്ടു പേരും പോയി കുളിച്ചിട്ട് വാ… അത്താഴം കഴിഞ്ഞിട്ട് മതി കഥകളൊക്കെ” അമ്മ അകത്തേക്ക് പോകുന്നതിനിടയില്‍ പറഞ്ഞു.

“ശരിയാ അളിയാ… പെങ്ങള്‍ പറയുന്ന പോലെ ഊണ് കഴിഞ്ഞിട്ട് ബാക്കി കാര്യങ്ങളൊക്കെ, വാ കുളിക്കാം.”

അതിഥി ആതിഥേയനെ ക്ഷണിക്കുന്നത് കണ്ടപ്പോള്‍ എനിക്കു ചിരി വന്നു, പനിയുടെ വരണ്ട ചിരി.

അല്‍പ്പസമയം ഞാന്‍ കണ്ണടച്ച് കിടന്ന് കാണും.

മോനേ, ദേ ഈ കഞ്ഞി കുടിച്ചേ”

ഞാന്‍ കണ്ണ് തുറന്നു.

അമ്മ പിഞ്ഞാണത്തില്‍ കഞ്ഞിയുമായി അടുത്തിരിക്കുന്നു.

“എനിക്ക് വേണ്ടമ്മേ, രുചിയില്ല”. ഞാന്‍ കൈ കൊണ്ട് കഞ്ഞിപ്പാത്രം മാറ്റാന്‍ നോക്കി.

“എന്നു പറഞ്ഞാലെങ്ങനാ… ക്ഷീണം മാറേണ്ടേ? ദേ, അമ്മ വാരിത്തരാം.”

ചൂടുള്ള കഞ്ഞി. നാവില്‍ മാങ്ങാ അച്ചാറിന്റെ പുളിയും, വിനാഗിരിയുടെ കുത്തും.

കുളിര്‍ന്ന ഒരു കാറ്റില്‍ കൈയിലെ രോമങ്ങള്‍ എഴുന്നു നിന്നു.

പുതപ്പിച്ചിട്ട് അമ്മ അകത്തേക്ക് പോയി.

എനിക്ക് പിന്നെ ഉറക്കം വന്നില്ല.

ഊണ് കഴിഞ്ഞ് അച്ഛനും, വാസുമ്മാമയും തളത്തിലേക്ക് വന്നു. രണ്ട് പേരും ഇരുന്ന് മുറുക്കുന്നത് കണ്ട് ഞാനിരുന്നു. പുറത്ത് മഴയ്ക്ക് ശക്തി കൂടാന്‍ തുടങ്ങിയിരുന്നു. അല്‍പ്പം കഴിഞ്ഞ് നേര്യതിന്‍ തുമ്പില്‍ കൈ തുടച്ച് അമ്മയും വന്ന് തൂണില്‍ ചാരി ഇരുന്നു.

വാതില്‍ക്കലേക്ക് ചെന്ന് നീട്ടിയൊന്ന് തുപ്പിയിട്ട് അച്ഛന്‍ തിരികെ വന്നിരുന്നു.

‘പിന്നെ പറയടോ, എന്തൊക്കെയാണ് തന്റ്റെ വാര്‍ത്തകള്‍?” അച്ഛന്‍ മുഖം തോളിനെ മേല്‍ ചെരിച്ച് വാസുമ്മാമയെ നോക്കി.

ആ ചോദ്യം കേള്‍ക്കാന്‍ നോക്കിയിരുന്ന പോലെ വാസുമ്മാമ രണ്ട് കാല്‍മുട്ടിലും കൈകള്‍ തിരുമ്മിപ്പിടിച്ചു കൊണ്ട് കണ്ഠശുദ്ധി വരുത്തി.

“എങ്ങോട്ടെന്നില്ലാതെ, എപ്പോഴെന്നില്ലാതെ കുറെ നടന്നു. നാടുകളെത്ര തരം, ആള്‍ക്കാരെത്ര വിധം…”

വാസുമ്മാമ കോളാമ്പിയിലേക്ക് മുറുക്കാന്‍ ചണ്ടി തുപ്പിക്കളഞ്ഞു. പിന്നെ മൊന്തയിലെ വെള്ളമെടുത്ത് ഒന്നു കുലുക്ക് കുഴിഞ്ഞു വാതില്‍ക്കല്‍ ചെന്ന് പുറത്തേക്ക് തുപ്പിക്കളഞ്ഞു.

അമ്മയുടെ മുഖത്ത് ബാക്കിയെന്തെന്ന ആകാംക്ഷ.

വാസുമ്മാമയ്ക്ക് എന്തൊക്കെയോ ദേവതാപൂജകള്‍ വശമുണ്ടെന്ന് അമ്മ പറഞ്ഞിട്ടുന്ട്. എന്തു കഴിക്കുന്നതിനും, കുടിക്കുന്നതിനും മുന്‍പ് ആരും കാണാതെ വസുമ്മാമ മൂന്ന് പ്രാവശ്യം വറ്റെടുത്ത് വിരല്‍ കൊണ്ട് നുള്ളിത്തെറുപ്പിക്കുന്നത് രഹസ്യമായി ഞാന്‍ കണ്ടിട്ടുണ്ട്.

“ഈയ്യിടെ നമ്മുടെ ആറിനപ്പുറം അമ്മേടമ്പലത്തില്‍ ഉത്സവം കഴിഞ്ഞ് രാത്രീല്‍ ഞാനിങ്ങോട്ട് വരുവാരുന്നു. സമയം ഏതാണ്ട് അര്‍ദ്ധരാത്രിയായി കാണും. ആറിന്റങ്ങേ കരേല്‍ എത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്, വള്ളക്കാരന്‍ പോയിരിക്കുന്നു. ചെറിയ നിലാവുണ്ട്… ആറിലെ വെള്ളത്തിനു മുകളില് മഞ്ഞ് പൊന്തുന്നതിങ്ങനെ കണ്ടു തന്നെ കുറേ നേരം എന്തു ചെയ്യണമെന്ന് വിചാരിച്ച് നിന്നു. അപ്പോളുണ്ട് അപ്പുറത്ത് നിന്ന് തുണിയലക്കുന്ന ശബ്ദം. ഹാവൂ, ആശ്വാസമായി, അക്കരേലാളുണ്ടല്ലോ… ഒന്നു കൂവി നോക്കി. പെട്ടെന്നാ ശബ്ദം നിന്നു. രണ്ട് നിമിഷം കഴിഞ്ഞതും വീണ്ടുമാ ശബ്ദം. പിന്നെ ഒന്നും വിചാരിച്ചില്ല. അക്കരേലാളുണ്ട്, നമുക്കറിയാവുന്ന ആറും. അങ്ങിറങ്ങി നീന്തി.”

വാസുമ്മാമ ഒന്നു നിര്‍ത്തി. ഞാന്‍ കിടക്കയില്‍ നിവര്‍ന്നിരുന്നു.

“നീന്തിയപ്പുറത്ത് ചെന്നപ്പോള്‍ അവിടെങ്ങും ആരുമില്ല. തുണിയലക്കി പോയിക്കാണുമെന്ന് വിചാരിച്ചു. തുണി പിഴിഞ്ഞുടുക്കുമ്പോളാണ്… അക്കരയില്‍ നിന്നും തുണിയലക്കുന്ന ശബ്ദം… ആദ്യം അസ്വഭാവികമായി ഒന്നും തോന്നിയില്ല. പിന്നെയാണ്, ബോധമുദിച്ചത്. നേരം അസമയമാണല്ലോ ഈശ്വരാ… അപ്പോഴുണ്ട് ആ ശബ്ദം അടുത്തടുത്ത് വരുന്നു. ദേഹത്തൂടെ ഒരു വിറയലങ്ങോട്ട് കയറി. എന്റെ ഭരദേവതേ എന്ന് വിളിച്ച് കുറ്റാക്കുറ്റിരുട്ടത്ത് എങ്ങോട്ടാണ് ഓടിയതെന്നറിയില്ല.”

നട്ടെല്ലില്‍ കൂടി എന്തോ ഇഴഞ്ഞു മുകളിലേക്ക് കയറുന്നത് പോലെ എനിക്ക് തോന്നി.

“നമ്മുടെ രവിയമ്മാവനാണ് പറഞ്ഞത്, ഭരദേവതേടെ അനുഗ്രഹം നിനക്കുണ്ട് വാസുവെ, കവടി നിരത്തി നോക്കേണ്ട ആവശ്യമൊന്നുമില്ല, അല്ലെങ്കില്‍ അങ്ങനെ ആ സമയത്ത് നിനക്കവിടെ നിന്ന് രക്ഷപെട്ട് വരാന്‍ പറ്റുമായിരുന്നില്ല.”

ഞാന്‍ എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി. അമ്മ താടിക്ക് കൈ കൊടുത്ത് ഭീതി നിറഞ്ഞ മുഖവുമായി ഇരിക്കുന്നു.

“എന്റെ കൃഷ്ണാ.” അമ്മയുടെ നെടുവീര്‍പ്പ്.

മുറ്റത്ത് നനയുന്ന ചെത്തിയേയും, തുമ്പയേയും നടുക്കിക്കൊണ്ട് ആകാശം പൊട്ടിപ്പിളര്‍ന്ന് ജനലിനപ്പുറം തീ പെയ്തിറങ്ങി.

“അച്ഛാ, ദേ ഈ മരുന്ന് കഴിച്ചേ.”

മയക്കത്തിന്റെ പാട വലിച്ച് മാറ്റാന്‍ ശ്രമിച്ച് കൊണ്ട് ഞാന്‍ കണ്ണുകള്‍ തുറന്നു.

രാധികയാണ്.

“എനിക്കങ്ങനെ പനിയൊന്നുമില്ല മോളേ” ഞാന്‍ അവള്‍ വച്ച് നീട്ടിയ മരുന്ന് നിരസിക്കാന്‍ നോക്കി.

“ആര് പറഞ്ഞു പനിയൊന്നുമില്ലെന്ന്… നല്ല ചൂടുണ്ട്… ദാ ഇതു കഴിച്ചേ.” അവള്‍ വായിലേക്ക് ഗുളികകള്‍ ഇട്ടു തന്നു.

അനുസരണയുള്ള അച്ഛനായി ഞാനതിറക്കി.

നെറ്റിയിലെ ഉണങ്ങിയ തിരശ്ശീലത്തുണിയില്‍ വെള്ളമിറ്റിച്ച്, പുതപ്പ് നേരേയിട്ടിട്ട് അവള്‍ പോയി.

ഞാന്‍ കണ്ണുകള്‍ ജനാലയഴിക്കപ്പുറത്തേക്ക് നട്ടു. പുറത്ത് അന്നത്തെ പോലെ നൂല്‍മഴ പെയ്യുന്നു.

എന്റെ ഹൃദയത്തില്‍ കൂടി ചൂട് നീരാവി ഒഴുകുന്നത് പോലെ….

ജനലഴികള്‍ക്കപ്പുറം വാസുമ്മാമ, നിരയില്ലാത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചു കൊണ്ട്…

പൊടുന്നനെ ചുമരില്‍ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ശരീരത്തില്‍ കൂടി ലാവയൊഴുകുന്നത് പോലെ എനിക്കു തോന്നി. ആ പഴയ തടി ക്ലോക്കിലെ വര്ഷങ്ങളായി നിശ്ചലമായിരുന്ന സെക്ക്ണ്ട് സൂചി വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു… സൂചി മുന്‍പോട്ടും പുറകോട്ടും നിന്നാടി… വേഗത കൂടിക്കൂടി വന്നു… മുന്‍പോട്ട്… പുറകോട്ട്… മുന്‍പോട്ട്… പുറകോട്ട്…. ഭ്രാന്തമായ വേഗത്തില്‍ സെക്കണ്ട് സൂചി കറങ്ങാന്‍ തുടങ്ങി… ഒരു നിമിഷത്തിന്റെ ആവേഗത്തില്‍ ക്ലോക്കാകെ പൊട്ടിത്തെറിച്ചു… അന്തരീക്ഷത്തില്‍ സെക്കണ്ട് സൂചി മാത്രം നിന്ന് കറങ്ങി…. മുന്‍പോട്ട്… പുറകോട്ട്….

എന്നെ വീണ്ടും പനിക്കാന്‍ തുടങ്ങി.

Thursday, September 20, 2007

പേനത്തുമ്പും ചില ചിത്രങ്ങളും

“അങ്ങനെ ദാസന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.” ചെറുപ്പക്കാരന്‍ വെള്ളക്കടലാസിലേക്കു കോറിയിട്ടു.

“കൊള്ളാം.” അയാള്‍ സ്വയം പറഞ്ഞു. ഒരു കഥ തുടങ്ങുകയാണെങ്കില്‍ ഇങ്ങനെ വേണം. തുടക്കം മരണം കൊണ്ട്, അനുവാചകനില്‍ മരണം എന്ന ശാശ്വത സത്യത്തിന്റെ വിഷം കിനിയിച്ചിറക്കിക്കൊണ്ട്… അയാള്‍ ആത്മസംതൃപ്തിയില്‍ തല കുടഞ്ഞു.

മേശ മേല്‍ കടലാസുകളും, പേനകളും, എരിഞ്ഞടങ്ങിയ സിഗററ്റു കുറ്റികളും ചിതറിക്കിടന്നു.

അയാള്‍ തുടര്‍ന്നു.

ദാസന്‍ അഭ്യസ്തവിദ്യന്‍, തൊഴിലില്ലാത്തവന്‍.ദാസന്‍ മരിച്ചാല്‍……പത്രത്തിലെ ചരമക്കോളത്തില്‍ ഒരു കോളം പേജില്‍ ഒതുങ്ങുന്ന വാര്‍ത്തയാകും ദാസന്‍. ജങ്ഷനില്‍ ജടകള്‍ തൂങ്ങി നില്‍ക്കുന്ന ആത്മരത്തിന്റെ ചുവട്ടിലിരുന്ന് പത്രവാര്‍ത്ത വായിച്ച് ആള്‍ക്കാര്‍ “കഷ്ടം” എന്നര്‍ത്ഥത്തില്‍ മൂക്കിന് തുമ്പില്‍ വിരല്‍ വച്ച് അത്ഭുതം കൂറും. അവനിതിന്റെ വല്ല ആവശ്യവുമുണ്ടോ, അവനെപ്പറഞ്ഞിട്ടെന്താ, അവരല്ലേ കാരണം എന്നിങ്ങനെ പലതും ഛര്‍ദ്ദിച്ച് അവസാനം എല്ലാവരും ഇങ്ങനൊക്കെത്തന്നെ എന്നുപസംഹരിച്ച് ചായക്കടയിലെ ചെളി പിടിച്ച ഡെസ്ക്കിനു മുകളിലെ ചായയില്‍ ആഗോളവത്ക്കരണവും വിളമ്പി തൃപ്തരാകും.

വല്ല രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗത്വം ഉണ്ടായിരുന്നെങ്കില്‍ അവര്‍ ദാസനെ ഏറ്റെടുത്തേനേ… ദാസനെ രക്ത സാക്ഷിയായി പ്രഖ്യാപിച്ച് ഫണ്ട് പിരിവുകള്‍ നടത്തി ദാസനെ അവര്‍ നാലാളറിയുന്ന ആളാക്കിയേനേ… ഇതിപ്പോള്‍ ദാസന്‍ ഒരു സമവായത്തിനും വഴങ്ങാനറിയാത്ത മണ്ടനായിപ്പോയി… ആര്‍ക്കാണ് നഷ്ടം, ദാസനോ രാഷ്ട്രത്തിനോ?

ദാസന്റെ കുടുംബമോ? നെഞ്ചിന്റെ വായുഅറകള്‍ക്കു മീതെ ചുരുട്ടിയ മുഷ്ടി കൊണ്ടു മരണതാളം കൊട്ടി പതം പറഞ്ഞു തുടങ്ങുന്ന നിലവിളികളില് നിന്നും ചുമരിലെ മാലയിട്ട ചിത്രത്തിലേക്കും, നേര്‍ത്തു പോകുന്ന വേദനയിലേക്കും, ക്ലോക്കിലെ പെണ്ഡുലത്തിന്റെ ശബ്ദം പോലെ വല്ലപ്പോഴുമുള്ള ഓര്‍മ്മയിലേക്കും, വര്‍ഷത്തിലൊരിയ്ക്കല്‍ ഉരുട്ടിയ പിണ്ഡത്തിനു മീതെ വയ്ക്കുന്ന എള്ളിലേയ്ക്കും അവര്‍ ദാസനെ അവാഹിക്കും… പിന്നെ വരുന്ന ഭാഗ ഉടമ്പടികലഹങ്ങളില്‍ അവര്‍ ദാസന്റെ പേര്‍ തൊണ്ടയില്‍ കൈയ്ക്കുന്ന നീര്‍ പോലെ ഓര്‍ക്കും…

ഭാരമില്ലാത്ത മൌനം പോലെ ദാസനങ്ങനെ വായുവില്‍ നേര്‍ത്തു നേര്‍ത്ത്… ദാസന്‍ എങ്ങോട്ടോ നടന്നകന്നു… കാലടിപ്പിറകില്‍ പറക്കുന്ന പൊടിയുടെ നിറം പോലും നോക്കാന്‍ ഭയന്ന്….

ചെറുപ്പക്കാരന്‍ ഒരു സിഗററ്റിനു തീ കൊളുത്തി. വിരലുകള്‍ക്കിടയില്‍ പേന വീണ്ടും വര്‍ത്തുളമായി ചലിക്കാന്‍ തുടങ്ങി.

ഒരു പക്ഷെ ദാസന്‍ മരണശേഷം ആത്മാവായി നാടു കാണാന്‍ വന്നേക്കാം. കര്‍പ്പൂരഗന്ധമുള്ള ഒരു അര്ധ രാത്രിയിലെ പുള്ളുകള്‍ കരയുന്ന യാമത്തില്‍ രൂപമില്ലാത്ത ഒരു കരച്ചില്‍ പോലെ ദാസന്റെ ആത്മാവ് നിരത്തി വളര്‍ത്തിയ കുരങ്ങന്‍ ചെടിയുടെ തലപ്പുകളെ കാല്പാദങ്ങള്‍ കൊണ്ടു തഴുകി മുറ്റത്തു വന്നു നിന്നേക്കാം. പക്ഷെ ദാസനെ കണ്ടു പേടിച്ചു കുഞ്ഞുങ്ങള്‍ കരഞ്ഞാലോ? കുഞ്ഞുങ്ങള്‍ കരയുന്നത് ദാസന് ഇഷ്ടമുള്ള കാര്യമല്ല. ഇനി ദാസനെങ്ങാനും വരാതിരുന്നാലോ?

തന്റെ ശവമഞ്ചത്തിനു മേലെ വച്ച പൂക്കള്‍ കൊടും വെയിലില്‍ വാടുന്നതു ദാസന്‍ കാണാം. ആര്‍ക്കുമാര്‍ക്കും ആരുമില്ലാതായിപ്പോയ ഒരു രാത്രിയുടെ കല്‍പ്പടവുകളിലിരുന്ന് ദാസന്‍ ഉറക്കെക്കരഞ്ഞു.

വിരല്‍ പൊള്ളിച്ച സിഗററ്റ് ചെറുപ്പക്കാരന്‍ കുടഞ്ഞെറിഞ്ഞു. പുതിയ ഒരു സിഗററ്റിന് തീ കൊളുത്തിക്കൊണ്ടു മുറിയുടെ വാതില്‍ തുറന്ന് അയാള്‍ പുറത്തിറങ്ങി. കണ്ണിനെയാകെ വിഴുങ്ങിയ ഇരുട്ടില്‍ സിഗററ്റ് പുകച്ച് അല്‍പ്പനേരം അയാള്‍ നിന്നു. തെളിഞ്ഞു വരുന്ന റബ്ബര്‍ മരങ്ങളുടെ പ്രേതരൂപങ്ങളെ നോക്കി നോക്കി പതിയെ അയാള്‍ മുറിയില്‍ കയറി വാതില്‍ ചാരി. വാതില്‍ പാളിയില്‍ കൂടി പുറത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ട് അയാള്‍ പിറുപിറുത്തു.

“ശ്ശെടാ, സൃഷ്ടിക്ക് മാതാവിനെപ്പേടിപ്പിക്കാനെന്തവകാശം?”

കയ്യിലെ സിഗററ്റ് വലിച്ചെറിഞ്ഞ് പേനയും കടലാസുമെടുത്ത് നിര്‍ത്തിയിടത്ത് നിന്നയാള്‍ തുടങ്ങി.

“പൊടുന്നനെ ഒരു കുഞ്ഞിന്റെ കരച്ചിലും, നാണത്തിന്റെ തൊങ്ങലുകള്‍ കുടഞ്ഞിട്ട ഒരു ചിരിയും ദാസന്‍ കേട്ടു. തനിക്കു ചുറ്റും ലോകം മാറുന്നത് അത്ഭുതത്തോടെ ദാസന്‍ അറിഞ്ഞു. ജീവിക്കാന്‍ വേണ്ടി മാത്രം ഒരു മോഷ്ടാവാകാന്‍ ദാസന്‍ തീരുമാനിച്ചു.”

എഴുത്തിനടിവരയിട്ടിട്ടെഴുന്നേറ്റ് ജനലിന്റെ കര്‍ട്ടന്‍ വിരികള്‍ വലിച്ചിട്ട് മനസമാധാനത്തോടെ അയാള്‍ ഉറങ്ങാന്‍ കിടന്നു.