Thursday, October 4, 2007

പനിക്കിടക്ക

നെറ്റിയിലെ പൊള്ളലിന് മീതെ അരിച്ചിറങ്ങുന്ന നേര്ത്ത തണുപ്പ് തിരശ്ശീലത്തുണിയുടെ അറ്റത്ത് കൂടി മുടിയിലേക്ക് ഈര്‍ച്ചയായി പടരുന്നു. തല പതുക്കെ തിരിച്ച് പുറത്തേക്ക് നോക്കുമ്പോള്‍ കണ്‍കോണുകള്‍ വിങ്ങുന്നുണ്ട്. ജനലഴികള്‍ക്കപ്പുറം മഴ സൂചിത്തുമ്പ് പോലെ പെയ്തിറങ്ങുന്നു.

കട്ടില്‍ത്തലപ്പിന് മുകളില്‍ പഴയ തടിക്ലോക്കില്‍ മിനുട്ട് സൂചി ഇടവേളകളിട്ട് നീങ്ങുന്നതിന്റെ ശബ്ദം ചരല്‍ക്കല്ലുകള്‍ക്ക് മേലെ മഴ വീഴുന്ന ശബ്ദത്തിനിടയിലും കേള്‍ക്കാം. അതിന്റെ സെക്കണ്ട് സൂചി പണ്ടേ ചത്തിരിക്കുകയാണ്.

എത്ര നേരം കേട്ട്, കേട്ടങ്ങനെ കിടന്നെന്നറിയില്ല. കര തുളുമ്പിയൊഴുകുന്ന വെള്ളത്തിന് മുകളില്‍ നിരാധാരമായി ഒഴുകി നീങ്ങുമ്പോഴാണ് ഒരു നേര്‍ത്ത സ്വരം… അവ്യക്തമായി അങ്ങ് ദൂരെ നിന്ന്… പിന്നെ പതുക്കെയത് തെളിഞ്ഞു, നെറ്റിയിലെ തണുത്ത വിരല്‍ സ്പര്‍ശമായി…

“എങ്ങനുണ്ട് മോനിപ്പോള്‍” അച്ഛനാണ് നിറഞ്ഞ വാത്സല്യമായി…

“ഹേയ്… അദ്ദേഹത്തിനിപ്പോ ഒന്നുമില്ലെന്നേ… ഒരു കുഞ്ഞു പനി… അതിപ്പോ അങ്ങു മാറില്ലേ?” ശബ്ദത്തിന്റെ ഉടമയെ കാണാന്‍ കണ്ണുകള്‍ തിരഞ്ഞു.

വാസുമ്മാമ…

നിര തെറ്റിയ നന്നേ വെളുത്ത പല്ലുകള്‍ക്കിടയില്‍ കൂടി വാസുമ്മാമ ചിരിച്ചു.

“വാസുമ്മാമേ….” ഞാന്‍ പനിയുടെ ശാഠ്യം ഞരക്കമായി മാറുന്നത് അറിഞ്ഞു.

“ഇല്ല കുട്ടാ, ഇതിപ്പോ ശടേന്നങ്ങ് പോകില്ലേ” വാസുമ്മാമ എന്റെ മുടികളില്‍ തലോടി.

“ങാഹാ. വാസുവോ… കുറെ നാളായല്ലോ കണ്ടിട്ട്” അമ്മയാണ്.

വാസുമ്മാമ അമ്മയെ നോക്കി ചിരിച്ചു.

“എവിടുന്ന് കണ്ടു വാസുവിനെ?” അമ്മ അച്ഛനോട് ചോദിച്ചു.

“ദാ, ആ മുക്കില്‍ കുറെ പിള്ളേരുടെ കൂടെയിരുന്ന് നിര കളിക്കുന്നു. അവിടുന്ന് പിടിച്ച പിടിയാലേ ഇങ്ങ് കൊണ്ട് പോന്നു.”

വാസുമ്മാമ കട്ടില്‍ക്കാല്‍ക്കല്‍ വന്നിരുന്നു.

“പിന്നെ പറ… എവിടെയൊക്കെയാരുന്നു ഇപ്രാവശ്യം സഞ്ചാരം” അച്ഛന്‍ ചോദിച്ചു.

“പുരാണമൊക്കെ പിന്നെ. വിളക്കു വയ്ക്കാറായി, രണ്ടു പേരും പോയി കുളിച്ചിട്ട് വാ… അത്താഴം കഴിഞ്ഞിട്ട് മതി കഥകളൊക്കെ” അമ്മ അകത്തേക്ക് പോകുന്നതിനിടയില്‍ പറഞ്ഞു.

“ശരിയാ അളിയാ… പെങ്ങള്‍ പറയുന്ന പോലെ ഊണ് കഴിഞ്ഞിട്ട് ബാക്കി കാര്യങ്ങളൊക്കെ, വാ കുളിക്കാം.”

അതിഥി ആതിഥേയനെ ക്ഷണിക്കുന്നത് കണ്ടപ്പോള്‍ എനിക്കു ചിരി വന്നു, പനിയുടെ വരണ്ട ചിരി.

അല്‍പ്പസമയം ഞാന്‍ കണ്ണടച്ച് കിടന്ന് കാണും.

മോനേ, ദേ ഈ കഞ്ഞി കുടിച്ചേ”

ഞാന്‍ കണ്ണ് തുറന്നു.

അമ്മ പിഞ്ഞാണത്തില്‍ കഞ്ഞിയുമായി അടുത്തിരിക്കുന്നു.

“എനിക്ക് വേണ്ടമ്മേ, രുചിയില്ല”. ഞാന്‍ കൈ കൊണ്ട് കഞ്ഞിപ്പാത്രം മാറ്റാന്‍ നോക്കി.

“എന്നു പറഞ്ഞാലെങ്ങനാ… ക്ഷീണം മാറേണ്ടേ? ദേ, അമ്മ വാരിത്തരാം.”

ചൂടുള്ള കഞ്ഞി. നാവില്‍ മാങ്ങാ അച്ചാറിന്റെ പുളിയും, വിനാഗിരിയുടെ കുത്തും.

കുളിര്‍ന്ന ഒരു കാറ്റില്‍ കൈയിലെ രോമങ്ങള്‍ എഴുന്നു നിന്നു.

പുതപ്പിച്ചിട്ട് അമ്മ അകത്തേക്ക് പോയി.

എനിക്ക് പിന്നെ ഉറക്കം വന്നില്ല.

ഊണ് കഴിഞ്ഞ് അച്ഛനും, വാസുമ്മാമയും തളത്തിലേക്ക് വന്നു. രണ്ട് പേരും ഇരുന്ന് മുറുക്കുന്നത് കണ്ട് ഞാനിരുന്നു. പുറത്ത് മഴയ്ക്ക് ശക്തി കൂടാന്‍ തുടങ്ങിയിരുന്നു. അല്‍പ്പം കഴിഞ്ഞ് നേര്യതിന്‍ തുമ്പില്‍ കൈ തുടച്ച് അമ്മയും വന്ന് തൂണില്‍ ചാരി ഇരുന്നു.

വാതില്‍ക്കലേക്ക് ചെന്ന് നീട്ടിയൊന്ന് തുപ്പിയിട്ട് അച്ഛന്‍ തിരികെ വന്നിരുന്നു.

‘പിന്നെ പറയടോ, എന്തൊക്കെയാണ് തന്റ്റെ വാര്‍ത്തകള്‍?” അച്ഛന്‍ മുഖം തോളിനെ മേല്‍ ചെരിച്ച് വാസുമ്മാമയെ നോക്കി.

ആ ചോദ്യം കേള്‍ക്കാന്‍ നോക്കിയിരുന്ന പോലെ വാസുമ്മാമ രണ്ട് കാല്‍മുട്ടിലും കൈകള്‍ തിരുമ്മിപ്പിടിച്ചു കൊണ്ട് കണ്ഠശുദ്ധി വരുത്തി.

“എങ്ങോട്ടെന്നില്ലാതെ, എപ്പോഴെന്നില്ലാതെ കുറെ നടന്നു. നാടുകളെത്ര തരം, ആള്‍ക്കാരെത്ര വിധം…”

വാസുമ്മാമ കോളാമ്പിയിലേക്ക് മുറുക്കാന്‍ ചണ്ടി തുപ്പിക്കളഞ്ഞു. പിന്നെ മൊന്തയിലെ വെള്ളമെടുത്ത് ഒന്നു കുലുക്ക് കുഴിഞ്ഞു വാതില്‍ക്കല്‍ ചെന്ന് പുറത്തേക്ക് തുപ്പിക്കളഞ്ഞു.

അമ്മയുടെ മുഖത്ത് ബാക്കിയെന്തെന്ന ആകാംക്ഷ.

വാസുമ്മാമയ്ക്ക് എന്തൊക്കെയോ ദേവതാപൂജകള്‍ വശമുണ്ടെന്ന് അമ്മ പറഞ്ഞിട്ടുന്ട്. എന്തു കഴിക്കുന്നതിനും, കുടിക്കുന്നതിനും മുന്‍പ് ആരും കാണാതെ വസുമ്മാമ മൂന്ന് പ്രാവശ്യം വറ്റെടുത്ത് വിരല്‍ കൊണ്ട് നുള്ളിത്തെറുപ്പിക്കുന്നത് രഹസ്യമായി ഞാന്‍ കണ്ടിട്ടുണ്ട്.

“ഈയ്യിടെ നമ്മുടെ ആറിനപ്പുറം അമ്മേടമ്പലത്തില്‍ ഉത്സവം കഴിഞ്ഞ് രാത്രീല്‍ ഞാനിങ്ങോട്ട് വരുവാരുന്നു. സമയം ഏതാണ്ട് അര്‍ദ്ധരാത്രിയായി കാണും. ആറിന്റങ്ങേ കരേല്‍ എത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്, വള്ളക്കാരന്‍ പോയിരിക്കുന്നു. ചെറിയ നിലാവുണ്ട്… ആറിലെ വെള്ളത്തിനു മുകളില് മഞ്ഞ് പൊന്തുന്നതിങ്ങനെ കണ്ടു തന്നെ കുറേ നേരം എന്തു ചെയ്യണമെന്ന് വിചാരിച്ച് നിന്നു. അപ്പോളുണ്ട് അപ്പുറത്ത് നിന്ന് തുണിയലക്കുന്ന ശബ്ദം. ഹാവൂ, ആശ്വാസമായി, അക്കരേലാളുണ്ടല്ലോ… ഒന്നു കൂവി നോക്കി. പെട്ടെന്നാ ശബ്ദം നിന്നു. രണ്ട് നിമിഷം കഴിഞ്ഞതും വീണ്ടുമാ ശബ്ദം. പിന്നെ ഒന്നും വിചാരിച്ചില്ല. അക്കരേലാളുണ്ട്, നമുക്കറിയാവുന്ന ആറും. അങ്ങിറങ്ങി നീന്തി.”

വാസുമ്മാമ ഒന്നു നിര്‍ത്തി. ഞാന്‍ കിടക്കയില്‍ നിവര്‍ന്നിരുന്നു.

“നീന്തിയപ്പുറത്ത് ചെന്നപ്പോള്‍ അവിടെങ്ങും ആരുമില്ല. തുണിയലക്കി പോയിക്കാണുമെന്ന് വിചാരിച്ചു. തുണി പിഴിഞ്ഞുടുക്കുമ്പോളാണ്… അക്കരയില്‍ നിന്നും തുണിയലക്കുന്ന ശബ്ദം… ആദ്യം അസ്വഭാവികമായി ഒന്നും തോന്നിയില്ല. പിന്നെയാണ്, ബോധമുദിച്ചത്. നേരം അസമയമാണല്ലോ ഈശ്വരാ… അപ്പോഴുണ്ട് ആ ശബ്ദം അടുത്തടുത്ത് വരുന്നു. ദേഹത്തൂടെ ഒരു വിറയലങ്ങോട്ട് കയറി. എന്റെ ഭരദേവതേ എന്ന് വിളിച്ച് കുറ്റാക്കുറ്റിരുട്ടത്ത് എങ്ങോട്ടാണ് ഓടിയതെന്നറിയില്ല.”

നട്ടെല്ലില്‍ കൂടി എന്തോ ഇഴഞ്ഞു മുകളിലേക്ക് കയറുന്നത് പോലെ എനിക്ക് തോന്നി.

“നമ്മുടെ രവിയമ്മാവനാണ് പറഞ്ഞത്, ഭരദേവതേടെ അനുഗ്രഹം നിനക്കുണ്ട് വാസുവെ, കവടി നിരത്തി നോക്കേണ്ട ആവശ്യമൊന്നുമില്ല, അല്ലെങ്കില്‍ അങ്ങനെ ആ സമയത്ത് നിനക്കവിടെ നിന്ന് രക്ഷപെട്ട് വരാന്‍ പറ്റുമായിരുന്നില്ല.”

ഞാന്‍ എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി. അമ്മ താടിക്ക് കൈ കൊടുത്ത് ഭീതി നിറഞ്ഞ മുഖവുമായി ഇരിക്കുന്നു.

“എന്റെ കൃഷ്ണാ.” അമ്മയുടെ നെടുവീര്‍പ്പ്.

മുറ്റത്ത് നനയുന്ന ചെത്തിയേയും, തുമ്പയേയും നടുക്കിക്കൊണ്ട് ആകാശം പൊട്ടിപ്പിളര്‍ന്ന് ജനലിനപ്പുറം തീ പെയ്തിറങ്ങി.

“അച്ഛാ, ദേ ഈ മരുന്ന് കഴിച്ചേ.”

മയക്കത്തിന്റെ പാട വലിച്ച് മാറ്റാന്‍ ശ്രമിച്ച് കൊണ്ട് ഞാന്‍ കണ്ണുകള്‍ തുറന്നു.

രാധികയാണ്.

“എനിക്കങ്ങനെ പനിയൊന്നുമില്ല മോളേ” ഞാന്‍ അവള്‍ വച്ച് നീട്ടിയ മരുന്ന് നിരസിക്കാന്‍ നോക്കി.

“ആര് പറഞ്ഞു പനിയൊന്നുമില്ലെന്ന്… നല്ല ചൂടുണ്ട്… ദാ ഇതു കഴിച്ചേ.” അവള്‍ വായിലേക്ക് ഗുളികകള്‍ ഇട്ടു തന്നു.

അനുസരണയുള്ള അച്ഛനായി ഞാനതിറക്കി.

നെറ്റിയിലെ ഉണങ്ങിയ തിരശ്ശീലത്തുണിയില്‍ വെള്ളമിറ്റിച്ച്, പുതപ്പ് നേരേയിട്ടിട്ട് അവള്‍ പോയി.

ഞാന്‍ കണ്ണുകള്‍ ജനാലയഴിക്കപ്പുറത്തേക്ക് നട്ടു. പുറത്ത് അന്നത്തെ പോലെ നൂല്‍മഴ പെയ്യുന്നു.

എന്റെ ഹൃദയത്തില്‍ കൂടി ചൂട് നീരാവി ഒഴുകുന്നത് പോലെ….

ജനലഴികള്‍ക്കപ്പുറം വാസുമ്മാമ, നിരയില്ലാത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചു കൊണ്ട്…

പൊടുന്നനെ ചുമരില്‍ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ശരീരത്തില്‍ കൂടി ലാവയൊഴുകുന്നത് പോലെ എനിക്കു തോന്നി. ആ പഴയ തടി ക്ലോക്കിലെ വര്ഷങ്ങളായി നിശ്ചലമായിരുന്ന സെക്ക്ണ്ട് സൂചി വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു… സൂചി മുന്‍പോട്ടും പുറകോട്ടും നിന്നാടി… വേഗത കൂടിക്കൂടി വന്നു… മുന്‍പോട്ട്… പുറകോട്ട്… മുന്‍പോട്ട്… പുറകോട്ട്…. ഭ്രാന്തമായ വേഗത്തില്‍ സെക്കണ്ട് സൂചി കറങ്ങാന്‍ തുടങ്ങി… ഒരു നിമിഷത്തിന്റെ ആവേഗത്തില്‍ ക്ലോക്കാകെ പൊട്ടിത്തെറിച്ചു… അന്തരീക്ഷത്തില്‍ സെക്കണ്ട് സൂചി മാത്രം നിന്ന് കറങ്ങി…. മുന്‍പോട്ട്… പുറകോട്ട്….

എന്നെ വീണ്ടും പനിക്കാന്‍ തുടങ്ങി.

11 comments:

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
അവസാനഭാഗം കൂടുതല്‍ ഇഷ്‌ടപ്പെട്ടു
അഭിനന്ദനങ്ങള്‍.

സുനീഷ് said...

നന്ദി ബാജീ. കഥ, കവിത പോലെയല്ല, ഇമ്മിണി ബുദ്ധിമുട്ടാണ് കുത്തിയിരുന്നെഴുതാന് ല്ലേ…

Sanal Kumar Sasidharan said...

ഹ നല്ല സ്റ്റൈലന്‍ കഥ.കാലത്തെ അടര്‍ത്തിക്കളയുന്ന ശൈലി.പൊട്ടിച്ചിതറിയിയ്ട്ടും തനിയ്യേ നിന്നു കറങ്ങുന്ന സൂചിപോലെ കാലം ഭൂതത്തില്‍ നിന്നും വര്‍ത്തമാനത്തില്‍നിന്നും സ്വതന്ത്രമായി നിന്നു കറങ്ങ്നുന്ന കാഴ്ച്ക.

സുനീഷ് said...

നന്ദി സനാതനന്‍ മാഷേ... ഞാനതു തന്നെയാണ്‍ ഉദ്ദേശിച്ചതും... ഭൂതവും വര്‍ത്തമാനവും ഒരു സിമ്പിള്‍ പെന്‍ഡുലം പോലെ സ്വിങ്ങ്‌ ചെയ്യുന്ന ചില സമയങ്ങളില്ലേ...

കഥ എഴുതാന്‍ നല്ല ക്ഷമ വേണമെനിക്ക്‌... അതിനൊരു ഊര്‍ജ്ജമാണ്‍ ഈ കമ്മണ്റ്റുകള്‍...

Sherlock said...

സുനീഷേ..അവസാന ഭാഗം എന്തോ അങ്ങട് മനസിലായില്ല :) പിന്നെ എനിക്കു തോന്നുന്നത് കവിത എഴുതാനാണ് കൂടുതല്‍ ബുദ്ധിമുട്ടെന്ന്..

ദിലീപ് വിശ്വനാഥ് said...

നല്ല ഒരു കഥ. ഇതെന്തേ കണ്ടില്ല എന്നാലോചിക്കുന്നു ഇപ്പോള്‍.

simy nazareth said...

സുനീഷേ, നല്ല കഥ. ആസ്വദിച്ച് വായിച്ചു. സമയത്തിന്റെ പകര്‍ച്ചകള്‍ നന്നായി എഴുതിയിരിക്കുന്നു.

സനാതനന്‍ പറഞ്ഞതില്‍ക്കൂടുതലൊന്നും പറയാനില്ല. ഇടയ്ക്കിടെ കഥകളും എഴുതൂ. കവിതയില്‍ മാത്രം ഒതുക്കാതെ.

Anonymous said...

നന്നായി സുനീഷേ നല്ല ഒതുക്കം നല്ല സമീപനം. സനലിന്റെ കുറിപ്പും നന്നായി.

ഈ പോസ്റ്റൊന്നു നോക്കൂ. ഇന്ററസ്റ്റിംഗ്.

http://valapottukal.blogspot.com/2007/04/blog-post_21.html

aneeshans said...

സുനീഷ് നന്നായിരിക്കുന്നു.

ലേഖാവിജയ് said...

എന്തൊരു ഒബ്സര്‍വേഷന്‍!ഭാ‍ഷയും മനോഹരം.ആശംസകള്‍ ..

നന്ദ said...

നന്നായിരിക്കുന്നു..